നിങ്ങൾ കുഞ്ഞുന്നാളിൽ പേടിച്ചിട്ടുണ്ടോ ?
ഗ്രാമങ്ങളിൽ വൈദ്യുതി വരാത്തൊരു കാലത്തെകുറിച്ചാണ് ഞാനീപ്പറഞ്ഞു തുടങ്ങുന്നത്
അന്നൊക്കെ പേടിച്ചു പനി പിടിച്ചിരിക്കുന്നതും രണ്ടും മൂന്നും ദിവസം ആ പേടി മാറാതെ ഇരിക്കുന്ന കുട്ടികളും ഒക്കെ പതിവായിരുന്നൊരു കാലം
ഇന്നാണെങ്കിൽ കൗൺസിലിങ് ഒക്കെ വേണ്ടി വരുന്ന വിട്ടുമാറാത്ത ഭയം.
മാടനും മറുതയും യക്ഷിയും ഒടിയനും ഒട്ടനവധി കെട്ടുകഥകളുമായി ഉറങ്ങാൻ പോവുന്ന നമ്മുടെ പഴയ ഗ്രാമങ്ങൾ.
അങ്ങനെയുള്ളൊരു ഗ്രാമത്തിൽ ഈ പേടിയും പനിയും മാറാൻ ഒരു ഒരൊറ്റമൂലിയുണ്ടായിരുന്നു നാരായണേട്ടൻ മന്ത്രം ജപിച്ചു തരുന്ന ചരട്.
ഒരു കൗൺസിലിങ്ങിനും മാറ്റാൻ കഴിയാത്ത പല ഭയപ്പാടുകളും ഒരൊറ്റ ചരടിൽ തീർത്തു നല്കാൻ എന്നും ഏത് പാതിരാത്രിയും പല പല ദേശത്തുനിന്നും ആളുകൾ വരാറുണ്ടായിരുന്നു.
അതൊരു വിശ്വാസമാണ്. എരിയുന്ന ചൂട്ടുമായി അതിലേറെ എരിയുന്ന മനസുമായി ജാതി മത ഭേദമെന്യേ ദൂരെ ദിക്കിൽ നിന്നുപോലും വരുന്നവരുടെ മനസുകൾ ” ഒന്നും സംഭവിക്കില്ല ഇത് കെട്ടിയാൽ എല്ലാ പേടിയും മാറിക്കോളും” എന്ന നാരായണേട്ടന്റെ വാക്കുകളിൽ പ്രതീക്ഷയും വിശ്വാസവുമർപ്പിച്ചു ജീവിച്ചുപോന്ന ഗ്രാമം.
ആ വിശ്വാസം പെട്ടെന്നൊരു ദിവസം കൊണ്ട് നേടിയെടുത്തതല്ല തന്റെ ജീവിതം കൊണ്ട് നേടിയെടുത്തതാണ്.

അതെ “തെയ്യം”….! മനുഷ്യൻ ദൈവമാവുകയാണോ ? അതോ ദൈവം മനുഷ്യനാവുകയാണോ ? തെയ്യം എന്ന വാക്കിന്റെ അർത്ഥം ദൈവം എന്നാവുന്നു. ഒരു തെയ്യം കലാകാരൻ തെയ്യക്കോലം കെട്ടിക്കഴിഞ്ഞാൽ തന്റെ സുഹൃത്തുക്കൾ ബന്ധുക്കൾ എന്ന് വേണ്ട ഒരു നാടുമുഴുവൻ അയാളെ ദൈവമായിക്കണ്ട് ആരാധിക്കുന്ന, കൂപ്പുകൈകളോടെ മാത്രം നിൽക്കുന്ന മറ്റൊരു അനുഷ്‍ഠാനകല കേരളത്തിലില്ല. ആനവാതിൽ ദേശത്ത് രാരോത്ത് മീത്തൽ നാരായണപ്പെരുവണ്ണാൻ ആനവാതിൽ കാരുടെ സ്വന്തം നാരായണേട്ടൻ. തെയ്യം കെട്ടിയാൽ അദ്ദേഹം കേവലമൊരു മനുഷ്യനല്ല ദേവതാ സങ്കൽപ്പമാണ്. കെട്ടിയാടി ദൈവം സംപ്രീതയായാൽ ഒരു നാടിനു മുഴുവൻ അനുഗ്രഹം കിട്ടുമെന്നാണ് സങ്കൽപ്പം.
