മലയാള സിനിമയിലെ യുവ സംഗീതസംവിധായകരിൽ ഏറെ ശ്രദ്ധേയനായ സംഗീത സംവിധായകൻ വിഷ്ണു വിജയ് വിവാഹിതനായി. ഗായിക പൂർണിമ കണ്ണനാണ് വിഷ്ണുവിന്റെ വധു. ലളിതമായ രീതിയിൽ ചെന്നൈയിൽ വെച്ച് ആയിരുന്നു വിവാഹം. സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രം പങ്കെടുത്തതായിരുന്നു വിവാഹം .
ഗപ്പി എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു വിജയ് സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്. അമ്പിളിയിലെ ‘എന്റെ നെഞ്ചാകെ നീയല്ലേ’ എന്ന ഗാനം മലയാളികൾക്കിടിയിൽ ഏറെ വൈറലായിരുന്നു. പിന്നീട് നായാട്ട്, ഭീമന്റെ വഴി, പട, തല്ലുമാല, സുലൈഖ മൻസിൽ, ഫാലിമി തുടങ്ങിയ ചിത്രങ്ങളിലെ വിഷ്ണുവിന്റെ ഗാനങ്ങളും ശ്രദ്ധ നേടി .
കൂടാതെ സൂപ്പർഹിറ്റ് ചിത്രമായ പ്രേമലുവിലും വിഷ്ണു സംഗീതമൊരുക്കി. അതേസമയം പ്രാവിൻകൂട് ഷാപ്പ് ആണ് വിഷ്ണുവിന്റെ വരാനിരിക്കുന്ന സിനിമ. ദൂരദർശനിൽ വാർത്താവതാരകയായിരുന്ന ഹേമലതയുടെ മകൾ ആണ് പൂർണിമ കണ്ണൻ . മുൻപ് റേഡിയോ ജോക്കിയായിരുന്നു പൂർണിമ കണ്ണൻ. സുഹൃത്തുക്കളും സഹപ്രവർത്തകരും ഇരുവർക്കും വിവാഹമംഗളങ്ങൾ നേർന്നു.