അടിമുടി ദുരൂഹത നിറഞ്ഞ ദൃശ്യങ്ങളും സംഭാഷണങ്ങളുമായി അമല്‍നീരദ് ചിത്രം ‘ബോഗയ്ന്‍വില്ല’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. രണ്ടു മണിക്കൂറിനുള്ളില്‍ രണ്ടര ലക്ഷത്തിലേറെ കാഴ്ചക്കാരെ നേടിക്കൊണ്ട് പുറത്തിറങ്ങിയ ട്രെയിലറിന് ആരാധകര്‍ വലിയ വരവേല്‍പ്പാണ് നല്‍കിയിരിക്കുന്നത്. നേരത്തെ, ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെയെല്ലാം ക്യാരക്ടര്‍ പോസ്റ്ററുകള്‍ക്കും സിനിമാ പ്രേമികള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.
ചിത്രത്തില്‍ റോയ്‌സ് തോമസായെത്തുന്ന കുഞ്ചാക്കോ ബോബന്‍, ഡേവിഡ് കോശിയായെത്തുന്ന ഫഹദ് ഫാസില്‍, റീതുവായെത്തുന്ന ജ്യോതിര്‍മയി, ബിജുവായെത്തുന്ന ഷറഫുദ്ദീന്‍, രമയായെത്തുന്ന ശ്രിന്ദ, മീരയായെത്തുന്ന വീണ എന്നിവരുടെ ക്യാരക്ടര്‍ പോസ്റ്ററുകളാണ് പുറത്തുവിട്ടിരുന്നത്. ഇതിനു പുറമെയാണ് ഇപ്പോള്‍ സിനിമയുടെ ട്രെയിലര്‍ എത്തിയിരിക്കുന്നത്. മെഗാ ഹിറ്റായി മാറിയ ‘ഭീഷ്മപര്‍വ്വ’ത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമായതിനാല്‍ തന്നെ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘ബോഗയ്ന്‍വില്ല’. സുഷിന്‍ ശ്യാമിന്‍റെ ഏറെ വ്യത്യസ്തമായ ഗാനങ്ങളും സിനിമയെ പ്രേക്ഷകരിലേക്കടുപ്പിക്കുന്നു. ചിത്രം ഈ മാസം 17-ന് തിയേറ്ററുകളിലെത്തും.