ജോജു ജോർജ് ആദ്യമായി രചനയും സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ‘പണി’. സിനിമയിൽ നായകനായ ഗിരിയായി വേഷമിടുന്നത് ജോജു ജോർജ് തന്നെയാണ്. പണിയിൽ നായികയായി എത്തുന്നത് തമിഴ് തെലുങ്ക് സിനിമകളിലൂടെ പ്രശസ്‌തയായ അഭിനയയാണ്.
ജന്മനാ കേൾക്കാനും സംസാരിക്കാനും കഴിയാത്തയാളാണ് അഭിനയ. എന്നാൽ അഭിനയത്തോടുള്ള പാഷൻ കാരണം സിനിമയിലെത്തുകയും അഭിനയിച്ച സിനിമകളിലെല്ലാം മികച്ച പ്രകടനം കാഴ്‌ചവെക്കുകയും ചെയ്‌തിട്ടുണ്ട്. കുട്രം 23, മാർക്ക് ആന്റണി, എന്നീ സിനിമകളിലെ പ്രകടനങ്ങളിലൂടെയാണ് നടി ശ്രദ്ധേയയായത്.
പണി സിനിമയിലേക്ക് മറ്റു പല നടിമാരെയും ആദ്യം സമീപിച്ചിരുന്നെന്നും അവസാനമാണ് അഭിനയയെ കണ്ടെത്തുന്നതെന്നും പറയുകയാണ് ജോജു. തന്നെ ശരിക്കും അമ്പരപ്പിച്ച അഭിനേത്രിയാണ് അഭിനയയെന്നും നടൻ കൂട്ടിച്ചേർത്തു. മലയാള മനോരമക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജോജു.
‘ഈ സിനിമയിലേക്ക് മറ്റു പല നടിമാരെയും ആദ്യം സമീപിച്ചിരുന്നു. പക്ഷേ, ഒട്ടും ഫൈനൽ ആയില്ല. ഒടുവിലാണ് അഭിനയയെ കണ്ടെത്തുന്നത്. എന്നെ ശരിക്കും അമ്പരപ്പിച്ച അഭിനേത്രിയാണ് അവർ. സംസാരിക്കാനോ കേൾക്കാനോ സാധിക്കില്ലെന്ന് അവരുടെ അഭിനയം കാണുമ്പോൾ ഒരിക്കൽ പോലും തോന്നില്ല. എൻ്റെ കൈ ചലനങ്ങൾ കണ്ടാണ് അവർ ഓരോ ഷോട്ടിലും അഭിനയിച്ചിരിക്കുന്നത്,’ ജോജു ജോർജ് പറഞ്ഞു.
പണി കിട്ടുന്നതും കിട്ടിയ പണി തിരിച്ചുകൊടുക്കുന്നതുമായ സംഭവങ്ങളാണ് ഈ സിനിമയിലൂടെ താൻ പറയുന്നതെന്നും കണ്ടതും കേട്ടതുമായ ഒരുപാട് സംഭവങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് തയാറാക്കിയ കഥയാണ് ഇതെന്നും നടൻ അഭിമുഖത്തിൽ പറയുന്നുണ്ട്.
‘ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതു പോലെ പണി കിട്ടുന്നതും കിട്ടിയ പണി തിരിച്ചുകൊടുക്കുന്നതുമായ സംഭവങ്ങളാണ് ഈ സിനിമ. കണ്ടതും കെട്ടതുമായ ഒരുപാട് സംഭവങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് തയാറാക്കിയ കഥയാണ്. എൻ്റെ നാട് ത്യശൂരാണ്.
അതുകൊണ്ടുതന്നെ തൃശൂരിൽ എനിക്കു പരിചിതമായ സ്ഥലങ്ങളുടെ പശ്ചാത്തലത്തിലാണ് കഥ പറഞ്ഞുപോകുന്നത്. മുമ്പ് സഹസംവിധായകനായിരുന്ന കാലം മുതൽ ഒരു സിനിമ ചെയ്യണമെന്ന അതിയായ ആഗ്രഹം മനസിലുണ്ടായിരുന്നു.
അതിനുവേണ്ടിയുള്ള പഠനവും പരിശ്രമവുമെല്ലാം ഒരുവശത്ത് നടക്കുന്നുണ്ടായിരുന്നു. ഒരിക്കൽ സംവിധാനമോഹവുമായി ഇറങ്ങിത്തിരിച്ച സമയത്താണ് ‘ജോസഫ്’ എന്ന ചിത്രം സംഭവിക്കുന്നത്.. പിന്നീടാണ് ഈ കഥ ഉണ്ടാകുന്നത്. ഒരു വർഷത്തോളം അഭിനയത്തിൽനിന്ന് ഇടവേള എടുത്താണ് സംവിധാനത്തിലേക്ക് ഇറങ്ങിയത്,’ ജോജു ജോർജ് പറഞ്ഞു.