ചൂരക്കാട്ട് അധികാരി പരമ്പര നാരായണപ്പെരുവണ്ണാന്റെ അച്ഛൻ ചെറിയുണ്ണിയെ സ്ഥലവും തെയ്യം കെട്ടിയാടാനുള്ള അധികാരവും നൽകി ഇവിടേക്ക് കൊണ്ടുവന്നു. കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി ഗ്രാമപ്പഞ്ചായത്തിലെ ആനവാതിൽ പാറക്കൽ മണ്ണാന്റെ മീത്തൽ എന്ന വീട്ടിൽ അവരെത്തിച്ചേർന്നു. തെയ്യങ്ങൾ അനുഷ്ഠാന കലാരൂപങ്ങൾ മാത്രമല്ല ജീവിതവും കൂടിയുണ്ട്. ജീവിതവും കൂടി ആവേശിക്കുമ്പോൾ ഒരു നാടിനെ മുഴുവൻ അനുഗ്രഹിക്കുന്ന ദൈവമായി കതിവനൂർ വീരനായി, വിഷ്ണുമൂർത്തിയായി, ഭഗവതിയായി, വേട്ടക്കരുമകനായി, വീരഭദ്രനായി, നാഗകാളിയായി കണ്ഠാകര്‍ണ്ണനായി, കുട്ടിച്ചാത്തനായി അങ്ങനെ അനവധി നിരവധി ആര്യാധിനിവേശത്തിനു കീഴ്‌പ്പെടാതെ പോയ ദൈവസങ്കല്പങ്ങൾ സാധാരണക്കാരന്റെ ദൈവങ്ങളായി നിറഞ്ഞാടുന്നവർ. ആനവാതിലിലെ കൊന്തളത്തു കുനി വീട്ടിൽ നിന്ന് സഹോദരങ്ങളായ ചന്തുക്കുട്ടി പെരുവണ്ണാന്റെയും, രാഘവൻ പെരുവണ്ണാന്റെയും ശിക്ഷണത്തിൽ അമ്മ ദേവതയായ ശ്രീ നെല്ലൂളിയിടത്തിൽ പരദേവതയുടെ മുടിവച്ചു കണ്ണിൽ മഷിയെഴുതി നെറ്റിയിൽ മൂന്നു വരക്കുറി തലയിൽ വെള്ളക്കെട്ടു അതിനു മുകളിൽ തലപ്പാളി അതിനു മുകളിൽ ചോതിപ്പട്ടം രണ്ടു കയ്യിലും മുരിക്കിൽ തീർത്ത കൈ വളകൾ. ഒന്നേകാൽ ഉറുപ്പിക ആയിരുന്നു 13 ആം വയസിൽ തെയ്യം കെട്ടിയപ്പോൾ നാരായണപ്പെരുവണ്ണാന് നെല്ലൂളിയിടത്തിൽ അധികാരി നൽകിയ കോലത്തുക.

അങ്ങനെ തന്റെ 13 ആം വയസിൽ നെല്ലൂളിയിടത്തിൽ ശ്രീ പരദേവത ക്ഷേത്രാങ്കണത്തിൽ വച്ച് ആദ്യമായി മുടി വച്ച് തെയ്യം കെട്ടിയാടി തുടങ്ങിയ സഞ്ചാരം തന്റെ ജീവിതാവസാനം വരെ തുടർന്നിരുന്നു നാരായണേട്ടൻ.
പണ്ടുകാലത്തൊക്കെ വരുമാനം വളരെ തുച്ഛമായിരുന്ന തെയ്യം കെട്ടിയാടുന്നത് ഒരു നാടിന്റെ അഭിവൃദ്ധിക്കും വിശ്വാസത്തിലും ആയിരുന്നു ഇന്നും മുടങ്ങാതെ അതെല്ലാം കാത്തുസൂക്ഷിക്കുന്ന പുതിയ തലമുറ. ലോകത്തെവിടെ ജോലി ചെയ്താലും ഉത്തരകേരളത്തിൽ അസുരവാദ്യം വീഴുന്ന തുലാപ്പത്ത് എന്നൊരു സമയമുണ്ടെങ്കിൽ അവിടെ ഓടിയെത്തുന്നു. അങ്ങനെ തലമുറകൾ കൈമാറി വന്ന അനുഷ്ഠാനകല സ്വജീവിതം കൊണ്ട് ഒട്ടും പഴമ നഷ്ടപ്പെടാതെ, വിശ്വാസം കാത്തുസൂക്ഷിച്ച് തന്റെ അടുത്ത തലമുറയിലേക്കും അതിനു ശേഷമുള്ള പേരക്കുട്ടികളിലേക്കു വരെ പകർന്നു നൽകി നാരായണേട്ടൻ.
