കവിതകളിലൂടെയും ഗാനങ്ങളിലൂടെയും മലയാളിയുടെ മനസ് കീഴടക്കിയ പ്രിയ കവിയുടെ ഒ എന്‍ വി യുടെ ഓര്‍മകള്‍ക്കിന്ന് 8 വയസ്. വാക്കുകള്‍ കൊണ്ടും വരികള്‍ കൊണ്ടും വരച്ചിടാന്‍ കഴിയാത്ത ആ വിസ്മയം നമുക്കായി സമ്മാനിച്ച ഗാനങ്ങളും കവിതകളും നമ്മുടെ കാതുകളില്‍ തേന്മഴയായി പൊഴിയുകയാണ്.

ആ സര്‍ഗധന്യതയുടെ സ്മൃതിനിറവിലാണ് ഇന്നും മലയാളം. പൊന്നരിവാളിനെ ഉലയിലൂതിക്കാച്ചാന്‍ കേരളീയ ജനകീയ നാടകവേദി ജ്വലിച്ചപ്പോള്‍ വിപ്ലവത്തോട് കൂട്ടികൂടിത്തുടങ്ങിയതാണ് ഒഎന്‍വി. പേര് വെളിവാക്കാതെ ഒരു വാരാന്ത്യപ്പതിപ്പില്‍ അച്ചടിപ്പിച്ച കവിതയ്ക്ക് ദേവരാജന്‍ ശ്രുതിചേര്‍ത്തപ്പോള്‍ കാലം കാത്തുവച്ച ഗാനമായി. നേരുനേടും പോരില്‍ തോളോടുതോള്‍ പൊരുതാന്‍ ആഹ്വാനം ചെയ്ത ഗാനം. ഒരു വിപ്ലവഗാനം സമ്മേളനവേദികളില്‍ ആവര്‍ത്തിച്ച് പാടിക്കേള്‍ക്കുന്നുവെന്നറിഞ്ഞ് അന്വേഷിച്ചെത്തിയ പൊലീസുകാര്‍ പ്രേമഗാനമെന്ന് റിപ്പോര്‍ട്ടെഴുതി.
നിറഞ്ഞ വിദ്യാര്‍ത്ഥിസദസ്സില്‍ ആദ്യം പാടിക്കേട്ട എകെജിയെക്കൊണ്ട് വീണ്ടും കേള്‍ക്കണമെന്ന് പറയിപ്പിച്ചതും ചരിത്രം. വിദ്യാര്‍ത്ഥിയായിരിക്കെ ബാലമുരളി എന്ന പേരിലെഴുതിത്തുടങ്ങിയ ഒഎന്‍വിയുടെ ആദ്യം പുറത്തിറങ്ങിയ കവിത പതിനഞ്ചാം വയസ്സിലെഴുതിയ മുന്നോട്ടാണ്. 1955ല്‍ പുറത്തിറങ്ങിയ കാലം മാറുന്നു എന്ന ചിത്രത്തിലെ ആ മലര്‍പൊയ്കയില്‍ സിനിമയ്‌ക്കെഴുതിയ കടിഞ്ഞൂല്‍ഗാനമായി.
ഗൃഹാതുരത്വത്തെ ആരോഗ്യമാക്കിയ കവിയായിരുന്നു ഒഎന്‍വി. ഓര്‍മകളെ ആതുരത്വമാക്കാന്‍ കഴിയാത്തവരെ രോഗികളെന്നുവിളിച്ച മനുഷ്യന്‍. ഒഎന്‍വിയുടെ രചനാവൈഭവം ഇംഗ്ലീഷ് സോണറ്റുകള്‍ക്കും മുക്തകം മുതല്‍ ഹൈക്കു വരെ നീളുന്ന മലയാള ഭാവകവിതയ്ക്കും മുകളില്‍ തരംതിരിയാതെ തെളിഞ്ഞു. മണ്‍വിളക്ക് വിട്ട് പാറുന്ന പ്രകാശത്തെ പിന്തുടരാനും മര്‍ത്യതയ്ക്കായി കത്തിച്ചുപിടിച്ച കൈവിളക്കാകാനും ഒഎന്‍വിക്ക് കൂട്ട് പാട്ട് തന്നെയായിരുന്നു. പാട്ടിനെ കൂടപ്പിറപ്പാക്കിയ പാട്ടുകാരന്റെ ഹൃദയഹാര്‍മോണിയം ഇനിയും അനശ്വരമായി പാടും.