Monday, December 2, 2024
HomeBlogആ ചിത ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണ്
spot_img

ആ ചിത ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണ്

ജയന്റെ മരണത്തോളം വലിയ വേദനയൊന്നും മലയാളസിനിമ ഇന്നുവരെ ഏറ്റുവാങ്ങിയിട്ടില്ല. മറ്റൊരു നടന്റെയും മരണത്തിൽ കേരളം ഇത്രമേൽ കണ്ണീരൊഴുക്കിയിട്ടുമുണ്ടാകില്ല.നവംബർ 17ന് ഉച്ചയോടെ പോസ്റ്റുമോർട്ടം കഴിഞ്ഞ് മദ്രാസിൽ നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടു വന്ന ജയന്റെ മൃതദേഹം ജന്മനാടായ കൊല്ലത്തേക്ക് കൊണ്ടുപോകുമ്പോൾ, വഴിയിലുടനീളമുള്ള വീടുകളിൽ ആ നടന്റെ പടം മാലയിട്ട് വിളക്ക് കത്തിച്ചു വച്ചിരുന്നു.

കേരളം ഒരിക്കലും മറക്കില്ല ആ അന്ത്യയാത്ര. അർദ്ധരാത്രിയോടെ കൊല്ലം മുളങ്കാടകം ശ്‌മശാനത്തിൽ ജയൻ കത്തിയമരുന്നത് കണ്ണീരോടെ നോക്കി നിന്ന ജനലക്ഷങ്ങൾ… നേരം പുലരുമ്പോഴേക്കും ആ നടന്റെ ചിതാഭസ്മം അപ്പാടെ വാരിക്കൊണ്ടുപോയിരുന്നു. അന്ന് വാരിയെടുത്ത ചിതാഭസ്‌മം ഇന്നും കൊല്ലത്തെ പല വീടുകളിലും സൂക്ഷിച്ചു വച്ചിട്ടുണ്ട്. ആരാധനയുടെ അടക്കാനാവാത്ത രൂപകങ്ങളായി.


കേവലം 6 വർഷം കൊണ്ട് 116 സിനിമകൾ. അടൂരിന്റേയോ അരവിന്ദന്റെയോ കെ ജി ജോർജിന്റേയോ ഭരതന്റെയോ പത്മരാജന്റെയോ എം ടി വാസുദേവൻ നായരുടെയോ സിനിമകളിൽ അഭിനയിക്കാൻ ജയന് ജീവിതം നീട്ടികിട്ടിയില്ല.

ഒരു സംസ്ഥാന അവാർഡ് പോലും ലഭിക്കത്തക്ക കലാമൂല്യമുള്ള വേഷവും ജയനെ തേടിയെത്തിയില്ല. എന്നിട്ടും മലയാളികൾ ജയനെ ഓർക്കുന്നു… ഇഷ്ടപ്പെടുന്നു… ആരാധിക്കുന്നു. നാൽപ്പത്തിനാല് വർഷങ്ങൾക്കിപ്പുറവും തലമുറകളുടെ കാഴ്ചകളെ ജയൻ ത്രസിപ്പിച്ചുകൊണ്ടിരിക്കുന്നു. മരണത്തിനു പോലും തൊടാനാവാത്ത വിധം ജയന്റെ ഓർമ്മകൾ കത്തിപടരുന്നു. ഒരു ഓസ്കാർ അവാർഡ് ജേതാവിനുപോലും ലഭിക്കാത്ത അംഗീകാരം. ആ നടനബലിയ്ക്ക് ഇതിൽപ്പരം എന്തുവേണം. ഇനിയൊരു നാല്പത്തി നാല് വർഷം കഴിഞ്ഞാലും ജരാനരകൾ ബാധിക്കാത്ത കരുത്തനായ ജയനെ മാത്രമേ കാലം ഓർത്തു വയ്ക്കൂ….

-ഭാനു പ്രകാശ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments