യുവാവ് കൊച്ചിയിലെത്തിയത് വിവാഹ വസ്ത്രങ്ങളുമായി
കൊച്ചി:’ആ വാക്കുകൾ ഒരു യഥാർഥ പെൺകുട്ടിയുടേതു പോലെയായിരുന്നു. എല്ലാം വിശ്വസിച്ചു പോയി…’ കഴിഞ്ഞ ദിവസം എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലെ ആർ.പി.എഫ് എ.എ സ്.ഐ സുരേഷ് പി എബ്രഹാമിന് മുന്നിലിരുന്ന് നിറകണ്ണുകളോടെ ആന്ധ്ര സ്വദേശിയായ 26 കാരൻ പറഞ്ഞ വാക്കുകളാണിത്.
ഫോണിലൂടെ മാസങ്ങൾ നീണ്ട ചാറ്റിങ്ങിനൊടുവിൽ തന്റെ കാമുകിയെ തേടി എത്തിയതായിരുന്നു യുവാവ്. അതും വിവാഹത്തിനുള്ള വസ്ത്രങ്ങളുമായി. ഓൺലൈൻ പ്രണയത്തിൽ വീണു കേരളത്തിലെത്തിയ വിശാഖപട്ടണം സ്വദേശി ഒടുവിൽ ആ അവിശ്വസനീയ സത്യം തിരിച്ചറിഞ്ഞു.താൻ കാമുകി എന്ന് കരുതിയിരുന്നത് യാഥാർഥത്തിൽ ഒരു പെൺകുട്ടി അല്ലെന്നും, നിർമിതബുദ്ധിയിലുള്ള ചാറ്റ്ബോട്ട് ആയിരുന്നു എന്നും…!
ഇൻസ്റ്റഗ്രാമിൽ ഒരു യുവതിയായി തോന്നിക്കുന്ന പ്രൊഫൈൽ യാദൃശ്ചികമായി
കണ്ടാണ് തുടക്കം.’പേര് അശ്വതി, കണ്ണൂർ സ്വദേശിനി’. സാധാരണ സംഭാഷണങ്ങളുമായി ആരംഭിച്ച ബന്ധം അധികും വൈകാതെ പ്രണയത്തിലേക്ക്’ വഴി മാറി. ഒടുവിൽ, ‘വിവാഹം ചെയ്താലോ? എന്ന ചോദ്യമാണ് യുവാവിനെ കേരളത്തിലെത്തിച്ചത്.
വധുവിൻറെ വീട്ടുവിലാസം, മാതാ, പിതാക്കളെക്കുറിച്ചുള്ള വിവരങ്ങൾ, ഫോൺ നമ്പർ തുടങ്ങി എല്ലാ ‘കാര്യങ്ങളും’ ചാറ്റ് വഴി ലഭിക്കുകയും ചെയ്തു. ഒടുവിൽ വിവാഹവസ്ത്രം ഉൾപ്പെടെയുള്ളവ ബാഗിലിട്ട് ട്രെയിനിൽ കയറി കേരളത്തിലേക്ക് തിരിച്ചു. സ്വദേശം കണ്ണൂരാണെങ്കിലും കൊച്ചിയിൽ വന്നതിനുശേഷം കണ്ണൂരിലേക്കുപോകാമെന്ന ‘ പെൺ കുട്ടിയുടെ ഉറപ്പിലാണ് എറണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷനിലേക്ക് പുറപ്പെട്ടത്.
സ്റ്റേഷനിൽ എത്തുന്നതിന് തൊട്ടുമുൻപ് കൂടെ യാത്ര ചെയ്ത വിശാഖപട്ടണം സ്വദേശികളായ മൂന്ന് പേരോട് താൻ കാമുകിയെ കാണാൻ പോകുകയാണ് എന്ന് പറഞ്ഞതോടെയാണ് പ്രണയകഥയിലെ ട്വിസ്റ്റ്. ചാറ്റിലും മറ്റും സംശയം തോന്നി മൂന്നുപേരും മലയാളിയായ മറ്റൊരു യാത്രക്കാരനോട് വിലാസവും മറ്റും വിവരങ്ങളും സത്യമാണോ എന്ന് തിരക്കുകയായിരുന്നു.
