ഗുണ്ടാ നേതാവ് ഓം പ്രകാശിനെതിരായ ലഹരി കേസില്‍ താരങ്ങളായ പ്രയാഗ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയെയും ഹോട്ടലില്‍ എത്തിച്ച എളമക്കര സ്വദേശി കസ്റ്റഡിയില്‍. ബിനു ജോസഫിനെയാണ് കസ്റ്റഡിയില്‍ എടുത്തത്. എറണാകുളം സൗത്ത് സ്റ്റേഷനില്‍ ഇയാളെ ചോദ്യം ചെയ്യുകയാണ്. കൊച്ചിയിലെ ലഹരി ഇടപാടുകളില്‍ പ്രധാനിയാണ് ബിനു ജോസഫെന്ന് പൊലീസ് പറഞ്ഞു.
ഓംപ്രകാശ് താമസിച്ചിരുന്ന മുറി നടി പ്രയാഗ മാര്‍ട്ടിനും നടന്‍ ശ്രീനാഥ് ഭാസിയും സന്ദര്‍ശിച്ചിരുന്നുവെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. പ്രയാഗയെയും ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡിസിപി വ്യക്തമാക്കിയിട്ടുണ്ട്. പിന്നാലെയാണ് ഒരാളെ കസ്റ്റഡിയില്‍ എടുക്കുന്നത്.
ഇന്നലെയാണ് കുണ്ടന്നൂരിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നിന്ന് ഓംപ്രകാശിനെയും ശിഹാസിനെയും മരട് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ നിന്ന് കൊക്കയ്‌നടങ്ങിയ കവറും നാല് ലിറ്റര്‍ വിദേശമദ്യവും പിടിച്ചെടുത്തിരുന്നു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സിനിമാതാരങ്ങളുടെ പേരടക്കം സൂചിപ്പിച്ചുകൊണ്ട് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് നല്‍കിയത്. മൂന്ന് മുറികളാണ് ഓംപ്രകാശും കൂട്ടാളിയും വിവിധ പേരുകളില്‍ ക്രൗണ്‍ പ്ലാസയില്‍ എടുത്തത്. ഇതില്‍ ഒരു മുറിയില്‍ നടി പ്രയാഗ മാര്‍ട്ടിനും നടന്‍ ശ്രീനാഥ് ഭാസിയും സന്ദര്‍ശിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇവരെ കൂടാതെ ഇരുപതോളം പേര്‍ ഹോട്ടല്‍ മുറിയില്‍ എത്തി എന്നും റിപ്പോര്‍ട്ടിലുണ്ട്. പ്രതികള്‍ സ്ഥിരമായി വിദേശത്തുനിന്ന് ലഹരിമരുന്ന് എത്തിച്ച് കൊച്ചിയില്‍ വില്‍പന നടത്തുന്നവരാണെന്നും പൊലീസ് കോടതിയെ അറിയിച്ചു. കേസില്‍ പ്രതികളെ രണ്ടുദിവസം കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം കോടതി തള്ളി. പ്രതികള്‍ കൊക്കയന്‍ ഉപയോഗിച്ചെന്ന് തെളിയിക്കാന്‍ പൊലീസിനായില്ലെന്ന് കോടതി വ്യക്തമാക്കി.