ഒക്ടോബർ 9 ഏണസ്റ്റോ ചെ ഗുവേര ഓർമ്മദിനം
എറണാകുളത്ത് ജനിച്ചുവളർന്ന ഇന്ത്യൻ മാദ്ധ്യമപ്രവർത്തകയാണ് കെ പി ഭാനുമതി. നാഷണൽ ഹെറാൾഡ്, ടൈംസ് ഓഫ് ഇന്ത്യ,ദ ഹിന്ദുസ്ഥാൻ ടൈംസ്,ദ ഹിന്ദു,ദ സ്റ്റേറ്റ്സ്മാൻ,ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് എന്നീ പത്രങ്ങളിൽ പംക്തികൾ കൈകാര്യം ചെയ്തു.ആൾ ഇന്ത്യാ റേഡിയോയിലും ജോലി ചെയ്തിട്ടുണ്ട്.5 ദശകങ്ങൾ നീണ്ട പത്രപ്രവർത്തന ജീവിതത്തിൽ ഏണസ്റ്റോ ചെ ഗുവേര,ജവഹർലാൽ നെഹ്രു,ഇന്ദിരാ ഗാന്ധി,ചൗ എൻലായി,അഗത ക്രിസ്റ്റി തുടങ്ങി ഒട്ടേറെ പ്രമുഖരെ ആൾ ഇന്ത്യാ റേഡിയോയ്ക്ക് വേണ്ടിയും വിവിധ പത്രങ്ങൾക്ക് വേണ്ടിയും അഭിമുഖം ചെയ്തിട്ടുണ്ട്.ഭാനുമതിയുടെ 70 പ്രധാന അഭിമുഖങ്ങൾ നാഷണൽ ബുക്ക് ട്രസ്റ്റ് ‘കാൻഡിഡ് കോൺവെർസേഷൻസ് വിത്ത് ടവറിംഗ് പേർസൻസ്’ എന്ന പേരിൽ പ്രസിദ്ധീകരിച്ചു.മിലിറ്ററി യൂണിഫോമും ഹെവി ബൂട്ട്‌സും ചുണ്ടില്‍ എരിയുന്ന സിഗാറും ചേര്‍ന്ന രൂപമാണ് ചെ ഗുവേരയ്ക്കെങ്കിലും അതിലുംഅപ്പുറത്ത് വളരെ ശാന്തതയോടെയാണ് അദ്ദേഹം സോഷ്യലിസത്തെ ഉൾക്കൊണ്ടത്.സോഷ്യലിസത്തേയും കമ്മ്യൂണിസത്തേയും ഇന്ത്യയേയും കുറിച്ച് തന്റെ ചിന്തകള്‍ പങ്കുവയ്ക്കുന്ന ചെ യുടെ മുഖം സുന്ദരമായി വെളിപ്പെട്ടത് ഒരു അസാധാരണ അഭിമുഖത്തിലൂടെയാണ്.1959 ലെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ ആള്‍ ഇന്ത്യ റേഡിയോയ്ക്ക് വേണ്ടി മലയാളിയായ കെ പി ഭാനുമതി ചെയോട് രസകരമായ ചില ചോദ്യങ്ങള്‍ ചോദിച്ചു.വളരെ ശാന്തനായി ആലോചിച്ച് അന്ന് ചെ നല്‍കിയ ഉത്തരങ്ങള്‍ പലതും കൗതുകമുണര്‍ത്തുന്നതാണ്.ചെ ഒരു കമ്മ്യൂണിസ്റ്റാണോ? എന്ന കെ പി ഭാനുമതിയുടെ ചോദ്യത്തിന് ചെ നല്‍കിയ മറുപടി ഏറെ ശ്രദ്ധേയമാണ് – ‘ഞാന്‍ സ്വയം ഒരു കമ്മ്യൂണിസ്റ്റെന്ന് പറയാൻ ആഗ്രഹിക്കുന്നില്ല.സമത്വത്തിലും സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന ഒരു സോഷ്യലിസ്റ്റാണ് ഞാന്‍’ ലാറ്റിന്‍ അമേരിക്കയിലെ ചെറുപ്പകാലത്ത് തന്നെ പട്ടിണി,ദാരിദ്ര്യം രോഗങ്ങള്‍,തൊഴിലില്ലായ്മ എന്നിവ കണ്ടറിഞ്ഞിട്ടുള്ള ചെ ക്യൂബയിലും വിയറ്റ്നാമിലും ആഫ്രിക്കയിലും ഇതിന്റെ ഭീതി തൊട്ടറിഞ്ഞു. അങ്ങനെയാണ് ചെയിലെ വിപ്ലവകാരി സ്വയം ഒരു സോഷ്യലിസ്റ്റെന്ന് അടയാളപ്പെടുത്തിയത്.