Sunday, September 8, 2024
HomeBREAKING NEWSഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു
spot_img

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു

നിർമ്മാതാവ് സജി മോൻ പാറയിലിൻ്റെ ഹർജിയിലാണ് ഹൈക്കോടതി നടപടി

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. നിർമ്മാതാവ് സജി മോൻ പറയിലിൻ്റെ ഹർജിയിലാണ് ഹൈക്കോടതി നടപടി. ഒരാഴ്ചത്തേയ്ക്കാണ് ഹൈക്കോടതി നടപടി. എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും ഹൈക്കോടതി തീരുമാനിച്ചിരുന്നു. ഹര്‍ജി ഓഗസ്റ്റ് ഒന്നിന് കോടതി വീണ്ടും പരിഗണിക്കും. സർക്കാരിനും വിവരാവകാശം നൽകിയ മാധ്യമ പ്രവർത്തകർക്കുമാണ് കോടതി നോട്ടീസ് അയക്കുക. ജസ്റ്റിസ് പിഎം മനോജ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിൻ്റേതാണ് വിധി. ഒരാഴ്ചയ്ക്കകം എതിര്‍കക്ഷികള്‍ മറുപടി നല്‍കണം.

സിനിമ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടാൻ സർക്കാർ തീരുമാനിച്ചിരുന്നു. വിവരാവകാശ നിയമപ്രകാരം റിപ്പോർട്ട് പുറത്തുവിടാനായിരുന്നു സർക്കാർ തീരുമാനം. ഇത് തടയണമെന്നാവശ്യപ്പെട്ടായിരുന്നു സജിമോൻ ഹൈക്കോടതിയെ സമീപിച്ചത്. റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുള്‍ ഹക്കീമാണ് ഉത്തരവിട്ടത്. വിവരാവകാശ നിയമ പ്രകാരം അപ്പീല്‍ സമര്‍പ്പിച്ചവര്‍ക്ക് ഈ മാസം 26 നകം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാനായിരുന്നു കമ്മീഷണറുടെ ഉത്തരവ്. 

കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ പൊതുതാല്‍പര്യമില്ലെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചിരുന്നു. പൊതുതാല്‍പര്യമുണ്ടെന്നതിന് ഒരു കാരണവും വിവരാവകാശ കമ്മീഷന്‍ വ്യക്തമാക്കിയിട്ടില്ല. കമ്മിറ്റി റിപ്പോര്‍ട്ടില്‍ പേരുള്ളവരുടെ ഭാഗം കേള്‍ക്കാതെയാണ് തീരുമാനം. റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത് സ്വാഭാവിക നീതിക്ക് എതിരെന്നും ഹര്‍ജിക്കാരന്‍ വാദിച്ചിരുന്നു.

സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ഹർജിയെ എതിർത്തിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഹര്‍ജിക്കാരനും കക്ഷി അല്ലെന്നായിരുന്നു സംസ്ഥാന വിവരാവകാശ കമ്മീഷൻ്റെ വാദം. ഹര്‍ജിക്കാരന്‍ ഹേമ കമ്മീഷന് മുന്‍പാകെ ഹാജരായിട്ടില്ല. റിപ്പോര്‍ട്ടില്‍ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന കാര്യങ്ങള്‍ ഉണ്ടെന്ന് ഹര്‍ജിക്കാരന് എങ്ങനെ പറയാനാകുമെന്നും വിവരാവകാശ കമ്മീഷൻ ചോദിച്ചു. ഹര്‍ജിക്കാരന്‍ മറ്റാര്‍ക്കോവേണ്ടി സംസാരിക്കുകയാണെന്നും വിവരാവകാശ കമ്മീഷന്‍ വാദിച്ചിരുന്നു. സ്വകാര്യത ലംഘനം സംബന്ധിച്ച് ഇതുവരെ ആരം എതിര്‍പ്പ് ഉയര്‍ത്തിയിട്ടില്ലെന്നും സ്വകാര്യത ലംഘിക്കുന്ന വിവരങ്ങള്‍ ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ഉത്തരവിട്ടതെന്നും വിവരാവകാശ കമ്മീഷൻ കോടതിയിൽ വാദിച്ചിരുന്നു. ഹൈക്കോടതിയെ സമീപിക്കാനുള്ള അവകാശം ഹര്‍ജിക്കാരനില്ലെന്ന വാദവും എസ്‌ഐസി മുന്നോട്ടു വച്ചിരുന്നു. ചലച്ചിത്ര നിര്‍മ്മാതാവിൻ്റെത് സ്വകാര്യ താല്‍പര്യമുള്ള ഹര്‍ജിയെന്നും വിവരാവകാശ കമ്മിഷന്‍ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു.

നടി അക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിഷയങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിച്ചത്. ജസ്റ്റിസ്.കെ ഹേമയുടെ നേതൃത്വത്തിലുള്ള മൂന്നംഗസംഘത്തില്‍ അഭിനേത്രി ശാരദ മുന്‍ ഐപിഎസ് ഓഫീസര്‍ കെ ബി വത്സലകുമാരി എന്നിവരായിരുന്നു അംഗങ്ങള്‍. 1.65 കോടി രൂപയാണ് ഹേമ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ചെലവഴിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments