മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍റെ വിവാദ ഭാഗങ്ങള്‍ റീ സെൻസർ ചെയ്യാൻ സെന്‍സര്‍ ബോര്‍ഡ്. മാറ്റങ്ങൾ അടുത്തയാഴ്ചയോടെ പൂർത്തിയാകും. ഇതിന് ശേഷം ചിത്രം തിയേറ്ററിൽ എത്തും. 17 രംഗങ്ങൾ ചിത്രത്തിൽ നിന്നും മാറ്റാൻ ധാരണയായിട്ടുണ്ട്. ഗുജറാത്ത് കലാപം അടക്കം സംഘപരിവാറിന് ഇഷ്ടപ്പെടാത്ത 17 രംഗങ്ങളിൽ മാറ്റം വരുത്തിയേക്കും. മാറ്റം വരുത്തിയ പതിപ്പ് സെൻസർ ബോർഡ് പരിശോധിക്കും.
വ്യാഴാഴ്ചയായിരുന്നു എമ്പുരാന്‍ ലോകവ്യാപകമായി തീയറ്ററുകളില്‍ റിലീസ് ചെയ്തത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെയാണ് വിവാദവും പൊട്ടിപ്പുറപ്പെട്ടു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തുകയായിരുന്നു.
ഇതോടെ ചില രംഗങ്ങൾ മാറ്റാനും ചില പരാമർശങ്ങൾ മ്യൂട്ട് ചെയ്യാനുമാണ് തീരുമാനം. കലാപത്തിന്റെ ദൃശ്യങ്ങൾ മാറ്റുന്നതിനോടൊപ്പം വില്ലൻ കഥാപാത്രത്തിന്റ പേരും മാറും. രണ്ട് ദിവസം കൊണ്ട് നൂറുകോടി ക്ലബ്ബിൽ കയറിയ സിനിമ വൻ ജനപിന്തുണയുമായി തിയറ്ററുകളിൽ മുന്നേറ്റം നടത്തുമ്പോഴാണ് സംഘപരിവാർ കനത്ത പ്രതിഷേധവുമായി രംഗത്തെത്തിയത്.
അതേസമയം, എമ്പുരാൻ ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സിനിമയാണെന്ന് ആർ എസ് എസ് മുഖവാരിക ഓർഗനൈസർ ആരോപിച്ചിരുന്നു. ഈ നിലയില്‍ ദേശീയ തലത്തില്‍ സിനിമ തുറന്നുകാട്ടപ്പെടണം എന്നതില്‍ സംശയമില്ലെന്നും ഓർഗനൈസർ ലേഖനത്തിലുണ്ട്. നായകൻ മോഹൻലാലിനും സംവിധായകൻ പൃഥ്വിരാജിനും തിരക്കഥാകൃത്ത് മുരളി ഗോപിക്കുമെതിരെ രൂക്ഷ വിമർശമാണ് ഓർഗനൈസർ അഴിച്ചുവിട്ടത്. ഹിന്ദുക്കളെ ആക്രമണകാരികളായി ചിത്രീകരിക്കുന്നതും ബി ജെ പി അനുയായികളെ പൈശാചികവത്കരിക്കുന്നതും സെന്‍സിറ്റീവ് ചരിത്ര സംഭവങ്ങളുടെ ചിത്രീകരണത്തിന് ഇന്ത്യന്‍ സിനിമയിൽ അപകടകരമായ മാതൃക സൃഷ്ടിക്കുന്നു എന്നുമാണ് ഓർഗനൈസറിന്‍റെ വാദം.
എന്നാൽ സംഘപരിവാറുകാരുടെ ഓലപ്പാമ്പ് കണ്ടും ഇവിടെയാരും ഭയപ്പെടുകയോ പുറകോട്ട് പോവുകയോ ചെയ്യേണ്ടതില്ലെന്നും മതനിരപേക്ഷത സംരക്ഷിക്കാൻ കേരളം ഒറ്റക്കെട്ടായി ഉണ്ടാവുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് എമ്പുരാൻ അണിയറ പ്രവർത്തകർക്ക് പിന്തുണയുമായെത്തി. ബാബറി സംഭവത്തിന് ശേഷം ഇന്ത്യയിൽ ഏറ്റവും വിധ്വംസകമായ വർഗ്ഗീയ കലാപവും വംശഹത്യയുമായിരുന്നു 2002-ൽ നരേന്ദ്ര മോദി ഭരണത്തിന് കീഴിൽ ഗുജറാത്തിൽ നടമാടിയത്. സംസ്ഥാനം ഭരിക്കുന്ന പാർടിയുടെയും നേതാക്കളുടെയും അനുഗ്രഹാശിസുകളോടെ ഹിന്ദുത്വ തീവ്രവാദികൾ മുസ്‌ലീങ്ങൾക്ക് നേരെ ക്രൂരമായ അക്രമണ പരമ്പരയും കൊലപാതകവും അഴിച്ചു വിട്ടു. തന്നെ രണ്ട് ദിവസം ജയിൽ മോചിതനാക്കിയാൽ ഇനിയും ആയിരക്കണക്കിന് മുസ്ലീങ്ങളെ കൊന്നിട്ട് വരാം എന്ന് ആഹ്ലാദത്തോടെ അലറിയ ബാബു ബംജ്രംഗിയെ പോലുള്ള വംശഹത്യയിലെ പ്രതികളെ ഇന്നും സംരക്ഷിക്കുന്ന ഭരണകൂടമാണ് ഗുജറാത്തിലെ ബിജെപി ഗവണ്മെന്‍റെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് തുറന്നടിച്ചു.