രാജ്യങ്ങൾ തമ്മിൽ അതിർത്തി പങ്കിടുന്നത് സർവ്വസാധാരണമാണ്. പലപ്പോഴും ഒരു ചെറിയ വേലിയുടെ അപ്പുറവും ഇപ്പുറവും രണ്ട് രാജ്യങ്ങളായിരിക്കും. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ചൈന, ഭൂട്ടാൻ, നേപ്പാൾ, മ്യാൻമർ, ബംഗ്ലാദേശ് എന്നിവയെല്ലാം ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളാണ്. എന്നാൽ ഇരു രാജ്യങ്ങളും പങ്കിടുന്ന ഒരു ഗ്രാമത്തെ പറ്റി അറിയാമോ? ഇന്ത്യ മ്യാൻമാർ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ലോങ്‌വ എന്ന ഗ്രാമമാണ് അത്.
നാഗാലാൻഡിലെ മോൺ ജില്ലയിലാണ് ഈ അസാധാരണമായ ഗ്രാമം സ്ഥിതി ചെയ്യുന്നത്. കൊന്യാക് വിഭാഗത്തിൽ പെട്ട ഗോത്രവർഗക്കാരാണ് ഇവിടെ താമസിക്കുന്നത്. ഇവർ താമസിക്കുന്ന വീടുകളുടെയെല്ലാം പകുതി ഇന്ത്യയിലും പകുതി മ്യാൻമറിലുമാണ്. ഇന്ത്യയും മ്യാൻമറും തമ്മിലുള്ള അന്താരാഷ്‌ട്ര അതിർത്തി ലോങ്‌വ ഗ്രാമത്തിലൂടെയാണ് കടന്ന് പോവുന്നത്. ലോങ്‌വയിലെ താമസക്കാർക്ക് ഒരു രാജ്യത്ത് നിന്ന് അടുത്ത രാജ്യത്തേക്ക് കടക്കാൻ പാസ്പോർട്ട് ആവശ്യമില്ല എന്നതും ശ്രദ്ധേയമാണ്. കൃഷിയെയാണ് ഗ്രാമത്തിലുള്ളവർ ഏറെയും ആശ്രയിക്കുന്നത്. മനോഹരമായ കുന്നുകൾ, പച്ചപ്പ് നിറഞ്ഞ വനങ്ങൾ, മൂടൽമഞ്ഞ് നിറഞ്ഞ മേഘങ്ങൾ എന്നിവയാൽ ചുറ്റപ്പെട്ടതാണ് ഈ ഗ്രാമം.
നാഗാലാൻഡിലെ ഏറ്റവും വലുതും അറിയപ്പെടുന്നതുമായ ഗോത്രങ്ങളിൽ ഒന്നാണ് കൊന്യാക് ഗോത്രവിഭാഗങ്ങൾ. ഗോത്രവിഭാങ്ങളിലെ പുരുഷന്മാർ മുഖത്ത് ടാറ്റൂകൾ അടിക്കുന്നതും അവരുടെ ചെവിയിലെ വലിയ കമ്മലുകളും അവരുടെ സംസ്കാരത്തെയും പൈതൃകത്തെയുമാണ് അടയാളപ്പെടുത്തുന്നത്.
രണ്ട് രാജ്യങ്ങളുടെ അതിർത്തികളിൽ സ്വാധീനമുള്ള അംഗ് എന്ന ഗോത്ര തലവനാണ് ലോങ്‌വ ഗ്രാമം ഭരിക്കുന്നത്. ഗോത്രങ്ങളും അവയുടെ പുരാതന പാരമ്പര്യങ്ങളും ഇന്നും ലോങ്‌വ ഗ്രാമത്തിൽ സൂക്ഷിക്കുന്നുണ്ട്. കൈകൊണ്ട് നെയ്ത ഷാളുകൾ, കൊത്തുപണികൾ, മരം കൊത്തുപണികൾ എന്നിവയ്ക്ക് പേരുകേട്ട വിദഗ്ധരായ കരകൗശല വിദഗ്ധരും ഈ ഗ്രാമത്തിലുണ്ട്.
നാഗാലാൻ്റിലെ മോൺ ജില്ലയിൽ നിന്ന് മൂന്ന് മണിക്കൂർ യാത്ര ചെയ്താൽ ലോങ്‌വയിലെത്തിചേരാം. 161 കിലോമീറ്റർ അകലെയുള്ള അസ്സമിലുള്ള ജോർഹത്ത് വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.