യുക്തിബോധവും സമയബോധവും ഓർമ്മകളുമൊന്നും പൂർണ്ണമായും ചൊല്പടിയിൽ നിൽക്കാതായ അവസാനനാളുകളിൽ മൂന്ന് മക്കൾക്കും വേണ്ടി ചോറുരുളയുരുട്ടിവെച്ച് കാത്തിരിക്കും അമ്മ. “ഇത് രജിക്ക്, ഇത് രഞ്‌ജിനിക്ക്, ഇത് നിനക്ക്…” — അമ്മ പറയും.
എല്ലാം ഉരുട്ടിക്കഴിയുമ്പോൾ അമ്മയ്ക്ക് കഴിക്കാൻ ഇത്തിരി ചോറേ ബാക്കി കാണൂ. എത്ര നിർബന്ധിച്ചാലും ഞങ്ങൾക്ക് വേണ്ടിയുള്ള നീക്കിയിരുപ്പുകൾ തൊടാൻ സമ്മതിക്കില്ല അമ്മ. “ന്റെ കുട്ട്യോള് സ്‌കൂളിന്ന് ക്ഷീണിച്ചിട്ടാണ് വരിക. അവര് മാമുണ്ടാൽ ന്റെ വയറ് നിറയും…”
ഒരിക്കൽ ഇലയുടെ അറ്റത്ത് സ്ഥിരമുള്ള ഉരുളകൾക്ക് പുറമെ മൂന്നെണ്ണം കൂടി ഉരുട്ടി വെച്ചിരിക്കുന്നത് കണ്ടപ്പോൾ തമാശയായി ചോദിച്ചു: “ഇതാർക്കാ അമ്മേ? അമ്മടെ പൂച്ചക്കുട്ട്യോൾക്കാ?
ഉരുളകളെ വാത്സല്യത്തോടെ തലോടി അമ്മ പറഞ്ഞു: “ഏയ് അല്ല. ഇത് മ്മ്‌ടെ യേശൂട്ടിക്കും ജയചന്ദ്രനും ചിത്രമോൾക്കും. പാവങ്ങൾ. അവർക്ക് മ്മളല്ലാതെ ആരാ കൊടുക്ക്വ?” ചിരിക്കണോ കരയണോ എന്നറിയില്ലായിരുന്നു എനിക്ക്. പ്രിയഗായകരായ യേശുദാസിനും ജയചന്ദ്രനും ചിത്രക്കും വേണ്ടി ഉരുളകൾ ഉരുട്ടിവെച്ചിരിക്കുകയാണ് അമ്മ. ജീവിതത്തിലെ പ്രതിസന്ധികളിൽ തണലും തുണയുമായ ശബ്ദങ്ങൾ. ഇതിലും മനോഹരമായ ഒരു സമ്മാനമുണ്ടാകുമോ അവർക്ക് പകരം നൽകാൻ?
യേശുദാസിനോടും ജയചന്ദ്രനോടും ആരാധന കലർന്ന സ്നേഹമായിരുന്നു അമ്മയ്ക്ക്; ചിത്രയോട് മാതൃനിർവിശേഷമായ വാത്സല്യവും. “പകൽവാഴും ആദിത്യൻ” എന്ന ലളിതഗാനം ചിത്ര ദൂരദർശനിൽ പാടിത്തുടങ്ങുമ്പോൾ, വായിച്ചുകൊണ്ടിരുന്ന പത്രം ഒരരികിലേക്ക് മാറ്റിവെച്ച് കൗതുകത്തോടെ ടെലിവിഷൻ സ്‌ക്രീനിൽ നോക്കിയിരിക്കുന്ന അമ്മയുടെ ചിത്രം ഓർമ്മയുണ്ട്. “എന്ത് പാവാണ് ഈ കുട്ടി, ല്ലേ?” — അമ്മ ചോദിക്കും. “ശര്യാ. നല്ല തറവാടിത്തം ണ്ട്. മ്മടെടെ ആർക്കെങ്കിലും ആലോചിക്കായിരുന്നു.” — അടുത്തിരിക്കുന്ന അമ്മയുടെ മൂത്ത ഏടത്തി കൂട്ടിച്ചേർക്കും.
എൺപത്തിനാലാം വയസ്സിൽ മരണം അമ്മയെ ആശുപത്രിക്കിടക്കയിൽ നിന്ന് കൂട്ടിക്കൊണ്ടുപോയ നിമിഷം എന്തായിരുന്നു എന്റെ മനസ്സിനെ വലയം ചെയ്ത വികാരം? വേദനയോ നഷ്ടബോധമോ അതോ ആശ്വാസമോ? അറിയില്ല. തീർത്തും അപ്രതീക്ഷിതമല്ലായിരുന്നതു കൊണ്ട് വലിയൊരു ആഘാതമായിരുന്നു ആ വേർപാട് എന്ന് പറയാൻ വയ്യ. ഉള്ളിലൊരു വല്ലാത്ത വിങ്ങലുണ്ടായിരുന്നു എന്ന് സത്യം. ഏതു നിമിഷവും മനസ്സിന്റെ അതിരുകൾ ഭേദിച്ച് പുറത്തേക്ക് ഒഴുകുമായിരുന്ന നിശബ്ദമായ ഒരു കരച്ചിൽ. എങ്കിലും ആശ്വാസം തോന്നി. ആഗ്രഹിച്ച പോലൊരു മരണം അമ്മയ്ക്ക് കനിഞ്ഞുനല്കിയല്ലോ ഈശ്വരൻ. ശാന്തവും സമാധാനപൂർണ്ണവുമായ അന്ത്യത്തിന് ആരാണ് കൊതിക്കാത്തത്; അതും ജീവിതസായാഹ്നത്തിൽ.
കടുത്ത ശ്വാസതടസ്സവുമായി ഓക്സിജൻ ട്യൂബിന്റെ സഹായത്തോടെ ആശുപത്രിക്കിടക്കയിൽ പാതി മയക്കത്തിലാണ്ടു കിടന്ന അമ്മ അവസാനമായി കേട്ടത് ചിത്ര പാടിയ രാമായണശ്ലോകങ്ങളായിരുന്നു. അരികിലിരുന്ന് അനിയന്റെ ഭാര്യ മൊബൈലിൽ ചിത്രയുടെ ശബ്ദം കേൾപ്പിച്ചപ്പോൾ ഭാവഭേദമൊന്നുമില്ലാതെ കേട്ടുകിടന്നു അമ്മ. പാരായണം തീർന്നപ്പോൾ വിറയാർന്ന ചുണ്ടുകളാൽ നാരായണ നാരായണ എന്ന് ഉരുവിട്ടു. പിന്നെ നിതാന്തമായ ഉറക്കത്തിലേക്ക് വഴുതിവീണു. ഒരിക്കലും ഉണരാത്ത ഉറക്കം. “കഴിഞ്ഞു ട്ടോ. വലിയ ബുദ്ധിമുട്ടില്ല്യാതെ പോയീന്ന് സമാധാനിച്ചോളൂ.” — അന്തിമ വിധിയെഴുതാൻ മുറിയിൽ ഓടിയെത്തിയ ഡോക്ടർ എന്റെ പുറത്തുതട്ടി പറഞ്ഞു.
സന്തോഷത്തോടെയാകും അമ്മ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുക എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. മകളെപ്പോലെ സ്നേഹിച്ച പാട്ടുകാരിക്കുട്ടിയുടെ ശബ്ദം കേട്ടുകൊണ്ടായിരുന്നല്ലോ ആ യാത്രാമൊഴി.
— രവിമേനോൻ (ചിത്ര വർണ്ണങ്ങൾ)