ഇന്ന് ഭരത് ഗോപിയുടെ ഓർമ്മദിനം …
എം .ടി .സനിത
നായകന്റെ ലക്ഷണങ്ങളാൽ പൂരിതമായിരുന്നില്ല രൂപവും ഭാവവും .പരുക്കൻ ഭാവങ്ങളിൽ മുഴക്കമുള്ള ശബ്ദ്ദത്തിൽ നാടകത്തിന്റെ തട്ടിൽ നിന്നും ഭരത് ഗോപി സിനിമയിലേക്ക് നടന്നു കയറിയത് അഭിനയത്തിന്റെ കൊടുമുടിയിലേക്കു ആയിരുന്നു .ഇമേജിനെ കുറിച്ചുള്ള വ്യാകുലതകളോ, ആരാധകര്‍ എന്ത് വിചാരിക്കുമെന്ന ആലോചനകളോ ഇല്ലാതെ ഭരത് ഗോപി വെള്ളിത്തിരയില്‍ പകര്‍ന്നാടിയ കഥാപാത്രങ്ങള്‍ ഇന്നും ക്ലാസിക്കുകളുടെ ഗണത്തില്‍പ്പെടുന്നവയാണ്.
ഒരു ഉൾത്തരിപ്പോടെ അല്ലാതെ യവനികയിലെ അയ്യപ്പനെ ഓർത്തെടുക്കാൻ ആകുമോ ….?തബലയിലും അഭിനയത്തിലും അയ്യപ്പൻ മാസ് ആയിരുന്നു .തിയേറ്റർ വിട്ടിറങ്ങിയാലും പ്രേക്ഷകന്റെ ഉനെഞ്ചിലേക്കു കടാര കുത്തിയിറക്കും പോലെ അയ്യപ്പൻ ഭയപ്പെടുത്തുന്നു .
ഓർമ്മക്കായിയിലെ ഊമയായ ചിത്രകാരനായ പ്രണയിയും രേവതിക്കൊരു പാവക്കുട്ടിയിൽ സ്നേഹരൂപനായ അച്ഛനും ഒരേപോലെ ഗോപി എന്ന നടനിൽ ഭദ്രമായിരുന്നു .

ശ്രീവിദ്യക്കൊപ്പം എത്തിയ രചനയിലെ എഴുത്തുകാരൻ ഭർത്താവും, ആദാമിന്റെ വാരിയെല്ലിലെ മാമച്ചൻ മുതലാളിയും,കാറ്റത്തെ കിളിക്കൂടിലെ കാമുകനും ഗൃഹസ്‌ഥനും ആയ ഇംഗ്ലീഷ് പ്രൊഫെസറും എത്രമേൽ കൃത്യം ആയിരുന്നു .
ഭരതൻ മാജിക്കുകളിൽ വിരിഞ്ഞ ‘പാളത്തിൽ’ എത്തുമ്പോൾ ഭാര്യയുടെ അനിയത്തിയെ കാമിക്കുന്ന ദുഷ്ട്ടനായും ഗോപി അടിമുടി മാറിക്കഴിഞ്ഞു .തീവണ്ടി സ്റ്റേഷനുകളിലെ കരിപുരണ്ട ജീവിതങ്ങൾക്ക് മേൽ ഗോപിയുടെ കഥാപാത്രം നായകനെക്കാൾ ഒരു തട്ട് ഉയർന്നു നിന്ന് .

സറ്റയറിസത്തിന്റെ ഏറ്റവും മികച്ച സിനിമയായ പഞ്ചവടിപ്പാലത്തിലെ ദുശ്ശാസനക്കുറിപ്പിനെ മറികടക്കാൻ മറ്റൊരു കഥാപാത്രം ഉണ്ടോ എന്ന് സംശയമാണ് .അപ്പുണ്ണിയിലെ സ്നേഹമുള്ള അച്ഛനും അവസരവാദിയായ അച്ഛനും കൃത്യം സ്കെയിലിൽ ആണ് ഗോപിയിലെ നടൻ മലയാള പ്രേക്ഷകർക്ക് നൽകിയത് .
പ്രൊഫഷണല്‍ നാടകരംഗത്ത് നിന്നാണ് വി ഗോപിനാഥന്‍ നായര്‍ എന്ന ഭരത് ഗോപി സിനിമയിലേക്ക് ചുവടുമാറ്റുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരം എന്ന സിനിമയില്‍ ഒരു തൊഴില്‍ രഹിതനായായിരുന്നു തുടക്കം. 1975 ല്‍ പുറത്തിറങ്ങിയ അടൂരിന്റെ തന്നെ കൊടിയേറ്റം അക്ഷരാര്‍ത്ഥത്തില്‍ അഭിനയത്തിന്റെ കൊടുമുടിയിലേക്കുള്ള അദ്ദേഹത്തിന്റെ കയറ്റം തന്നെയായിരുന്നു. ഈ സിനിമയിലെ അഭിനയത്തിന് ദേശീയ സംസ്ഥാന പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. ‘കൊടിയേറ്റം ഗോപി’ അങ്ങനെ ഭരത് ഗോപിയായി.

കൊടിയേറ്റത്തിലെ ശങ്കരൻകുട്ടി ആ ഒറ്റ കഥാപാത്രം മാത്രം മതിയാവില്ല ഗോപിയിലെ നടനെ അളന്നിടാൻ എന്ന് ഞാൻ ഇന്നും വിശ്വസിക്കുന്നു .ഒരുപാട് മികച്ച വേഷങ്ങൾ ഇമേജിന്റെ തലക്കനമില്ലാതെ ആടിത്തീർത്ത ആ അതുല്യ പ്രതിഭ ഒരുപാട് രോഗപീഡകളാൽ ഏറെ വര്ഷം അഭിനയരംഗത്തു നിന്നും മാറി നിന്നിരുന്നു .
മലയാളത്തിന് പുറമേ രണ്ട് ഹിന്ദി ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1985 ല്‍ ഏഷ്യ പസഫിക് മേളയില്‍ മികച്ച നടനുള്ള പുരസ്കാരവും അദ്ദേഹം സ്വന്തമാക്കി. ഞാറ്റടി, ഉത്സവപിറ്റേന്ന്, യമനം, എന്റെ ഹൃദയത്തിന്റെ ഉടമ എന്നീ സിനിമകള്‍ സംവിധാനം ചെയ്തു. അഭിനയം അനുഭവം, നാടക നിയോഗം എന്നിങ്ങനെ രണ്ട് പുസ്തകങ്ങള്‍ രചിച്ചു. 1991 ല്‍ രാജ്യം അദ്ദേഹത്തിന് പത്മശ്രീ നല്‍കി ആദരിച്ചു.
പ്രണയവും കാമവും സ്നേഹവും ശോകവും പകയും പ്രതീക്ഷയും ഗോപി എന്ന നടനിൽ ഭദ്രമായിരുന്നു .
ആ പ്രതിഭ ഓർമയായിട്ട് 16 വർഷം തികയുന്നു.
ഓർമപ്പൂക്കൾ
@എം .ടി .സനിത
#reelsinstagram#malayalam#BharathGopi#malayalamfilmindustry#malayalammovies