തൃശൂർ: അനശ്വര നടൻ ജയന്റെ ഓര്‍മയ്ക്കായി ആരാധകർ നിർമിച്ച ബസ് സ്റ്റോപ്പ് സൂപ്പർ ഹിറ്റ്. തൃശൂര്‍ മണ്ണുത്തിയിലാണ് ‘ജയതാരകം’ എന്ന പേരിൽ രണ്ടു വർഷം മുൻപ് ബസ് സ്റ്റോപ്പ് നിർമിച്ചത്. രണ്ടര ലക്ഷം രൂപ ചെലവിട്ടാണ് ജയതാരകം എന്ന പേരില്‍ മണ്ണുത്തി- തൃശൂര്‍ റോഡിൽ ഈ ബസ് സ്റ്റോപ്പ് പണിതത്.
ജയന്‍ അഭിനയിച്ച ഒട്ടുമിക്ക കഥാപാത്രങ്ങളുടെ ചിത്രങ്ങളും ഈ ബസ് സ്റ്റോപ്പില്‍ കാണാം. ജയന്റെ ജീവചരിത്രം പറയുന്ന ബസ് സ്റ്റോപ്പ് യാത്രക്കാര്‍ക്ക് ദൃശ്യവിരുന്ന് കൂടിയാണ്. ഓള്‍ കേരള ജയന്‍ സ്മാരക സാംസ്കാരിക വേദിയാണ് ബസ് സ്റ്റോപ്പ് പണിതത്. ജയന്റെ പേരില്‍ ഈ സ്റ്റോപ്പ് എല്ലാക്കാലവും അറിയപ്പെടണമെന്നാണ് ആരാധകരുടെ ആഗ്രഹം.
മലയാളികൾക്ക് അഭിനയത്തിന്റെ അഥവാ സിനിമയുടെ ആവേശം നൽകിയ കലാകാരന്റെ 85-ാം ജന്മവാർഷികമാണിന്ന്. 120 ലധികം ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് ജയൻ. ജയൻ എന്ന നടന്റെ പ്രതീകമായി മാറിയ ബെൽ ബോട്ടം പാന്റും കൂളിംഗ് ഗ്ലാസും സ്റ്റൈലും യുവത്വത്തിനിന്നും പ്രിയപ്പെട്ടതാണ്.
കൃഷ്ണൻ നായർ എന്ന പേരിലെ ജയൻ എന്ന നടൻ ഇന്നും പ്രേക്ഷക മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. ഒരു ആക്ഷൻ താരമായാണ് അറിയപ്പെട്ടിരുന്നതെങ്കിലും ഏതാനും ചിത്രങ്ങളിൽ സ്വഭാവ വേഷങ്ങളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു. ഓർമകളിൽ മാത്രം നിലനിൽക്കുന്ന ജയൻ എന്ന നടൻ്റെ ജന്മദിനം ഓർക്കുകയാണിന്നും മലയാളികൾ.
നടനെന്ന നിലയിൽ അറിയപ്പെട്ടപ്പോഴും പതിനഞ്ച് വർഷക്കാലം നാവികസേന ഓഫീസറായി സേവനമനുഷ്ടിച്ചിരുന്നു. പതിനഞ്ച് വർഷത്തെ നാവിക ജീവിതം ജയന് ജീവിതാനുഭവങ്ങളുടെ വലിയ പാഠങ്ങളായിരുന്നു. 70 കളിലെ യുവത്വത്തിന്റെ പ്രതീകമായിരുന്നു അദ്ദേഹം. എന്നും സാഹസികത മുൻനിർത്തിയുള്ള അഭിനയ ശൈലിയും അദ്ദേഹത്തിൻ്റെ സവിശേഷതയാണ്. മലയാള സിനിമയിലെ ആദ്യ ആക്ഷൻ നായകനെന്ന വിശേഷണവും അദ്ദേഹത്തിന് സ്വന്തം. 1974ൽ ശാപമോക്ഷം ജേസി എന്ന ചിത്രത്തിലൂടെയാണ് ജയൻ ചലച്ചിത്ര ലോകത്ത് ചുവട് വെച്ചത്.
ശരപഞ്ജരം, കഴുകൻ, മീൻ, അങ്ങാടി, കാന്തവലയം, നായാട്ട്, കരിമ്പന എന്നിവയൊക്കെ അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങളാണ്. 41 ആം വയസിൽ തൻ്റെ പ്രശസ്‌തിയുടെ കൊടുമുടിയിലായിരിക്കവേയാണ് മരണത്തിന് കീഴടങ്ങിയത്. കോളിളക്കം എന്ന സിനിമയ്ക്ക് വേണ്ടി ഒരു ഹെലികോപ്‌ടർ ഉൾപ്പെടുന്ന രംഗത്തെ അത്യന്തം അപകടം പിടിച്ച ഒരു ഫൈറ്റ് സീൻ ഷൂട്ട് ചെയ്യുന്ന സമയത്ത് സംഭവിച്ച അപകടത്തിലാണ് ജയൻ എന്ന നടനെ ന്ഷ്ടമായത്. ശബ്ദ്‌ദ ഗാംഭീര്യത്താൽ തന്നെ മറ്റ് നായകൻമാരിൽ നിന്നും വളരെ വ്യത്യസ്‌തമായിരുന്നു. ജയനെ ജനകീയ നടനാക്കിത്തീർത്തത് അങ്ങാടി എന്ന ചിത്രമാണ്. മലയാളികളും സിനിമാ ലോകവും എന്നും ഓർക്കും ആ അനശ്വര കലാകാരനെ.