പട്ടാമ്പിയിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും ലക്ഷങ്ങളുടെ പണം തിരിമറി നടത്തിയ കേസിൽ മനേജരും അസി. മാനേജരും അറസ്റ്റിൽ
മേലെ പട്ടാമ്പി സാഗർ ബിൽഡിങ്ങിലെ തേജസ് സൂര്യ ഫിനാൻസ്, സൂര്യ നിധി ലിമിറ്റഡ് എന്നിവിടങ്ങളിലാണ് ഒന്നരക്കോടി രൂപയുടെ തിരിമറി നടന്നത്.
സ്ഥാപനത്തിലെ ജീവനക്കാരായ ചിലർ കഴിഞ്ഞ ഒന്നര വർഷത്തിനിടെ കണക്കുകളിൽ തിരിമറി നടത്തി ഒന്നര കോടിയോളം രൂപ തട്ടിയെടുത്തതായാണ് പരാതി. രേഖകളിൽ കൃത്രിമം കാണിച്ചും സ്വർണ്ണം പണയം വെച്ചതായി കാണിച്ചു കൊണ്ടും വൻ തട്ടിപ്പ് നടത്തിയതായി പൊലീസിന് തെളിവുകൾ ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.
ഒളിവിലായിരുന്ന പ്രതികളെ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ പിടികൂടുകയായിരുന്നു. കേസിൽ അന്വേഷണം തുടർന്ന് വരുന്നതായും കൂടുതൽ ആളുകൾക്ക് തട്ടിപ്പിൽ പങ്കുണ്ടോ എന്നുള്ള കാര്യം പരിശോധിച്ച് വരുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.