Sunday, September 15, 2024
HomeCity Newsപുസ്തകങ്ങളുടെ സഹയാത്രികൻ
spot_img

പുസ്തകങ്ങളുടെ സഹയാത്രികൻ

വായനക്കാരനും എഴുത്തുകാരനും കൂടിയാണ് ഷംനാദ്

തൃശ്ശൂരിലെ പാലസ് റോഡിനു പുസ്‌തകങ്ങളുടെ മണം കൂടിയുണ്ട്.
പുസ്‌തകങ്ങൾക്കൊപ്പം ആയിരിക്കും നമ്മൾ എല്ലാം ഷംനാദിനെ കണ്ടിട്ടുണ്ടാവുക. ഊണും ഉറക്കവും പോലും ഉപേക്ഷിച്ചു ഇയാൾ പുസ്‌തകങ്ങൾക്കൊപ്പം യാത്ര തുടങ്ങിയിട്ട് ഇരുപതു വർഷത്തിൽ ഏറെയായി…
തൃശൂർ നഗരത്തിലെ പാലസ് റോഡ്‌ എന്ന് പറഞ്ഞാൽ അക്ഷരാർത്ഥത്തിൽ പുസ്തകങ്ങളുടെ വീഥി കൂടിയാണ്. ഇരുപതിൽ കൂടുതൽ വര്ഷങ്ങളായി അഞ്ചു വഴിയോര പുസ്‌തക കച്ചവടക്കാർ ഇവിടെ കച്ചവടം നടത്തികൊണ്ടിരിക്കുന്നു. വായനാശീലം കുറഞ്ഞു വരുന്ന ഇക്കാലത്തു ലോകോത്തര കൃതികളും വിദ്യാർത്ഥികളുടെ പാഠപുസ്‌തകവും വളരെ വിലക്കുറവിൽ ലഭിക്കുന്ന ഇത്തരം ഇടങ്ങൾ തൃശൂർക്കാർക്ക് വലിയ അനുഗ്രഹമാണ്. വായന ശീലം വളർത്താൻ നമ്മുടെ സർക്കാർ കോടികൾ ചിലവഴിച്ചു ഓരോ പരിപാടികൾ സംഘടിപ്പിക്കുമ്പോളും യഥാർത്ഥ വായനാശീലം വളരുന്നതിനുള്ള ഉപാധി ഇത്തരം വഴിയോര കച്ചവടക്കാർ ആണ്.


ഷംനാദ് പുസ്‌തകങ്ങൾ വിൽക്കുന്നതിനൊപ്പം നല്ല ഒരു വായനക്കാരനും എഴുത്തുകാരനും കൂടിയാണ്. സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്‌തകോത്സവത്തിൽ വിവിധരാജ്യങ്ങളിൽ നിന്നുള്ള എഴുത്തുകാർ വന്നിരുന്നു. അവരിൽ പലരും ഷംനാദിന്റെ ഷോപ്പിൽ കൂടി സന്ദർശിച്ചിരുന്നു.


നജ്മൽ ഡാർവിഷ് എന്ന ലോകം അറിയുന്ന അറബ് സാഹിത്യകാരൻ തന്റെ പുസ്‌തകക്കടയിലേക്കു കടന്നുവന്ന ദിവസം ആണ് ഷംനാദിന്റെ മനസിൽ തങ്ങി നിൽക്കുന്ന ഏറ്റവും തിളക്കമുള്ള ഓർമ്മ. ജീവിതത്തോണി തുഴയുന്നതിനിടയിൽ പഠനം പാതി നിലച്ചുപോയ ഒരുവൻ ഇന്ന് രണ്ടു പുസ്‌തകങ്ങളുടെ രചയിതാവാണ്. അതിൽ തന്നെ എപ്പിസോഡ് എന്ന കവിത ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയത് നമ്മുടെ ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദു ടീച്ചറാണ് എന്ന് അറിയുമ്പോൾ അറിയാം ഈ ചെറുപ്പക്കാരനും അക്ഷരങ്ങളും തമ്മിലുള്ള ആത്മബന്ധം.
പുസ്‌തകങ്ങളോട് കൂട് കൂടി എത്തുന്നവരെല്ലാം ഷംനാദിന്റെ അടുത്ത സുഹൃത്തുക്കളാണ്. അങ്ങനെയൊരു സുഹൃത്തിന്റെ സഹായത്തോടെ അയാൾ പത്താംക്ലാസ് പഠനവും പൂർത്തീകരിച്ചു. അടുത്ത പുസ്‌തകത്തിന്റെ പണിപ്പുരയിലാണ് ഷംനാദ്.

നഗരവീഥികളിലെ വലിയ ഭംഗികളൊന്നുമില്ലാത്ത തെരുവോരങ്ങളിൽനിന്നും വിത്തിനു പത്തുഗുണമുള്ള വായനക്കാരെ സൃഷ്ടിച്ചെടുക്കുന്ന മായാജാലക്കാർ ആണ് ഷംനാദിനെപ്പോലെയുള്ളവർ. പഴയ പുസ്തകങ്ങളുടെ അടുക്കുകൾ മനോഹരമായി ഒരുക്കിവച്ച്, ഒരു മൂലക്ക് അടുക്കും ചിട്ടയുമില്ലാതെ കൂട്ടിയിട്ട മാസികകളും കഥാപുസ്തകങ്ങളും ഒക്കെയായി, ഏതെങ്കിലുമൊരു ബസ് സ്റ്റോപ്പിനോടോ, തണൽമരത്തിനോടോ ചേർന്ന് വലിച്ചുകെട്ടിയ ഒരു കുഞ്ഞു ഷീറ്റിന് താഴെയുള്ള ഒരു പുസ്തകലോകം വായനാലോകത്തിനു തരുന്നത് വായനയുടെ വലിയ ആകാശമാണ്‌.

നമ്മളിൽ ഒട്ടുമിക്കപേരും സീരിയസ് ആയ വായനകളിലേക്ക് പിച്ചവെച്ചു തുടങ്ങിയത് പുസ്തകങ്ങളുടെ കൗതുകങ്ങൾ നിറംചാലിച്ചിട്ട ഇത്തരം കളിമുറ്റങ്ങളിലായിരിക്കും, തീർച്ചഇവരിൽ പലരുടെയും നല്ല സമീപനങ്ങൾക്കൊണ്ട് നിരന്തരമായ വായനയിലേക്കും പിന്നീട് എഴുത്തിലേക്കുമൊക്കെ കടന്നുചെല്ലാൻ ഇടയായിട്ടുള്ള എത്രയോ പേരുണ്ട്… നല്ല പുസ്തകങ്ങളും ഏറെ കുറഞ്ഞ വാക്കുകളിൽ അതിന്റെ ഉള്ളടക്കത്തെക്കുറിച്ചുമൊക്കെ പറഞ്ഞ് തന്ന് നല്ല വായനയിലേക്ക്, നല്ല പുസ്തകങ്ങളിലേക്കുമൊക്കെ എത്തിപ്പെടാൻ നമ്മളിൽ പലർക്കും ഗോവണിപ്പടികളായവർ…!!
എഴുത്തുകാർ എത്രത്തോളമുണ്ടെങ്കിലും വായനക്ക് അനുവാചകരില്ലെങ്കിൽ പിന്നെന്ത് പുസ്തകങ്ങൾ…!!
വെറും മൂല്യം നഷ്ടമായ നോട്ടുകെട്ടുകൾക്ക് സമം!!!

– തസ്‌നി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments