കൊടുങ്ങല്ലൂർ : കടലിൽ മീൻപിടിത്തത്തിനിടയിൽ പ്രൊപ്പല്ലറിൽ വല ചുറ്റി കടലിൽ കുടുങ്ങിയ ബോട്ടും ഒൻപത് തൊഴിലാളികളെയും ഫിഷറീസ് മറൈൻ എൻഫോഴ്സസ്മെന്റ് റെസ്ക്യൂ സംഘം രക്ഷപ്പെടുത്തി കരയിലെത്തിച്ചു.
അഴീക്കോട് ഫിഷ് ലാൻഡിങ് സെന്ററിൽനിന്ന് പുലർച്ചെ മത്സ്യബന്ധനത്തിനുപോയ ബോട്ട് പ്രൊപ്പല്ലറിൽ വല ചുറ്റി എൻജിൻ നിലച്ച് കടലിൽ കുടുങ്ങുകയായിരുന്നു.
കടലിൽ അഞ്ച് നോട്ടിക്കൽ മൈൽ അകലെ അഴീക്കോട് അഴിമുഖം വടക്കുപടിഞ്ഞാറു ഭാഗത്തായിരുന്നു അപകടം. തളിക്കുളം സ്വദേശി അമ്പലത്തുവീട്ടിൽ മുഹമ്മദ് യൂസഫിന്റെ ഉടമസ്ഥതയിലുള്ള അൽഫത്ത് ബോട്ടിൽ തളിക്കുളം സ്വദേശികളായ തൊഴിലാളികളാണുണ്ടായിരുന്നത്.
ഫിഷറീസ് അസി. ഡയറക്‌ടർ ഡോ. സി. സീമയുടെ നിർദേശാനുസരണം മറൈൻ എൻഫോഴ്സസ്മെന്റ്റ് വിജിലൻസ് വിങ് ഓഫീസർമാരായ വി.എൻ. പ്രശാന്ത്കുമാർ, വി.എം. ഷൈബു, ഇ.ആർ. ഷിനിൽകുമാർ റസ്ക്യൂ ഗാർഡുമാരായ പ്രസാദ്, കൃഷ്ണപ്രസാദ്, ബോട്ട് സ്രാങ്ക് ദേവസി മുനമ്പം, എൻജിൻ ഡ്രൈവർ റോക്കി എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
