Friday, September 13, 2024
HomeBlogഞാൻ കണ്ട ഗന്ധർവ്വൻ
spot_img

ഞാൻ കണ്ട ഗന്ധർവ്വൻ

”നീ മരിച്ചതായി ഞാനും ഞാൻ മരിച്ചതായി നീയും കരുതുക തമ്മിൽ കാണുക എന്നൊന്ന് ഇനി ഉണ്ടാവുകയില്ല ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക” – ലോല എന്ന ഈ ചെറുകഥയാണ് ഇദേഹത്തിന്റെ ആദ്യ സൃഷ്ടി.


എം .ടി സനിത

മനസ്സിൽ പ്രണയമുള്ള ഏതൊരാളും ഒരു പത്മരാജൻഫാൻ ആയിരിക്കും. ഞാനും അതേയ് കട്ട ഫാൻ ആണ്. നമ്മുടെയെല്ലാം മനസിലെ ഗന്ധർവ സാനിദ്ധ്യമായിരുന്നു പത്മരാജൻ. ഗുൽമോഹറുകൾ വീണ ഇടവഴികളിൽ ഒരു നില തെറ്റിയ കാഴ്‌ച ആയി ആ പ്രണയസൂര്യൻ അസ്‌തമിക്കും വരേയ്ക്കും കാല്പനികതയുടെ ആൾരൂപങ്ങൾ ആയിരുന്നു അദ്ദേഹത്തിന്റെ ചെറുകഥകളും സിനിമകളും.


എക്കാലവും പ്രണയികൾ ഓർമ്മിക്കുന്ന ഒരു വാക്യമാണ് നീ മരിച്ചതായി ഞാനും ഞാൻ മരിച്ചതായി നീയും കരുതുക തമ്മിൽ കാണുക എന്നൊന്ന് ഇനി ഉണ്ടാവുകയില്ല ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക – ലോല എന്ന ഈ ചെറുകഥയാണ് ഇദേഹത്തിന്റെ ആദ്യ സൃഷ്ടി. കഥാസാഹിത്യത്തിലെ ആധുനികതയുടെ നാമ്പുകൾ ആയിരുന്നു ഓരോ പത്മരാജൻ കഥകളും. നൂറ്റി ഇരുപതോളം ചെറുകഥകൾ ഉൾപ്പെടുന്ന പത്തോളം ചെറുകഥാ സമാഹാരങ്ങൾ അദ്ദേഹം നമുക്കായി നൽകി. ”നക്ഷത്രങ്ങളേ കാവൽ” എന്ന ആദ്യ നോവൽ കഥാതന്തുവിന്റെ സവിശേഷത കൊണ്ടും, രചനാശൈലിയുടെ വ്യത്യസ്തത കൊണ്ടും ഏറെ ശ്രദ്ധേയമായി.
നിരൂപകപ്രശംസ കൂടാതെ ആ വർഷത്തെ കേരളസാഹിത്യ അക്കാദമി പുരസ്കാരവും കുങ്കുമം അവാർഡും ആ കൃതിയിലൂടെ പത്മരാജൻ നേടി. പിന്നീടു് വാടകയ്ക്കൊരു ഹൃദയം, ഇതാ ഇവിടെ വരെ, ശവവാഹനങ്ങളും തേടി, കള്ളൻ പവിത്രൻ, ഉദകപ്പോള, മഞ്ഞുകാലംനോറ്റ കുതിര, പ്രതിമയും രാജകുമാരിയും, ഋതുഭേദങ്ങളുടെ പാരിതോഷികം, പെരുവഴിയമ്പലം, രതിനിർവ്വേദം, ജലജ്ജ്വാല, നന്മകളുടെ സൂര്യൻ, ഒന്നും രണ്ടും മൂന്നു് തുടങ്ങിയ നോവലുകൾ പ്രസിദ്ധീകരിച്ചു.
ഭരതൻ പത്മരാജൻ കൂട്ടുകെട്ടിൽ ഇറങ്ങിയ പ്രയാണം നമ്മുടെ മധ്യവർത്തി സിനിമകളുടെ തുടക്കമായിരുന്നു. 1979 ൽ പെരുവഴിയമ്പലത്തിലൂടെ മലയാളികൾക്ക് ഒരു പുതിയ ചലച്ചിത്ര ലോകമാണ് അദ്ദേഹത്തിലെ കാല്പനികമായ സിനിമാക്കാരൻ സമ്മാനിച്ചത് . ഒരിടത്തൊരു ഫയൽവാൻ, കള്ളൻ പവിത്രൻ, നവംബറിന്റെ നഷ്ടം, കൂടെവിടെ, പറന്നു് പറന്നു് പറന്നു്, തിങ്കളാഴ്ച നല്ല ദിവസം, നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ, കരിയിലക്കാറ്റു പോലെ, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, ദേശാടനക്കിളി കരയാറില്ല, നൊമ്പരത്തിപ്പൂവു്, തൂവാനത്തുമ്പികൾ, അപരൻ, മൂന്നാം പക്കം, സീസൺ, ഇന്നലെ, ഞാൻ ഗന്ധർവ്വൻ എന്നീ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു.
മലയാളിയുടെ സാംസ്കാരികനഭസ്സിലെ പ്രൗഢോജ്ജ്വലമായ ഒരു ഗന്ധർവ്വസാന്നിദ്ധ്യമായിരുന്നു പി. പത്മരാജൻ എന്ന കഥാകാരനും ചലച്ചിത്രസ്രഷ്ടാവും. മറക്കാനാവാത്ത ഒട്ടനവധി കഥാപാത്രങ്ങളെയും കഥാമുഹൂർത്തങ്ങളെയും സമ്മാനിച്ച സൂര്യതേജസ്വിയായ ഒരു കഥാകാരൻ, നോവലിസ്റ്റ്, തിരക്കഥാകൃത്തു്, സംവിധായകൻ – ഇതെല്ലാമായിരുന്നു പത്മരാജൻ. ഏകദേശം മൂന്നു പതിറ്റാണ്ടു മാത്രം നീണ്ടു നിന്ന തന്റെ സാഹിത്യ, ചലച്ചിത്ര പ്രവർത്തനങ്ങൾക്കിടയിൽ ഒട്ടനവധി ചെറുകഥകൾ, മുപ്പതിലേറെ വരുന്ന നോവൽ, ചെറുകഥാസമാഹാരപ്രസിദ്ധീകരണങ്ങൾ, സ്വന്തം തിരക്കഥയിൽ പതിനെട്ടു സിനിമകൾ, കൂടാതെ അന്യസംവിധായകർക്കു വേണ്ടി ഇരുപതോളം തിരക്കഥകൾ. എല്ലാ അർത്ഥത്തിലും മലയാളിമനസ്സുകളിൽ തിളങ്ങി നിന്ന ഒരു മിന്നൽക്കൊടി ആയിരുന്നു അദ്ദേഹം.


