വിശപ്പടക്കാനായി ട്രെയിനില് പാട്ടുപാടിയിരുന്ന കൗമാരക്കാരനില് നിന്ന് മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട സംഗീതജ്ഞനായി മാറിയ എം എസ് ബാബുരാജ്. പാട്ടുപാടിക്കിട്ടുന്ന നാണയത്തുട്ടുകളെ മാത്രം ആശ്രയിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോയ അനാഥബാല്യത്തിന് കൈമുതലായി ആകെ ഉണ്ടായിരുന്നത് പിതാവ് പകര്ന്ന് നല്കിയ സംഗീതത്തിന്റെ ആദ്യ പാഠങ്ങള് മാത്രമായിരുന്നു. അപ്രതീക്ഷിതമായി ആ ബാലന്റെ കരങ്ങള്ക്ക് താങ്ങായി കലാകാരനായ ഒരു പൊലീസുകാരനെത്തി. കുഞ്ഞുമുഹമ്മദെന്ന ആ പൊലീസുകാരന്റെ ദയാവായ്പില് ആ ബാലന്റെ ജീവിതം മാറി മറഞ്ഞു.
മലയാള സംഗീതലോകത്ത് എം എസ് ബാബുരാജ് എന്ന പേരിന് മറ്റൊരു പകരക്കാരനില്ല. പ്രാണസഖീ ഞാന് വെറുമൊരു പാമരനാം പാട്ടുകാരന് എന്ന് പാടിയ നൊമ്പരം കലര്ന്ന, വേദനയുടെ സംഗീതം മലയാളികള്ക്ക് സമ്മാനിച്ച അനശ്വര സംഗീതജ്ഞന് എം എസ് ബാബുരാജ്, മലയാളികളുടെ ബാബുക്ക ഓര്മയായിട്ട് നാല് പതിറ്റാണ്ടുകള് പിന്നിടുന്നു.
കോഴിക്കോടിന്റെ ഗായകന്, ബാബുരാജിനെ കേള്ക്കാതെ ഒരു തലമുറയും കടന്നു പോകുന്നില്ല. 21 വര്ഷത്തെ സംഗീതവിരുന്ന് മാത്രമേ മലയാളിക്ക് ബാബുക്കയില് നിന്ന് ലഭിച്ചിരുന്നുള്ളൂവെങ്കിലും തലമുറകളിലേക്ക് ഒഴുകിയ അദ്ദേഹത്തിന്റെ സംഗീതം ഇപ്പോഴും ആസ്വാദക മനസ്സുകളെ കീഴടക്കുകയാണ്.
ഹിന്ദുസ്ഥാനി സംഗീതത്തെ മലയാള ഗാനങ്ങളില് ഇഴചേര്ത്ത അനുഭവം മലയാളിക്ക് ലഭിച്ചത് ബാബുക്കയുടെ സംഗീതത്തിലൂടെയായിരുന്നു. അന്ന് വരെ മലയാളികള് കേട്ടിരുന്നതില് നിന്ന് വ്യത്യസ്തമായി ഗസലിന്റേയും ഹിന്ദുസ്ഥാനി സംഗീതത്തിന്റേയും ആഴമേറിയ അനുഭൂതിയുണര്ത്തുന്ന ഈണങ്ങള് മലയാളി മനസ്സുകളെ വേഗത്തില് കീഴ്പ്പെടുത്തുകയായിരുന്നു. ഹിന്ദുസ്ഥാനി രാഗങ്ങളെ അടിസ്ഥാനമാക്കി അദ്ദേഹം മെലഡികള് തീർത്തു. മലയാളത്തിലെ പ്രമുഖ കവികളായ പി. ഭാസ്കരന്, വയലാര് തുടങ്ങിയവർ വരികളിലൂടെ ആ സംഗീതത്തിന് മാറ്റുകൂട്ടി.
ഗാനമേളയിലൂടേയും നാടക ഗാനങ്ങളിലൂടേയും സംഗീത ലോകത്ത് പരിചിതനായിരുന്ന ബാബുരാജ് 1957ല് രാമു കാര്യാട്ടിന്റെ മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിലെത്തുന്നത്. ദക്ഷിണാമൂര്ത്തിയുടേയും ദേവരാജന് മാസ്റ്ററുടേയുമെല്ലാം സംഗീതത്തില് നിന്ന് വ്യത്യസ്തമായി ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ഈണങ്ങള് മലയാളത്തിലേക്കെത്തിച്ചത് ബാബുരാജിന്റെ ഗാനങ്ങളെ വ്യത്യസ്തമാക്കി. പി ഭാസ്കരന്റെ വരികള്ക്ക് ബാബുരാജിന്റെ സംഗീതവും യേശുദാസിന്റെയും ജാനകിയമ്മയുടെയും ശബ്ദവും ഉൾചേർന്നപ്പോൾ മലയാള സിനിമയ്ക്ക് അത് വലിയ ഉണര്വായിരുന്നു.
