ഹൈറേഞ്ചിന്റെ നിഗൂഢമായ വിരിഞ്ഞ ചുവന്ന പൂക്കൾ, ബോഗയ്ൻവില്ല. മനുഷ്യമനസ്സിന്റെ സങ്കീർണവും ദുരൂഹവുമായ ചുഴികളിലേക്കും വഴികളിലേക്കുമുള്ള യാത്രയാണ് ഈ സിനിമ . മനുഷ്യന്റെ ആദിമചോദനകളിൽ ഉൾപ്പെടുന്ന രതിയും ലൈംഗികതയും ആണ് ഈ സിനിമയിലെ ക്രൈമിനെ നിർണയിക്കുന്ന ഘടകം. വ്യക്തിയുടെ മനസ്സിലെ ഓർമയുടെയും മറവിയുടെയും നേർത്ത അതിരുകളിലൂടെ ക്രൈമിന്റെ ചുരുളുകൾ അഴിയുന്നു. തന്റെ വല്യപ്പച്ചനെ റോൾ മോഡൽ ആയി കാണുന്ന ഡോ:റോയ്സ് അയാളിൽ നിന്നും തനിയ്ക്ക് പകർന്നുകിട്ടിയ ആക്രമണവാസനയും അധികാരവും തന്റെ കൈമുതലായികാണുന്നു.

ബോഗയ്ൻവില്ലയിലെ ബോധത്തിന്റെയും അബോധത്തിന്റെയും വേരുകൾ ആഴ്ന്നുകിടക്കുന്നത് ഡോ:റോയ്സിന്റെയും ഭാര്യ റീത്തുവിന്റേയും ഭൂതകാലത്തിലാണ് . റീത്തു ഓർമ്മയ്ക്കും മറവിയ്ക്കും മിഥ്യകൾക്കും ഇടയിൽ ജീവിക്കുന്നു .തന്റെ വല്യപ്പച്ചനിൽ നിന്നും പകർന്ന് കിട്ടിയ ഹിംസാത്മകമായ വാസനയാണ് ഓരോ ക്രൈമും ചെയ്യുവാൻ ഡോ:റോയ്സിനെ പ്രേരിപ്പിക്കുന്നത്. തന്റെ ഹിംസാത്മകവാസനകളെയും സ്ത്രീ ശരീരത്തോടുള്ള ഭോഗതല്പരതയും മറയ്ക്കുവാനുള്ള ആവരണം മാത്രമായിരുന്നു അയാൾക്ക് ഡോക്ടറുടെ സൗമ്യമുഖം.

തിരക്കഥാകൃത്തായ ലാജോ ജോസിന്റെ നോവൽ റൂത്തിന്റെ ലോകത്തിൽ ബാംഗ്ലൂർ നഗര പശ്ചാത്തലത്തിലാണ് കഥയുടെ ആഖ്യാനമെങ്കിൽ ഈ സിനിമയിൽ അത് വാഗമൺ ആവുന്നത് ബോധപൂർവമുള്ള തെരഞ്ഞെടുപ്പ് തന്നെയാണ്. ഹൈറേഞ്ചിന്റെ ആദിമയായ മണ്ണും ഭൂമികയും മനുഷ്യമനസ്സിന്റെ നിഗൂഢ ചോദനകളിലേക്കുള്ള സ്ഥലസൂചകം ആയി മാറുന്നു.
റോയ്സിന്റെ ഫാം ഹൗസിന്റെ ജനാലയ്ക്ക് അപ്പുറവും റീത്തുവിന്റെയും റോയ്സിന്റെയും വീടിന്റെ മുറ്റത്തും ഹോസ്പിറ്റലിന്റെ ജനാലയ്ക്ക് അപ്പുറവും വിരിഞ്ഞു നിൽക്കുന്ന ചുവന്ന പൂക്കൾ മറവിയുടെയും ഓർമ്മയുടെയും രതിയുടെയും ഹിംസയുടെയും പ്രതീകമാണ്.
- പാർവതി പി.ചന്ദ്രൻ