സമത്വത്തിനായി ദാഹിക്കുന്ന ചെയുടെ ഉൾവിളിയായിരുന്നു അത്.ബഹുമുഖ പ്രതിഭയായിരുന്നുവെങ്കിലും അന്തര്‍മുഖനായിരുന്നു ചെ ഗുവേര.വളരെ ശാന്തനായി ഒരു തത്വചിന്തകൻ്റെ ഭാവത്തില്‍ അദ്ദേഹം സംസാരിക്കുന്നത് വളരെ കൗതുകമുണര്‍ത്തുന്ന കാഴ്ചയായിരുന്നുവെന്ന് ഭാനുമതി പിന്നീട് പറഞ്ഞിട്ടുണ്ട്. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം ആരംഭിക്കുന്നത് ജനങ്ങളുടെ പട്ടിണിയില്‍ നിന്നാണെന്ന് ചെ വിശ്വസിച്ചു.ഇന്ത്യക്കാരുടെ സ്വാതന്ത്ര്യപോരാട്ടത്തില്‍ ഗാന്ധി ദര്‍ശനങ്ങള്‍ക്കുള്ള പങ്കിനെ അദ്ദേഹം വളരെ വിലമതിച്ചിരുന്നു.ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ച് ചെയ്ക്ക് വളരെ വ്യക്തമായ കാഴ്ചപ്പാടാണ് ഉണ്ടായിരുന്നത്.ഗാന്ധിയേയും നെഹ്‌റുവിനേയും ചെ ഒരുപോലെ ബഹുമാനിച്ചിരുന്നുവെന്ന് കെ പി ഭാനുമതി ഓര്‍മ്മിക്കുന്നു.ഗാന്ധിയുടെ ആശയങ്ങളുണ്ടാക്കിയ ദാര്‍ശനിക അടിത്തറ ഇന്ത്യയ്ക്കുണ്ടെന്നും അത്തരമൊന്ന് ലാറ്റിന്‍ അമേരിക്കയില്‍ ഇല്ലെന്നും അഭിമുഖത്തിനിടെ ചെ ചൂണ്ടിക്കാട്ടി.ഗാന്ധിയുടെ അഹിംസാ സിദ്ധാന്തങ്ങളോട് ചെഗുവേരയ്ക്ക് വലിയ ബഹുമാനമാണ് ഉണ്ടായിരുന്നത്.യുദ്ധമെന്ന വാക്ക് ഇന്ത്യക്കാരുടെ ആത്മാവില്‍ നിന്ന് വളരെ അകലെയാണ്. സ്വാതന്ത്രപോരാട്ടത്തിന്റെ പിരിമുറുക്കമുള്ള നിമിഷങ്ങളില്‍പ്പോലും അവര്‍ ഹിംസയെക്കുറിച്ച് ചിന്തിച്ചില്ല.അഹിംസയിലും സമാധാനത്തിലും അടിയുറച്ച പോരാട്ടത്തിലൂടെ ഇംഗ്ലീഷ് കൊളോണിയലിസത്തെ മുട്ടുകുത്തിക്കാനായെന്ന് ചെ ഇന്ത്യക്കാരെക്കുറിച്ച് അഭിമാനത്തോടെ അഭിമുഖത്തില്‍ പറഞ്ഞു.ഇന്ത്യയും ക്യൂബയുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് വളരെ ശക്തമായ ആഗ്രഹവും ചെ പ്രകടിപ്പിച്ചു.ഇന്ത്യാ സന്ദര്‍ശനവേളയില്‍ ഡല്‍ഹിയിലേയും കൊല്‍ക്കത്തയിലേയും വീഥികളിലൂടെ യാത്ര ചെയ്ത് ചെ വിപ്ലവകാരിക്ക് മരണമില്ലെന്ന് ലോകത്തെ ഇന്നും ഓർമ്മിപ്പിക്കുന്നു.
–ചന്ദ്രപ്രകാശ് എസ് എസ്