മലയാളികള്ക്ക് ഏറെ ഇഷ്ടമുള്ള, പുതുതലമുറയുടെ ആസ്വാദനത്തിലും ആലാപനത്തിലും ഒഴിച്ചു കൂടാനാവാതെ ഇപ്പോഴും നിലനില്ക്കുന്ന മരണമില്ലാത്ത ഈണങ്ങളാണ് ബാബുരാജിന്റേത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന വിഖ്യാത കഥയെ അടിസ്ഥാനമാക്കി ടൊവിനോ തോമസ്, റിമ കല്ലിങ്കല് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്ത നീലവെളിച്ചം എന്ന ചിത്രത്തിലൂടെ പി ഭാസ്കരന്, ബാബുരാജ് കൂട്ടുകെട്ടില് ആ കാലഘട്ടത്തില് പിറന്ന ഒരു പിടി ഗാനങ്ങള് ബിജിപാലിന്റെ നേതൃത്വത്തില് വീണ്ടും പിറവിയെടുത്തിരുന്നു. ഷഹബാസ് അമനാണ് താമസമെന്തേ വരുവാന് എന്ന ഗാനം വീണ്ടും ആലപിച്ചത്. പുതുതലമുറക്കും ഏറെ പ്രിയങ്കരമാണ് ബാബുക്കയുടെ സംഗീതം എന്ന് തെളിയിക്കും വിധമായിരുന്നു ഏവരും അത് ഏറ്റെടുത്തത്.
ഒരു പുഷ്പം മാത്രമെന് പൂങ്കുലയില് നിര്ത്താം ഞാന് ഒടുവില് നീയെത്തുമ്പോള് ചൂടിക്കുവാന്… എന്ന് കേള്ക്കുമ്പോള്, ആ ഈണത്തിന് എന്തൊരു മധുരമാണ്. അനുരാഗ ഗാനം പോലെ, വാസന്തപഞ്ചമി നാളിൽ, സൂര്യകാന്തി സൂര്യകാന്തി, ആദിയില് വചനമുണ്ടായി, കദളിവാഴക്കയ്യിലിരുന്ന്… എന്ന് തുടങ്ങി എത്രയെത്ര മനോഹര ഈണങ്ങള്.
മധുരത്തില് നൊമ്പരത്തിന്റെ കയ്പ്പുനീര് ചാലിച്ച ഈണങ്ങളായിരുന്നു ബാബുക്കയുടെ സംഗീതത്തില് ഏറെയും. കണ്ണീരും സ്വപ്നങ്ങളും വില്ക്കുവാനായി വന്ന കലാകാരന്. ദാരിദ്ര്യത്തിലും അനാഥത്വത്തിലും വളര്ന്നതിനാലാവാം ഹൃദയത്തിന്റെ ആഴങ്ങളില് നിന്ന് വന്ന ആ ഈണങ്ങളില് വിരഹം നിറഞ്ഞുനിന്നിരുന്നത്.
കണ്ണുതുറക്കാത്ത ദൈവങ്ങളേ എന്നദ്ദേഹം പാടുമ്പോള് ഹൃദയത്തില് നിന്ന് വരുന്നതാണെന്ന് തോന്നിയിരുന്നു എന്ന് ഒ എന് വി കുറുപ്പ് ഒരിക്കല് അദ്ദേഹത്തെ കുറിച്ച് പറഞ്ഞു. ദേവരാജന് മാസ്റ്ററെ പോലും പിടിച്ചുകുലുക്കിയ സംഗീതജ്ഞനായിരുന്നു ബാബുരാജ്. അതുപോലൊരു മാന്ത്രികതയുണ്ടായിരുന്നു ആ സംഗീതത്തിന്.
മലയാള മനസ്സുകള് ഓരോ കാലഘട്ടത്തിലും പാടാന് ആഗ്രഹിക്കുന്ന സംഗീതമെടുത്ത് നോക്കിയാല് കൂടുതലും ബാബുക്കയുടെ വരികളായിരിക്കും. അദ്ദേഹം ഈണം പകര്ന്ന വരികള് ആ സ്വരമാധുര്യത്തിലൂടെ തന്നെ കേള്ക്കുമ്പോള് അത് മറ്റൊരു വികാരമായിരുന്നു ആസ്വാദക ഹൃദയങ്ങള്ക്ക്. ബാബുക്ക തന്റെ ഹാര്മോണിയത്തിലൂടെ വിരലോടിക്കുമ്പോള്, വിരലുകളുടെ ആ ഒഴുക്ക് കാണുവാന് കമ്പോസിങ് സ്റ്റുഡിയോയുടെ പുറത്ത് ആളുകള് നിന്നിരുന്നുവെത്രേ. അത്ര മനോഹരമായിരുന്നു ആ കാഴ്ച്ച.
അവസാന നാളുകളില് ഉണ്ടായ പക്ഷാഘാതത്തെ തുടര്ന്ന് ഹാര്മോണിയത്തിലൂടെ വിരലുകളോടിക്കാന് കഴിയാതെ തന്റെ മുന്നിലിരുന്ന് കരഞ്ഞ ബാബുക്കയെ സംവിധായകന് ഹരിഹരന് നൊമ്പരത്തോടെ ഓര്ക്കുന്നു. തന്റെ അന്ത്യയാത്രയില് സംഗീതമല്ലാതെ മറ്റൊന്നും കൈമുതലായി സമ്പാദിക്കാതെ 1978 ഒക്ടോബര് 7 ന് 57-ാം വയസ്സില് ആ അനശ്വര സംഗീതഞ്ജന് വിട വാങ്ങി. ബാബുക്കയുടെ സംഗീതത്തിന് ഒരുകാലത്തും മരണമില്ല…