ശിശുദിനം എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ എല്ലാവരുടെയും മനസിൽ തെളിയുന്ന മുഖം സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയാണ്. കുട്ടികളെ ഏറെ സ്‌നേഹിച്ചിരുന്ന നെഹ്റുവിൻ്റെ ജന്മദിനമായ നവംബർ 14നാണ് ശിശുദിനമായി ആചരിക്കുന്നത്.
1889 നവംബർ 14നാണ് നെഹ്റുവിൻ്റെ ജനനം. കുട്ടികളോടുള്ള അദ്ദേഹത്തിൻ്റെ സ്‌നേഹവും അടുപ്പവും മൂലം പ്രസിദ്ധമാണ്. ഇതോടെയാണ് ചാച്ചാജി എന്ന ഓമനപ്പേരിൽ അദ്ദേഹം അറിയപ്പെടാൻ തുടങ്ങിയത്. തൊപ്പിയും നീണ്ട ജുബ്ബായും അതിലൊരു ചുവന്ന റോസാപ്പൂവും പുഞ്ചിരിക്കുന്ന മുഖവുമുള്ള നെഹ്റു കുട്ടികൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് എന്നും ആഗ്രഹിച്ചത്. ആഘോഷങ്ങൾ ഏറെ ഇഷ്‌ടപ്പെടുമ്പോഴും കുട്ടികളാണ് സമൂഹത്തിൻ്റെ കരുത്തെന്ന് വിശ്വസിച്ചിരുന്ന വ്യക്തി കൂടിയാണ് നെഹ്റു.
എന്തിനാണ് ശിശിദിനം ആചരിക്കുന്നത്?
കുട്ടികളുടെ ക്ഷേമത്തിനും സ്വാതന്ത്രത്തിനും വിദ്യാഭ്യാസത്തിലും ശ്രദ്ധേ കേന്ദ്രീകരിക്കാനായി സംഘടിപ്പിക്കുന്ന ദിവസമാണ് ശിശുദിനം. രാജ്യത്തെ കുട്ടികൾ അവരുടെ ജീവിതം ആവോളം ആസ്വദിക്കാനും ആരോഗ്യവും സംസ്‌കാരവുമുള്ള ഉത്തമ പൗരന്മാരായി വളരാനുള്ള അവസരങ്ങളും സാഹചര്യങ്ങളും ഓരോ ശിശുദിനവും പ്രദാനം ചെയ്യുന്നുണ്ട്.
ആഘോഷമാകുന്ന ശിശുദിനം
ശിശുദിനം കുട്ടികളുടെ ആഘോഷമാണ്. രാജ്യത്തിൻ്റെ എല്ലാ കോണുകളിലും ഈ ദിവസം ആഘോഷിക്കപ്പെടുന്നുണ്ട്. വിവിധ സ്ഥാപനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചുള്ള പരിപാടികളും മത്സരങ്ങളും നടക്കും. കുരുന്ന് മനസുകളെ സാമൂഹ്യവും മാനസികവും വൈകാരികവുമായ സംഘർഷങ്ങളെ അതിജീവിക്കാൻ പഠിപ്പിക്കുകയാണ് ഈ ആഘോഷങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്.
ആഘോഷങ്ങളിൽ പല തരത്തിലുള്ള മത്സരങ്ങളും
ശിശുദിനം കുട്ടികളുടെ ആഘോഷമായത് കൊണ്ട് തന്നെ അവർക്കായുള്ള മത്സരങ്ങളാണ് അന്നേ ദിവസം നടത്തപ്പെടുക. വിദ്യഭ്യാസ സ്ഥാപനങ്ങൾ വായനശാലകൾ എന്നിവ കേന്ദ്രീകരിച്ചാണ് പലതരത്തിലുള്ള മത്സരങ്ങൾ നടക്കുക. ക്വിസ് മത്സരങ്ങൾ, ശിശുദിന പോസ്‌റ്റർ തയ്യാറാക്കൽ, ചിത്രരചന, പ്രസംഗം, രാജ്യത്തെക്കുറിച്ചും ചാച്ചാജിയെക്കുറിച്ചുള്ള അറിവുകൾ പങ്ക് വെക്കൽ എന്നീ കാര്യങ്ങളിലാകും ആ ദിവസം കുട്ടികൾ സമയം ചെലവഴിക്കുക.