ഭാരതത്തിന്റെ കലാ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രോജ്വലനമായ സംസ്‌കാർ ഭാരതിയുടെ കേരളത്തിലെ അംഗസംഘടനയായ തപസ്യ കലാ സാഹിത്യവേദി സുവർണ്ണജയന്തി വർഷത്തിലേക്ക് ചുവടുവെയ്ക്കുകയാണ്. ആഘോഷ പരിപാടികളുടെ ഭാഗമായി സംസ്ഥാന പഠനശിബിരം 2024 ഓഗസ്റ്റ് 10 ,11 തീയതികളിൽ കൊല്ലം മാമൂട്ടിൽകടവ് പുതിയകാവ് സെൻട്രൽ സ്‌കൂളിൽ വെച്ചുനടക്കും. പ്രശസ്ത ചലച്ചിത്ര നടനും നാടക സംവിധായകനുമായ ശ്രീ. ഇ എ രാജേന്ദ്രൻ ഉദ്‌ഘാടനം നിർവ്വഹിക്കും. സോപാന സംഗീതം, സംഗീത സമന്വയം, മോഹിനിയാട്ടം, പാട്ടരങ്ങ് തുടങ്ങീ വിവിധ കലാ- സാംസ്‌കാരിക പരിപാടികളും വിഖ്യാത ചലച്ചിത്രകാരൻ പത്മരാജന്റെ നോവലിനെ ആധാരമാക്കി ചിത്രീകരിച്ച ‘രാമൻ തേടുന്ന പെരുവഴിയമ്പലം’ എന്ന ഡോക്യുഫിക്ഷന്റെ പ്രദർശനവും നടക്കും. മഹാകവി അക്കിത്തത്തിന്റെ പ്രതിഭാ സ്ഫുരണങ്ങളേറ്റു വളർന്ന തപസ്യ, കഴിഞ്ഞ അര നൂറ്റാണ്ടായി കേരളത്തിലെ പൊതുസമൂഹത്തിൽ ദേശീയത വളർത്തുന്നതിൽ പ്രശംസനീയമായ പങ്കുവഹിച്ചിട്ടുണ്ട്.