എം. ടി.സനിത
“സുപ്രഭാതം…
സുപ്രഭാതം…
നീലഗിരിയുടെ സഖികളെ…”
കഴുത്തിൽ ഷാൾ ഒക്കെയിട്ട് നസീർ പാടിയപ്പോൾ ഞാൻ വിസ്‌മയക്കുട്ടി ആയി. ഓർമ്മയിലെ ആദ്യ പ്രേംനസീർ ചിത്രം പണിതീരാത്ത വീട് ആയിരുന്നു .ഇത്രയും സുന്ദരനും സൽസ്വഭാവിയും ആയ നസീർ സുന്ദരമായി പാടുന്നു ,ആദ്യ കാഴ്ച്ചയിൽത്തന്നെ എനിക്ക് അദ്ദേഹത്തെ അടിമുടി ഇഷ്ട്ടമായി .ആ ഇഷ്ട്ടം ഇന്നും ഉള്ളിലുണ്ട് ഒരു തരി പോലും കുറയാതെ .
ഏഴിലോ എട്ടിലോ പഠിക്കുമ്പോൾ മാതൃഭൂമി പത്രത്തിൽ കണ്ട ഒരു കളർ ഫോട്ടോയിലാണ് അദ്ദേഹം മരിച്ചു എന്നറിഞ്ഞത് .സത്യൻ ആരാധകനായിരുന്ന അച്ഛന്റെ മോൾ ആയിരുന്നിട്ടും ഞാനും അമ്മച്ചിയും ചേച്ചിയും നസീറിനെ ഇഷ്ട്ടപ്പെട്ടു.
അന്നൊക്കെ ദൂരദർശനിൽ മാത്രമേ ഞങ്ങൾ സിനിമകൾ കണ്ടിരുന്നുള്ളൂ .ഞായർ ദിവസങ്ങളിൽ ഉച്ചക്ക് പന്ത്രണ്ടരയുടെ സ്‌മൃതിലയത്തിൽ ഷീലക്കും ശാരദക്കും ജയഭാരതിക്കും വിജയശ്രീക്കുമൊപ്പം നസീർ പാട്ടുപാടി ഡാൻസ് ചെയ്തു .
നദി സിനിമയിൽ ബേബി സുമതിയെ നസീർ കൊഞ്ചിച്ചപ്പോൾ ഞാനും കൂടെ കൊഞ്ചി .എന്നെയാണ് നസീർ എടുത്തു ഓമനിക്കുന്നതു എന്നോർത്ത് അന്ന് ഞാൻ കുടുകുട ചിരിച്ചു.
പിന്നെ മുതിർന്നപ്പോൾ ആയിരുന്നു കടത്തനാടൻ അമ്പാടിയും ധ്വനിയും തിയേറ്ററിൽ പോയി കണ്ടത് .രണ്ടിലും നായകന്മാരൊക്കെ വേറെ ഉണ്ടെങ്കിലും നസീറിനെ സ്‌ക്രീനിൽ കണ്ടപ്പോൾ മുതൽ അദ്ദേഹത്തിൽ മാത്രമായി ശ്രദ്ധ .കളർ സ്‌ക്രീനിൽ അദ്ദേഹം എത്രയോ സുന്ദരൻ ആയിരുന്നു .പാട്ടു സീനുകളിൽ അഭിനയിക്കുമ്പോൾ ലിപ് മൂവ്മെന്റിൽ എല്ലാ നായകൻമാരെയും അദ്ദേഹം ബഹുദൂരം പിന്നിലാക്കി .സംഗീതം ഉള്ളിലുള്ള ഒരാൾക്ക് മാത്രം സ്വായത്തമാകുന്ന ആ മാന്ത്രികത നസീറിൽ ഭദ്രമായിരുന്നു .
ശാർക്കര അമ്പലത്തിൽ ആനയെ നടക്കിരുത്തിയും പൊട്ടിപ്പോയ പടങ്ങളുടെ നിർമ്മാതാക്കളെ രക്ഷിക്കാനായി അടുത്ത പടത്തിൽ കോൾ ഷീറ്റ് കൊടുത്തുകൊണ്ട് അദ്ദേഹം മനുഷ്യനായി ജീവിച്ചു എന്ന് ഏറെ വാർത്തകൾ കേട്ടു.
പ്രേനസീറിന്റെ ആത്മകഥ ഈ അടുത്ത് വാർത്തകളിൽ നിറഞ്ഞുവല്ലോ. ഒരുകാലത്തു എല്ലാവരുടെയും പ്രിയപ്പെട്ടവൻ ആയിരുന്നൊരാളെ പലരും മറന്നു പോയെന്നു നടിക്കുന്ന നാട്ടിൽ ആ ആത്മകഥ വേണ്ടി വന്നു വീണ്ടും അദ്ദേഹം വാർത്തകളിൽ നിറയാൻ.
യുവനടന്മാരായി ജയൻ സോമൻ സുകുമാരൻ എന്നിവർക്കൊപ്പവും നസീർ അഭിനയലോകത്തു ചക്രവർത്തിയായി തുടർന്നു.
നീണ്ട മുപ്പത്തഞ്ചു വർഷങ്ങൾ പ്രേനസീറിന്റെ ദിനരാത്രങ്ങൾ മലയാളസിനിമക്കൊപ്പം മാത്രം ആയിരുന്നു ഉണ്ടുറങ്ങിയിരുന്നത്. ആ സ്പെസിൽ ആയിരുന്നു മമ്മൂട്ടിയും മോഹൻലാലും സ്റ്റാർഡത്തിലേക്കു ഉദിച്ചുയർന്നത്.
കോൾ ഷീറ്റിനായി കാത്തു നിൽക്കുന്ന നിർമ്മാതാക്കളുടെ നീണ്ട നിര മാത്രം കണ്ടു ശീലിച്ച പ്രേം നസീർ അതോടെ ജീവിതത്തിലെ ചിട്ടവട്ടങ്ങൾ മാറ്റാൻ നിർബന്ധിതനായി.
”ഈ മനോഹര തീരത്തു തരുമോ
ഇനിയൊരു ജന്മം കൂടി…”
എന്ന വരികളിൽ പാടി അഭിനയിച്ച നസീർ ആ വരികൾ തന്നെയാവും ഒടുവിൽ ആഗ്രഹിച്ചതും.
മുപ്പത്തഞ്ചു വർഷങ്ങൾ ആയി പ്രേംനസീർ എന്ന പ്രതിഭ നമുക്കിടയിൽ നിന്നും അരങ്ങൊഴിഞ്ഞിട്ടു . ഇന്നും ഏതെങ്കിലും ഒരു നസീർ സിനിമ നസീർപാട്ടു ഒന്നും ഇല്ലാതെ നമ്മുടെ ദിവസങ്ങൾ അവസാനിക്കുന്നില്ല…
നസീറിന്റെ വലിയ ഛായാചിത്രം ഞാൻ മനസ്സിൽ ചില്ലിട്ടു വെച്ചിട്ടുണ്ട് .മറവിയുടെ മാറാല കെട്ടാതെ …
എം. ടി.സനിത