നവംബറിലെ നഷ്ട്ടത്തിലെ മീരയുടെ നോവുകൾ നമ്മുടെ ഹൃദയത്തെ ആണ് മുറിവേല്പിച്ചതു് . കൂടെവിടെയിലെ റഹ്മാൻ തരംഗം അന്നത്തെ കോളേജ് കാമ്പസുകളെയാണ് ഇളക്കി മറിച്ചത് . തിങ്കളാഴ്‌ചാ നല്ല ദിവസത്തിൽ എത്തുമ്പോൾ ഒരു കൂട്ട് കുടുംബത്തിലെ ബന്ധങ്ങളുടെ ഇഴ അടുപ്പങ്ങളെയും അകലങ്ങളെയുമാണ് മലയാളി നീറ്റലോടെ കണ്മുന്നിൽ കണ്ടത്. പെണ്ണിന്റെ ശരീരത്തിൽ അല്ല വിശുദ്ധി വേണ്ടത് മനസ്സിൽ ആണ് എന്ന വിപ്ലവാത്മകമായ സന്ദേശമാണ് നമുക്ക് പാർക്കാൻ മുന്തരിത്തോപ്പുകളിലെ ക്ലൈമാക്സിൽ പത്മരാജൻ നിറച്ചു വെച്ചത്. കളങ്കിത ആയ കാമുകിയെ സ്വന്തം നെഞ്ചോടു ചേർക്കുന്ന സോളമന്റെ ലോറിയുടെ സൈറൺ മലയാളിയുടെ കപട സദാചാരത്തിനു് നേരേയുള്ള ഹോൺ അടി ആയിരുന്നു.
നൊമ്പരത്തിപ്പൂവും അപരനും മൂന്നാംപക്കവും മരണത്തിന്റെ നനുത്ത തണുപ്പുള്ള വിഷാദഛായ ഉള്ള കുടുംബ ചിത്രങ്ങൾ ആയിരുന്നു തിയേറ്റർ വിട്ടു ഇറങ്ങിയാലും നമ്മോടൊപ്പം പോരുന്ന ഇടനെഞ്ച് പൊട്ടുന്ന വേദനയുടെ രസതന്ത്രം ആണ് ഈ രചനകൾ. കാലത്തിനു മുന്നേ പിറന്ന സിനിമ ആയിരുന്നു സീസൺ. ഒരു പക്ഷെ ഈ കാലത്തു ഇറങ്ങിയെങ്കിലും സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ആകുമായിരുന്ന ഒരു കഥാതന്തുവും മേയ്ക്കിങ്ങും.


