ഓര്‍മയുടെ ഫ്രെയിമിലേക്ക് വിക്ടർ ജോർജ് മറഞ്ഞിട്ട് ഇന്ന് 23 വര്‍ഷം. ഇടുക്കി വെണ്ണിയാനി മലയിലുണ്ടായ ഉരുള്‍പൊട്ടലിന്‍റെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെ മണ്ണിടിച്ചിലില്‍പെട്ടാണ് വിക്ടറിന്‍റെ ജീവന്‍ പൊലിഞ്ഞത്. ജോലിക്കിടെ മരണം കവര്‍ന്ന ആദ്യ മലയാളി പത്രപ്രവര്‍ത്തകനാണ് വിക്ടര്‍ ജോര്‍ജ്. ഓരോ മഴക്കാലത്തും മലയാള മനോരമയ്ക്കൊപ്പം പ്രവര്‍ത്തിച്ച വിക്ടര്‍ ജോര്‍ജ് എന്ന ഫോട്ടോ ജേര്‍ണലിസ്റ്റിനെ മലയാളി ഓർക്കുമെന്നുറപ്പാണ്. 2001 ജൂലൈയിലെ ആ പെരുമഴക്കാലത്ത് വെള്ളിയാനി മലയിലെ ഉരുൾ പൊട്ടലിന്‍റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ പ്രിയപ്പെട്ട നിക്കോണ്‍ എഫ് ത്രി ക്യാമറയുമായി പുറപ്പെട്ടതായിരുന്നു വിക്ടര്‍. ജീവിതത്തിന്റെ അവസാന ഫ്രെയിമില്‍ നിന്ന്, ഒരു കുടയും ചൂടി. തോരാത്ത മഴയും ഉരുള്‍പൊട്ടലിന്‍റെ ഭീകരതയും തുടരെത്തുടരെ വിക്ടറിന്റെ ക്യാമറയില്‍ പതിഞ്ഞുകൊണ്ടിരുന്നു. രൗദ്രഭാവത്തില്‍ പൊട്ടിവരുന്ന ഉരുള്‍ ഒരു പക്ഷേ വിക്ടര്‍ കണ്ടുകാണില്ല. കല്ലും വെള്ളവും കുത്തിയൊലിച്ച ആ ഹുങ്കാരത്തില്‍ വിക്ടര്‍ പുറകിലേക്ക് മറിഞ്ഞുവീണു. നിക്കോണ്‍ എഫ് ത്രി ക്യാമറ ദൂരേക്ക് തെറിച്ചുപോയി. രണ്ടാം ദിവസമാണ് വിക്ടറിന്റെ ഭൗതികശരീരം കണ്ടെത്തിയത്. വാഷിങ്ടണിലെ ന്യൂസിയത്തിലെ ജേണലിസ്റ്റ് മെമ്മോറിയൽ വോളിൽ വിക്ടർ ജോർജിനും ഒരിടമുണ്ട്. ജോലിക്കിടെ മരണം കവർന്ന മാധ്യമപ്രവർത്തകർക്ക് ആദരമർപ്പിച്ചുള്ളതാണ് ന്യൂസിയത്തിലെ ആ മെമ്മോറിയൽ വോൾ. ഇറ്റ്സ് റെയ്നിങ് എന്നാണ് വിക്ടറിന്റെ മഴച്ചിത്രങ്ങളുടെ പുസ്തകത്തിനിട്ട പേര്. അകാലത്തില്‍ പൊലിഞ്ഞ പ്രതിഭയ്ക്ക് പ്രണാമം.