മക്കളായ പ്രജീഷും നിധീഷും അറിയപ്പെടുന്ന തെയ്യം കലാകാരന്മാരാണ്. നാരായണേട്ടന്റെ സഹോദരന്മാരുടെ മക്കളായ ശിവൻ, ഷിംജിത്ത്, രാഹുൽ, പത്മൻ എന്നിവരും ഈ രംഗത്ത് സജീവമായുണ്ട് നാട്ടിലെ ഉത്സവങ്ങളിൽ മാത്രമല്ല തെയ്യത്തിന്റെ മഹിമ അതിന്റെ പഴമ ഒട്ടും ചോരാതെ തന്നെ വിദേശത്തു വരെ എത്തിക്കുന്നു പുതിയ തലമുറ.
കോലത്തു നാട്ടിന്റെ അനുഷ്ഠാന കലാരൂപമായാണ് തെയ്യം അറിയപ്പെടുന്നത്. കിഴക്കൻ മലനിരകൾക്കും സമുദ്രത്തിനും മധ്യേ കോരപ്പുഴ മുതൽ ചന്ദ്രഗിരി പുഴ വരെ വ്യാപിച്ചുകിടക്കുന്ന പഴയ നാട്ടുരാജ്യമാണ് കോലത്തുനാട് സ്വരൂപം.ഉത്തരകേരളത്തിലെ ജനങ്ങളുടെ ജീവിതത്തിൽ ക്ഷേത്രങ്ങളും, കാവുകളും അവിടുത്തെ തെയ്യങ്ങളും മറ്റ് ആചാര അനുഷ്ഠാനങ്ങളും ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ് ചരിത്രങ്ങളുടെയും പുരാവത്തങ്ങളുടെയും ആഴത്തിൽ വേരോടിയ സംസ്കാരമാണ് തെയ്യത്തിന്റേത്. തെയ്യങ്ങളിൽ നിന്ന് ഒരു പരിധിവരെ കോലത്തു നാടിന്റെ തനത് സംസ്കാരം വായിച്ചെടുക്കാൻ സാധിക്കും.

അന്നൊക്കെ വലിയ ഒരുക്കമാണ് ഒരു തെയ്യക്കാലത്തിനു വേണ്ടി ഒരു നാടിന്റെ ഒരുക്കം. അടുത്ത വീടുകളിലുള്ളവർ ഒരു വര്ഷം മുഴവൻ എടുത്ത് വെക്കുന്ന ചക്കയുടെ വെളഞ്ഞി (പശ) അതുപയോഗിച്ചാണ് തെയ്യകോപ്പുകൾ തയ്യാറാക്കുന്നത്. സ്വർണ്ണ നിറമുള്ള പേപ്പറുകൾ കൊണ്ട് ഒട്ടിച്ചെടുക്കുന്ന മുരിക്കിന്റെ മരത്തിൽ നിർമ്മിച്ച അടയാഭരണങ്ങളും എല്ലാമായി വളരെ കാലം മുൻപ് തന്നെ തുടങ്ങുന്ന ഒരുക്കമാണ്.അടയാളം കൊടുക്കലാണ് തെയ്യത്തിനു മുമ്പുള്ള ആദ്യ ചടങ്ങ്. മുൻകൂട്ടി തീരുമാനിച്ച തീയതിക്ക് തെയ്യം കെട്ടാൻ കോലക്കാരനെ ഏൽപ്പിക്കുന്ന ചടങ്ങാണ് അടയാളം കൊടുക്കൽ. തെയ്യത്തിനു മുമ്പ് ലളിതമായ വേഷം ധരിച്ച് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ തോറ്റവും വെള്ളാട്ടവും അരങ്ങേറും.