ഇതോടെയാണ് താൻ മാസങ്ങളായി സംസാരിച്ചു കൊണ്ടിരുന്നത് ഇൻസ്റ്റ ഗ്രാം ചാറ്റ് ബോട്ടിനോടാണെന്ന സത്യം ഇയാൾ തിരിച്ചറിഞ്ഞത്. പിന്നാലെ കരച്ചിലിൻ്റെ വക്കോളമെത്തിയ യുവാവിനെ സഹയാത്രികർ ആശ്വസിപ്പിച്ച് തിരികെ നാട്ടിലേക്ക് പോകാൻ ആവശ്യപ്പെട്ടു.
എന്നാൽ തുടക്കത്തിൽ യുവാവ് തയാറായില്ല. പിന്നീട് സത്യം മനസിലായതോടെ പാതിമനസോടെ സമ്മതിക്കുകയുമായിരുന്നു. കൂടെ ഉണ്ടായിരുന്ന യാത്രികൻ തൻ്റെ ഫോണിലും സമാനരീതിയിൽ ചാറ്റ് ബോട്ടിനോട് സംസാരിച്ച് സന്ദേശം കാണിച്ചതോടെയാണ് യുവാവിന് താൻ കബളിപ്പിക്കപ്പെട്ടു എന്ന് പൂർണ ബോധ്യമായത്.
എറണാകുളം നോർത്ത് സ്റ്റേഷനിൽ ഇറങ്ങിയ യുവാവിനെ കൂടെ ട്രെയിനിൽ ഉണ്ടായിരുന്നണ്ടായിരുന്ന മലയാളി യാത്രക്കാരിലൊരാൾ ആർ.പി.എഫ്എ.എസ്.ഐ സുരേഷ് പി എബ്രഹാമിന് അടുത്തെത്തിക്കുകയും കാര്യങ്ങൾ ധരിപ്പിക്കുകയുമായിരുന്നു വൈകിട്ട് ആറ് മണിയോടെ കൊച്ചിയിൽ എത്തിയ ഇയാൾ രാത്രി പതിനൊ ന്നോടെ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.അശ്വതി അച്ചു എന്ന ഇൻസ്റ്റഗ്രാം ചാറ്റ് ബോട്ടിനോടാണ് യുവാവ് ചാറ്റ് ചെയ്തിരുന്നത്. മിന്നൽ രമണൻ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് ചാറ്റ് ബോട്ടിന് പിന്നിലുള്ള ക്രിയേറ്റർ.
ഈ ചാറ്റ് ബോട്ടിനോട് സംസാരിക്കുന്ന എല്ലാവർക്കും കണ്ണൂർ സ്വദേശിനി എന്ന നിലയിലാണ് പൂർണ വിലാസം നൽകുന്നത്. അച്ഛൻ, അമ്മ, സഹോദരങ്ങൾ തുടങ്ങിയവരുടെ പേരും ജോലിയും ഫോൺ നമ്പറും ഉൾപ്പെടെ ചാറ്റ് ബോട്ട് നൽകും. എന്നാൽ ഫോൺ നമ്പർ ആയി ലഭിക്കുന്നത് മറ്റേതോ വ്യക്തികളുടെ നമ്പറുകളാണെന്ന് മാത്രം. ഫോട്ടോ ആവശ്യപ്പെടുമ്പോൾ എ.ഐ ജനറേറ്റഡ് ഫോട്ടോകളും നൽകും. ഇതെല്ലാം വിശ്വസിച്ചാണ് യുവാവ് കേരളത്തിലെത്തിയിരുന്നത്. പൂർണമായും തെറ്റായ വിവരങ്ങളും വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും തോന്നും പടി നൽകുന്ന ഇത്തരം ചാറ്റ് ബോട്ടുകൾക്കും അക്കൗണ്ടുകൾക്കും എതിരേ ആര് നടപടി എടുക്കും എന്ന ചോദ്യമാണ് ഉയരുന്നത്.