മലയാളിയുടെ മഴ പ്രേമവും കാമവും ഇന്ന് പൂവിടുന്നു ക്ലാരയിൽ ആണ്. ഒരു നാരങ്ങാവെള്ളം കാച്ചുന്ന സുഖമാണ് മണ്ണാറതൊടി ജയകൃഷ്ണന്റെയും ക്ലാരയുടെയും പ്രണയം. സമകാലിക മലയാളസിനിമയിൽ ആദ്യമായി ലെസ്‌ബിയനിസം പ്രമേയമാക്കുന്ന ചിത്രമായിരുന്നു ദേശാടനക്കിളികൾ കരയാറില്ല എന്നത്.
ഓർമ്മകൾ ഇല്ലാതിരുന്ന സ്വയം വേദനിക്കുന്ന ഗൗരിയെ പ്രണയത്താൽ ഉള്ളു നീറുന്ന അവളെ ആർക്കും വിട്ടു കൊടുക്കാൻ ആവാതെ ചേർത്ത് നിർത്തുന്ന ശരത് മേനോൻ സ്വന്തം ആണെങ്കിലും അവളുടെ ഇന്നലെകളെ മാത്രം നെഞ്ചിനുള്ളിൽ ഒതുക്കി ഇടനെഞ് പൊട്ടി ഇറങ്ങി പോകുന്ന ഡോക്ടർ നരേന്ദ്രൻ …അതെ ചില ഇന്നലെകൾ ഇങ്ങനെയാണ്. വർഷങ്ങൾക്കു ഇപ്പുറവും നമ്മളെ കുത്തി നോവിപ്പിക്കുന്ന രസമുള്ള നോവുകൾ.


ഒടുവിൽ കാല്പനികതയുടെ തേരിൽ ഏറി പോയ ഗന്ധർവനിൽ നമ്മൾ മലയാളികൾ പത്മരാജൻ ടച്ച് അവസാനിപ്പിക്കേണ്ടി വരുന്നു. ഹൃദയം നുറുങ്ങുന്ന വേദനയോടെയേ ഓരോ മലയാളിക്കും ഇന്ന് ആ സിനിമകളെ ഓർമ്മിക്കാൻ കഴിയു. വർഷങ്ങൾക്കു ഇപ്പുറം പൂജപ്പുരയിൽ ഉള്ള ആ കാല്പനിക കൊട്ടാരത്തിൽ ജോലിയുടെ ഭാഗമായി ഞാൻ പോയിരുന്നു. നിറം മങ്ങാത്ത ചിത്രങ്ങൾ ആയി ആ വീടിന്റെ എല്ലാ ചുവരുകളും ഇപ്പോഴും ആ താടി വെച്ച മുഖം ഉണ്ട് ചിലതിൽ തൊപ്പി വെച്ച് പക്കാ ഡയറക്ടർ ലുക്കിൽ. രാധാലക്ഷ്മിയുടെ ഓർമപുസ്‌തകത്തിൽ ഓരോ മലയാളിയുടെയും നെഞ്ചിനുള്ളിൽ ഉള്ള ആ ഗന്ധർവ രൂപം നമ്മളെ പഠിപ്പിക്കുന്നത് ഒന്നാണ് ഓർമ്മകൾക്കു മരണം ഇല്ല.


മുറ്റത്തെ പോർച്ചിൽ ഇപ്പോഴും പൊടി പിടിച്ചു കിടക്കുന്ന പഴയ പ്രീമിയർ പദ്മിനി കരിയിലകൾ വീണ വഴിത്താരകളിൽ വീണ്ടും പത്മരാജൻ…. നിങ്ങൾ ജീവിക്കുന്നു. ഓരോ മലയാളിയും ഈ ഭൂലോകത്ത് ഉള്ളിടത്തോളം. ആഗോള കാല്പനികതയുടെ ഗന്ധർവ്വസ്പർശമാവാൻ ഞാനും ഇവിടെ കാത്തിരിക്കുന്നു.
എം .ടി സനിത

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments