ചാവക്കാട് . ഗുരുവായൂർ നിയോജകമണ്ഡലത്തിലെ ചേറ്റുവ ഹാർബർ നവീകരണത്തിനായി 30.3 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എൻ.കെ.അക്ബർ എംഎൽഎ അറിയിച്ചു. നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണം. ഹാർബർ എൻജിനീയറിങ് വകുപ്പിനാണ് നിർമാണ ചുമതല. പുതിയ വാർഫ്, ലേലഹാൾ, പാർക്കിങ്, കവേർഡ് ലോഡിങ് ഏരിയ എന്നിവ നവീകരണത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ 2 പുലിമുട്ടുകളുടെയും പുനരുദ്ധാരണം, നിലവിലുള്ള ഗ്രോയിനുകളുടെ പുനർ നിർമാണം, ടെട്രാപോഡ് ഉപയോഗിച്ച് പുലിമുട്ടുകളെ ബലപ്പെടുത്തുന്നതും പദ്ധതിയുടെ ഭാഗമായി നടത്തും. നിലവിൽ 5 കോടി രൂപയ്ക്ക് ചെളിയും മണ്ണും നീക്കം ചെയ്യുന്നതും നടക്കുന്നുണ്ട്. 8.83 കോടി രൂപയുടെ ഫ്ലോട്ടിങ് ബ്രിജ് നിർമിക്കുന്നതിനുള്ള നടപടികളും നടന്നുവരുന്നുണ്ട്. ചേറ്റുവ ഹാർബർ നവീകരണ പദ്ധതിക്ക് കൂടി ഭരണാനുമതി ലഭിച്ചതോടെ 50 കോടിയിലേറെ രൂപയുടെ വികസനമാണ് ചേറ്റുവ ഹാർബറിൽ നടക്കുന്നതെന്ന് എംഎൽഎ പറഞ്ഞു.