വയനാട് ദുരന്തസ്ഥലം കണ്ടുമടങ്ങിയ ആൾ കുഴഞ്ഞുവീണ് മരിച്ചു. മരിച്ചത് ചൂരൽമല പാലക്കോടൻ വീട്ടിൽ കുഞ്ഞുമുഹമ്മദ്. ഇന്നലെയാണ് അദ്ദേഹം ദുരന്തം ബാധിച്ച മേഖലയിൽ എത്തിയത്. ദുരന്തമേഖല കണ്ടുമടങ്ങിയ ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉള്ളയാളാണ് ഇദ്ദേഹം.
വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിൽ നിന്നും ബന്ധു വീട്ടിലേക്ക് താമസം മാറിയയാളാണ് കുഞ്ഞു മുഹമ്മദ്. ജീപ്പ് ഡ്രൈവറായിരുന്നു. ആരോഗ്യ പ്രശ്നങ്ങളുള്ള ആളായിരുന്നു എന്നാണ് വിവരം. ദുരന്തത്തിന് കടുത്ത മനോവിഷമത്തിലായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടിയടക്കം പൂർത്തീകരിച്ച ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.