തിരുവനന്തപുരം: പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വമെന്ന് എഡിജിപി എം ആർ അജിത് കുമാറിൻ്റെ റിപ്പോർട്ട്.നേരത്തെ എം ആർ അജിത് കുമാർ നൽകിയ ഈ റിപ്പോർട്ട് ഡിജിപി തള്ളിയിരുന്നു
തിരുവമ്പാടി ദേവസ്വം പൂരം അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് പൊലീസിന് വീഴ്ചയൊന്നും സംഭവിച്ചിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. തിരുവമ്പാടി ദേവസ്വം ഭാരവാഹികളുടെ പേരടക്കം പരാമർശിച്ചു കൊണ്ടാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടിന് വേണ്ടി പൂരം കലക്കിയെന്ന നിലയിലുള്ള സൂചനകളും റിപ്പോർട്ടിലുണ്ട്.. എന്നാൽ ആർക്ക് വേണ്ടിയാണ് പൂരം കലക്കിയതെന്ന് റിപ്പോർട്ടിൽ വ്യക്തമായി സൂചിപ്പിച്ചിട്ടില്ല. ബിജെപി നേതാവിൻ്റെയും ആർഎസ്എസിൻ്റെയും പേര് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്‍. ജില്ലാ ഭരണകൂടത്തിനും പൊലീസിനും ക്ലീൻ ചിറ്റ് നൽകുന്നതാണ് റിപ്പോർട്ട്.
ജില്ലാ ഭരണകൂടത്തിന് ഒരു കാരണവശാലും നിയമപരമായി നടപ്പിലാക്കുവാൻ സാധ്യമല്ലായെന്ന് പൂർണ്ണമായും മനസ്സിലാക്കി തങ്ങളുടെ ഏതോ സ്ഥാപിത താൽപ്പര്യങ്ങൾക്ക് വേണ്ടി തിരുവമ്പാടി ദേവസ്വം പ്രവർത്തിച്ചുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. സർക്കാർ സംവിധാനത്തിന് ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്ത ആവശ്യങ്ങൾ ഉന്നയിച്ചാണ് തിരുവമ്പാടി ദേവസ്വം പൂരം നിർത്തിവെച്ചത്. ഇതിൽ നിന്നും പൂരം നടത്തുകയായിരുന്നില്ല, തൊടുന്യായങ്ങൾ ഉന്നയിച്ച് മനഃപൂർവ്വം പൂരം അട്ടിമറിക്കുകയാണ് ചെയ്തതെന്ന് സുവ്യക്തമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
വസ്തുതകളുടെയും സാക്ഷിമൊഴികളുടെയും രേഖകളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലും ഇതുമായി ബന്ധപ്പെട്ട് നടത്തിയ മറ്റ് അന്വേഷണങ്ങളുടെ അടിസ്ഥാനത്തിലും പൊലീസിന് വീഴ്ച വന്നിട്ടില്ലെന്നാണ് റിപ്പോർട്ട് അസന്നിഗ്ധമായി വ്യക്തമാക്കുന്നത്. പൊലീസ് പൂരം തടയുകയോ, ആചാരലംഘനം നടത്തുകയോ, പൂരത്തിനൊപ്പമുള്ള കമ്മിറ്റിക്കാർ ഉൾപ്പെടെയുള്ള ആളുകളെ തടയുകയോ ചെയ്തിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു. അപകടങ്ങൾ ഒന്നുമില്ലാതെ ആചാരങ്ങൾ എല്ലാം പാലിച്ചുകൊണ്ട് സുഗമമായി നടത്താനുള്ള സൗകര്യം ഒരുക്കുകയാണ് പൊലീസ് ചെയ്തതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.
തൊട്ടടുത്ത് വരുന്ന 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ ബാധിക്കുന്ന രീതിയിൽ ഈ വിഷയം ഉയർത്തി കൊണ്ടു വന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരാഴ്ച മുന്നേ ലഭിച്ച അവസരം സർക്കാർ വിരുദ്ധവിഭാഗങ്ങളും തല്പ്പര കക്ഷികളും മറ്റ് രാഷ്ട്രീയ പാർട്ടികളും വിഷയ ലാഭത്തിനായി സംസ്ഥാന സർക്കാരിനെതിരെ വികാരം ഉണ്ടാക്കുവാനും ഇത് തിരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിക്കാനും ശ്രമിച്ചുണ്ടെന്ന് വ്യക്തമാണെന്നും റിപ്പോർട്ട് പറയുന്നു.



