തമിഴ്നാട് പൊലീസിൻ്റെ കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ തടവുകാരൻ ബാലമുരുകനായി തൃശൂരിൽ വ്യാപക തിരച്ചിൽ. ജില്ലാ അതിർത്തികളിലും വ്യാപക പരിശോധന നടത്തിവരികയാണ്. ഇന്നലെ രാത്രിയാണ് തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് വിയ്യൂർ സെൻട്രൽ ജയിലിലേക്ക് എത്തിക്കുന്ന സമയത്തായിരുന്നു കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ ചാടിപ്പോയത്.
ജയിലിന് സമീപമുള്ള കടയിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഇയാൾ ഓടി രക്ഷപ്പെട്ടത്. ഇയാൾ ഒരു കാറിൽ കയറി രക്ഷപ്പെടുകയായിരുന്നുവെന്ന സംശയവും തമിഴ്‌നാട് പൊലീസ് പ്രകടിപ്പിക്കുന്നുണ്ട്. പ്രതി തൃശൂർ നഗരം വിട്ട് പോയിട്ടുണ്ടോ എന്നറിയാനായി നിലവിൽ സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കുകയാണ്. കറുത്ത ഷർട്ടും വെളുത്ത മുണ്ടും ആയിരുന്നു രക്ഷപ്പെടുമ്പോഴുള്ള ഇയാളുടെ വേഷം.
ഒരു വർഷം മുൻപും സമാന രീതിയിൽ ഇയാൾ രക്ഷപ്പെട്ടിരുന്നു. അന്നും തമിഴ്‌നാട് പൊലീസിന്റെ പക്കൽ നിന്നാണ് ഇയാൾ രക്ഷപ്പെട്ടത്. തമിഴ്‌നാട് പൊലീസിന്റെ ബസിൽ നിന്നാണ് ചാടിയത്. പിന്നീട് പിടിക്കപ്പെട്ടിരുന്നു. 53 കേസുകളിൽ പ്രതിയാണ് ബാലമുരുകൻ. രക്ഷപ്പെട്ട പ്രതി ബൈക്കുമായി കടന്നു കളയാനുള്ള സാധ്യതയുണ്ടെന്നും ഇതിനാൽ ബൈക്ക് മോഷണം എവിടെയെങ്കിലും റിപ്പോർട്ട് ചെയ്താൽ ഉടനെ പൊലീസിനെ അറിയിക്കണമെന്നുമാണ് നിർദേശം. ബൈക്കിൽ താക്കോൽ അടക്കം വെക്കരുതെന്നും നിർദേശമുണ്ട്.


