തൃശൂർ:ചണ്ഡീഗഡ്, ഉത്തർപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ ഇലക്ട്രിസിറ്റി ബോർഡ് സ്വകാര്യവൽക്കരിക്കുന്നതിനെതിരെ ചണ്ഡീഗഡ് വൈദ്യുതി തൊഴിലാളികൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചൊവ്വാഴ്ച സംസ്ഥാനത്തെ വൈദ്യുതി ജീവനക്കാർ ഒരുമണിക്കൂർ പണിമുടക്കും.
പകൽ 12മുതൽ ഒന്നുവരെയാണ് പണിമുടക്കുന്നത്. വൈകിട്ട് അഞ്ചിന് തൃശൂർ ഏജിസ് ഓഫീസിന് മുന്നിൽ നടക്കുന്ന പ്രതിഷേധം സിഐടിയു ജില്ലാ സെക്രട്ടറി യു പി ജോസഫ് ഉദ്ഘാടനം ചെയ്യും.
നാഷണൽ കോ ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്സ് ഭാരവാഹികളായ പി പി ഷൈലിഷ്, കെ എസ് സൈനുദ്ദീൻ, പി വി സുകുമാരൻ, എ പി ഡേവിസ്, സി ശിവദാസൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
