ഇന്നത്തെ കാലത്ത് കല്യാണം കളറാക്കാൻ എല്ലാവരും തിരഞ്ഞെടുക്കുന്ന ഒരു ട്രെൻഡാണ് ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങ്. ആളുകളെ ആകർഷിക്കുന്ന അതിമനോഹരമായ സ്ഥലങ്ങളാണ് പലപ്പോഴും വധൂവരന്മാർ തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ ഒരു വേറിട്ട വെഡിംഗ് ട്രെൻഡിനെ പറ്റി നിങ്ങൾ അറിഞ്ഞോ? ഒരു പശുത്തൊഴുത്ത് ഡെസ്റ്റിനേഷനായി ആരെങ്കിലും തിരഞ്ഞെടുക്കുമോ? എന്നാൽ അത്തരത്തിൽ ഒരു കല്യാണം നടക്കാന്‍ പോവുകയാണ്, അതും ഒരു പശുത്തൊഴുത്തിൽ. ജനുവരി 22ന് മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് വിവാഹം നടക്കുക.

പരിസ്ഥിതി സൗഹൃദപരമായാണ് ഇത്തരത്തിൽ ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിനായി പശുത്തൊഴുത്ത് തിരഞ്ഞെടുത്തതെന്നാണ് വിവരം. ലാൽ തിപാര ആദർശ് ഗോശാലയിലാണ് വിവാഹം നടക്കുക. 20ലക്ഷം രൂപ മുതൽമുടക്കിലാണ് ഈ ഗോശാല കൾച്ചറൽ പവലിയനായി വികസിപ്പിച്ചത്. ഇവിടെ നടക്കുന്ന ആദ്യത്തെ ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങ് കൂടിയാണ് ഇത്. അതിഥികൾക്കു ഭക്ഷണം നൽകുന്നതിനു മുൻപ് പശുക്കൾക്കു പുല്ല് നൽകണമെന്നത് സംസ്കാരത്തിന്റെ ഭാഗമാണെന്ന് ഇവർ പറയുന്നു.

സാംസ്കാരിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനായാണ് ഡെസ്റ്റിനേഷൻ വെഡ്ഡിങ് വേദിയായി പശുത്തൊഴുത്ത് തിരഞ്ഞെടുത്തതെന്ന് വധൂവരന്മാർ പറഞ്ഞു. പാരമ്പര്യമൂല്യങ്ങളും പരമ്പരാഗത ശൈലിയും ഉയർത്തിപ്പിടിച്ചാണ് വിവാഹം നടത്തുക.
കാളവണ്ടിയിലാണ് വിവാഹ ഘോഷയാത്ര നടക്കുന്നത്. ഇലകൊണ്ട് നിർമിച്ച പാത്രങ്ങളിലാണ് ഭക്ഷണം വിളമ്പുക. ഭക്ഷണം നിലത്തിരുന്നു കഴിക്കണം. വൈദ്യുതി ചെലവു കുറയ്ക്കുന്നതിനായി പകൽ സമയത്താണ് വിവാഹം നടക്കുന്നത്. അതിഥികൾക്കായി പുല്ലുകൊണ്ടുള്ള ഇരുപ്പിടമാണ് ഒരുക്കിയിരിക്കുന്നത്. കല്യാണത്തിന് എത്തുന്ന അതിഥികൾക്ക് താമസിക്കുന്നതിനായി നാൽപതോളം കുടിലുകളും ഒരുക്കിയിട്ടുണ്ട്.
