പൈതൃക കോളേജ് പദ്ധതിയുടെ ഭാഗമായി കിഫ്ബി ധനസഹായത്തോടെ മികവിന്റെ കേന്ദ്രങ്ങൾ ആയി വികസിപ്പിക്കുന്ന സംസ്ഥാനത്തെ അഞ്ചു കോളേജുകളിൽ ഒന്നായ തൃശ്ശൂർ ശ്രീ കേരളവർമ്മ കോളേജിൽ ഇതുമായി ബന്ധപ്പെട്ടു നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗതി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു നേരിൽ സന്ദർശിച്ചു വിലയിരുത്തി. തുടർന്ന് നടന്ന അവലോകന യോഗത്തിൽ കോളേജ് പ്രിൻസിപ്പൾ ഇൻ ചാർജ്ജ് ഡോ:കെ.ജയനിഷ,കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ:എംകെ സുദർശൻ,കോളേജിയേറ്റ് എഡ്യുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ, കിറ്റ്കോ പ്രതിനിധികൾ, കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി,ദേവസ്വം ബോർഡ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.നിർമ്മാണ പ്രവർത്തങ്ങൾ പൂർത്തീകരിച്ചു രണ്ടു മാസത്തിനുള്ളിൽ കെട്ടിടം കൈമാറാൻ സാധിക്കും എന്നു കിറ്റ്കോ പ്രതിനിധികൾ യോഗത്തിൽ സൂചിപ്പിച്ചു.
പൈതൃക കോളേജ് പദ്ധതിയുടെ ഭാഗമായി തൃശ്ശൂർ ശ്രീ കേരളവർമ്മ കോളേജിൽ പി.ജി ബ്ലോക്ക് , യു.ജി.ബ്ലോക്ക്,സ്പോർട്ട്സ് കോംപ്ലക്സ് തുടങ്ങിയവ നിർമ്മിക്കാനായി 18.9 കോടി രൂപയും , ക്ലാസ് റൂമുകളുടെയും ലബോറട്ടറികളെയും,ലൈബ്രറി ഡിജിറ്റലൈസ് ചെയ്തു ആധുനികവൽക്കരിക്കുന്നതിനു 6 കോടി രൂപയും,രണ്ടു അന്തർ വൈജ്ഞാനിക ഗവേഷ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് 5.1 കോടി രൂപയും ആണ് വകയിരുത്തിയിട്ടുള്ളത്. ആദ്യഘട്ട വികസന പ്രവർത്തങ്ങൾക്കായി കിഫ്ബി 14.323 കോടി രൂപ അനുവദിച്ചിട്ടുണ്ട് അതുപ്രകാരം പി.ജി. ബ്ലോക്ക് നിർമ്മാണ പ്രവർത്തനങ്ങൾ ആണ് നിലവിൽ പൂർത്തികരിച്ചു വരുന്നത് . പ്രസ്തുത നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ മന്ത്രി ഡോ. ആർ. ബിന്ദു നിർദ്ദേശം നൽകി. അടുത്ത ഘട്ട വികസന പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് വേണ്ട കാര്യങ്ങൾ പരിശോധിക്കാം എന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.
കോളജ് വികസന കാര്യങ്ങൾക്കായി കോളജിൻ്റെ അഭ്യുതയകാംക്ഷികളുടെ ഒരു യോഗം വിളിച്ചു ചേർക്കണം എന്നും മന്ത്രി നിർദേശിച്ചു.