തോറ്റം എന്നാൽ ഏതു തെയ്യമാണോ കെട്ടുന്നത് ആ തെയ്യത്തിന്റെ കഥ പാട്ട് രൂപത്തിൽ അവതരിപ്പിക്കുന്നതാണ്. ചെണ്ട, വീക്ക് ചെണ്ട, കുഴൽ തുടങ്ങിയ വാദ്യോപകരണങ്ങളുടെ വാദ്യത്തോടെയാണ് തോറ്റംപാട്ട് അവതരിപ്പിക്കുന്നത്. തോറ്റം തന്നെ രണ്ടു തരത്തിലുണ്ട് ഉച്ചത്തോറ്റവും, അന്തി തോറ്റവും. തോറ്റത്തിനെക്കാൾ വേഷവിധാനത്തോടെയാണ് വെള്ളാട്ടം അരങ്ങേറുക. മുഖത്ത് ഛായവും ചെറിയ മുടിയും ഉണ്ടാവും വെള്ളാട്ടത്തിന്. തോറ്റമോ വെള്ളോട്ടമോ ഇല്ലാത്ത തെയ്യങ്ങളും ഉണ്ട്. തോറ്റവും വെള്ളാട്ടവും ഇല്ലാത്ത തെയ്യങ്ങൾക്ക് കൊടിയില വാങ്ങുന്ന ചടങ്ങാണ് പ്രധാനം.
തോറ്റവും വെള്ളാട്ടവും കഴിഞ്ഞാണ് തെയ്യം അരങ്ങിലേക്ക് എത്തുന്നത്. ആടയാഭരണങ്ങളും മുടിയും അണിഞ്ഞ് തെയ്യം അരങ്ങേറും.
തെയ്യത്തിന്റെ മുഖത്തെഴുത്തിന് ചായില്യം, അരിപ്പൊടി, കരിമഷി, മനയോല തുടങ്ങിയ പരമ്പരാഗതചായങ്ങളാണ് ഉപയോഗിക്കുന്നത്.
എല്ലാ തെയ്യങ്ങൾക്കും വ്യത്യസ്തമായ മുഖത്തെഴുത്താണ് ഉണ്ടാവുക തെയ്യത്തിന്റെ സ്വഭാവം അനുസരിച്ചാണ് മുഖത്തെഴുത്തുകൾ ഉണ്ടാവുന്നത്.

തെയ്യച്ചമയം തയ്യാറാക്കുന്നതിനു ഫോക്‌ലോർ അവാർഡ് ലഭിച്ചിട്ടുള്ള കലാകാരനാണ് നാരായണേട്ടന്റെ മകൻ നിധീഷ്. നാരായണേട്ടന്റെ പുതിയ തലമുറ തെയ്യത്തെ കൂടുതൽ ജനകീയമാക്കി എന്ന് വേണമെങ്കിൽ പറയാം. തെയ്യം എന്ന കലാരൂപം അമേരിക്കയും സിംഗപ്പൂരും അടക്കമുള്ള വിദേശ രാജ്യങ്ങളിൽ അവതരിപ്പിക്കാൻ കഴിഞ്ഞതും അതുപോലെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും എന്തിനേറെ സർക്കാരിന്റെ പല ആഘോഷപരിപാടികളിലും അവതരിപ്പിക്കാൻ കഴിഞ്ഞതും പുതിയ തലമുറയുടെ നേട്ടമായി കരുതാം.
2007 – ൽ സംസ്ഥാന ഫോക്‌ലോർ അവാർഡും 2018 -ൽ ഫോക്‌ലോർ ഫെലോഷിപ്പും നാരായണപ്പെരുവണ്ണാന് ലഭിച്ചിട്ടുണ്ട്. 2016 ൽ രാഷ്ട്രപതിഭവനിൽ തെയ്യം അവതരിപ്പിക്കാൻ അവസരം ലഭിച്ചിരുന്നു. ഇന്ത്യ-ആഫ്രിക്ക ഉച്ചകോടിയുടെ ഭാഗമായാണ് തെയ്യം ഉൾപ്പെടെയുള്ള കലാരൂപങ്ങൾ രാഷ്‌ട്രപതിഭവനിൽ അവതരിപ്പിച്ചത്. 54 രാഷ്ട്രതലവന്മാർക്ക് മുന്നിലായിരുന്നു പ്രകടനം.
