തൃശൂർ : തേക്കിൻകാട് മൈതാനം സാമൂഹികവിരുദ്ധരുടെ താവളം. രാപ്പകൽ വ്യത്യാസമില്ലാതെ ക്രിമിനലുകൾ വിളയാടുന്നു. പുതുവർഷ ആഘോഷത്തിനിടെ തേക്കിൻകാട് മൈതാനത്തായിരുന്നു കൊലപാതകം. നിരന്തരം റോന്ത് ചുറ്റുന്നുവെന്ന് പൊലീസ് അവകാശപ്പെടുമ്പോഴും പിടിച്ചുപറിയും സ്ത്രീകൾക്കെതിരെയുള്ല അതിക്രമവും സാധാരണമാണ്. പുതുവത്സരത്തിന്റെ ഭാഗമായി കർശന നിരീക്ഷണമെന്ന് പൊലീസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മൂക്കിൻതുമ്പിൽ കൊലപാതകമുണ്ടായത്. ഇരുപത്തിനാല് മണിക്കൂറും പട്രോളിംഗുള നഗരമദ്ധ്യത്തിലായിരുന്നു വൈകീട്ട് എട്ടരയോടെ കൊലപാതകമുണ്ടായത്. തേക്കിൻകാട് മൈതാനത്ത് ലഹരി -മദ്യ മാഫിയയുടെ സാന്നിദ്ധ്യമുണ്ടെന്നറിയാവുന്ന പൊലീസ് തന്നെയാണ് സുരക്ഷയെ ലാഘവത്തോടെയെടുത്തത്. മൈതാനത്തിന്റെ പല ഭാഗങ്ങളിലും കൂരാക്കൂരിരുട്ടാണ്. ഇതിന്റെ മറവിലാണ് പല അതിക്രമങ്ങളും. കൊലപാതകം നടന്ന കിഴക്കേ ഗോപുരനടയുടെ ഇടതുഭാഗത്തുള്ല വാട്ടർ ടാങ്ക് പരിസരത്തെ ഹൈമാസ്റ്റ് ലൈറ്റ് പോലും പ്രവർത്തിക്കുന്നില്ല. സദാചാര വിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. കൊലപാതകം നടന്നതോടെ പ്രദേശത്ത് പൊലീസ് ഇടപെടലാരംഭിച്ചിട്ടുണ്ട്.
കാമറകൾ പോലുമില്ല
ഏറെ സുരക്ഷാഭീഷണി നിലനിൽക്കുന്ന തേക്കിൻകാട് മൈതാനത്ത് കാമറ സ്ഥാപിക്കാൻ പോലും കൊച്ചിൻ ദേവസ്വം ബോർഡ് തയ്യാറായിട്ടില്ല. തേക്കിൻകാടിൻ്റെ സംരക്ഷണം എല്ലാ വർഷവും പ്രഖ്യാപനമുണ്ടാകാറുണ്ടെങ്കിലും യാതൊന്നും നടപ്പാക്കാറില്ല. തേക്കിൻകാട് നടക്കുന്ന പൊതുപരിപാടികളിലൂടെ ലക്ഷക്കണക്കിന് രൂപയുടെ വരുമാണ് ബോർഡിന് ലഭിക്കുന്നത്.
നഗരമദ്ധ്യത്തിൽ പ്രായ പൂർത്തിയാകാത്ത വിദ്യാർത്ഥിയുടെ കുത്തേറ്റ് ഒരാൾ കൊല്ലപ്പെട്ടത് പൊലീസിന്റെ അനാസ്ഥയാണ്. ലഹരി മാഫിയ നഗരത്തിൽ പിടിമുറുക്കുന്നതിൻ്റെ സൂചനയാണ് കൊലപാതകം.
ജോൺ ഡാനിയൽ കെ.പി.സി.സി സെക്രട്ടറി
തേക്കിൻകാട് സാമൂഹികവിരുദ്ധരുടെ താവളമാക്കി മാറ്റാൻ കൊച്ചിൻ ദേവസ്വം ബോർഡ് അവസരമൊരുക്കുകയാണ്. കാമറകൾ സ്ഥാപിക്കണമെന്ന് നിരന്തരമാവശ്യപ്പെട്ടിട്ടും അധികൃതർ ചെവി കൊല്ലുന്നില്ല.
പൂർണിമ സുരേഷ് തേക്കിൻകാട് ഡിവിഷൻ കൗൺസിലർ
തേക്കിൻകാടക്കം നഗരത്തിൽ സുരക്ഷ ഏർപ്പെടുത്തുന്നതിന് കർശന നടപടി സ്വീകരിക്കും. കാമറകൾ സ്ഥാപിക്കേണ്ടത് ഏതെല്ലാം സ്ഥലത്താണെന്നത് സംബന്ധിച്ച ലിസ്റ്റ് ദേവസ്വം ബോർഡിന് നൽകും.
ആർ.ഇളങ്കോ. സിറ്റി പൊലീസ് കമ്മിഷണർ