തന്റെ 85 ആം വയസിലും നാരായണേട്ടൻ പലവിധ വേഷങ്ങൾ കെട്ടിയാടി. മുഖത്തെഴുത്തിൽ തുടങ്ങി അത്രയും ഭാരമുള്ള ആടയാഭരണങ്ങൾ കെട്ടി തന്റെ 85 ആം വയസിലും മണിക്കൂറുകൾ അദ്ദേഹം സങ്കീർണ്ണമായ നൃത്തചുവടുകളുള്ള തെയ്യക്കോലം ദേവതകൾക്കു മുന്നിലും കാവുകളിലും ക്ഷേത്രങ്ങളിലും നിറഞ്ഞാടി . മുഖത്തെഴുത്തിനു മണിക്കൂറുകൾ തന്നെയെടുക്കും തനതായ വസ്ത്രങ്ങൾ, ആഭരണങ്ങൾ, പുഷ്പങ്ങൾ,കുരുത്തോല എന്നിവയെല്ലാം അലങ്കാരത്തിന് ഉപയോഗിക്കും. ചുവപ്പാണ് തെയ്യക്കോലങ്ങളിൽ മുന്നിട്ടു നിൽക്കുന്ന നിറം. സ്ത്രൈണ ഭാവമായ ലാസ്യവും അതുപോലെ തന്നെ താണ്ഡവവും രണ്ടും ഒരുപോലെ തെയ്യത്തിൽ കാണാം. ഇതെല്ലാം അതിൻറെ തനതായ അർത്ഥത്തിലും ഭംഗിയിലും ചടുലമായും തന്റെ 85 വയസിലും അദ്ദേഹം അവതരിപ്പിച്ചു. നേരം പുലരുവോളം ഭക്തരുടെ മുന്നിൽ ആടിത്തിമർക്കുമ്പോൾ എല്ലാ പ്രയാസങ്ങളും തനിക്കന്യമാവുമെന്നദ്ദേഹം പറയുന്നു. പാവപ്പെട്ടൊരു കോലക്കാരൻ ദൈവിക തലത്തിലേക്കുയരുന്നത് തോറ്റം പാട്ടിന്റെ വശ്യതയിൽ മനസ്സിനെ തപസ്സിരുത്തുമ്പോഴാണ്. അങ്ങനെ തന്റെ വാർദ്ധക്യ കാലത്തും പതിമ്മൂന്നാം വയസ്സിൽ കെട്ടിയ അതേ മനസ്സോടെ മെയ്‌വഴക്കത്തോടെ ഓരോ വേഷവും അദ്ദേഹം കെട്ടിയാടി.
ഉത്തരകേരളത്തിൽ പുതിയൊരു തെയ്യക്കാലം ആരംഭിക്കുമ്പോൾ ഇന്ന് നാരായണേട്ടനില്ല. നാരായണേട്ടനില്ലാത്ത ഈ തെയ്യക്കാലത്തിൽ അദ്ദേഹത്തിന്റെ തലമുറകൾക്ക് എന്നും കൂട്ടായി അദ്ദേഹത്തിന്റെ അനുഗ്രഹവും പ്രാർത്ഥനകളും അവരെ നയിക്കുമെന്നതിൽ സംശയമില്ല.
“ഒരു ദൈവവും തന്റെ നാടിനെയും നാട്ടുകാരെയും വിട്ടുപോവില്ലെന്ന ഉറപ്പോടെ നാരായണേട്ടന്റെ ഓർമകളിൽ തണ്ണീർ മലയിലെ കറുത്ത പാറയിടുക്കുകളിൽ ഇന്നും പൂത്തു നിൽപ്പുണ്ട് ചുവന്ന നിറമുള്ള ചെക്കികൾ കണ്ണിക്കകരുമകൻ വെള്ളാട്ട് കെട്ടിയപോലെ.”
Notes:
ഫോക്‌ലോർ അവാർഡ് കിട്ടിയ ആളാണ് നാരായണേട്ടനും അദ്ദേഹത്തിന്റെ മകൻ നിധീഷും. പുതിയൊരു ഉത്സവകാലം ആരംഭിക്കുമ്പോൾ അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല. കഴിഞ്ഞ വര്ഷം മരണപ്പെട്ടു. അദ്ദേഹമില്ലാതെ പുതിയ തലമുറ 80 ഓളം ക്ഷേതങ്ങളിൽ ഇന്ന് തെയ്യം കെട്ടിയാടുന്നു. അദ്ദേഹത്തെപ്പറ്റി അറിയാവുന്ന കാര്യങ്ങളാണ് എഴുതിയിരിക്കുന്നത്.
Written By: SREELESH RM, RAROTH MEETHAL (H), KAKKANCHERI (PO), ULLIYERI, KOYILANDY.


