ഗുമസ്തൻ എന്ന ചിത്രത്തിൻ്റെ പ്രചാരണ പരിപാടികൾക്കായി കോളേജിൽ എത്തിയ നടൻ ബിബിൻ ജോർജ് അപമാനിക്കപ്പെട്ട വാർത്ത പുറത്തുവന്നിരുന്നു. കോളേജിൽ വച്ച് അധ്യാപകരും ബന്ധപ്പെട്ട അധികൃതരും അപമാനിച്ച സംഭവത്തിൽ ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ് താരം. മാഗസിൻ പ്രകാശനത്തിനായി ക്ഷണിച്ചതിനെ തുടർന്നാണ് ബിബിൻ ജോർജ് അടങ്ങുന്ന ഗുമസ്‌തൻ ടീം വളാഞ്ചേരിയിലെ എം.ഇ.എസ്-കെ.വി.എം. കേളേജിൽ എത്തിയത് മാഗസിൻ പ്രകാശിപ്പിച്ചതിന് ശേഷം സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് പ്രകാശനം ചെയ്താൽ മാത്രം മതിയെന്നും എത്രയും പെട്ടെന്ന് വേദി വിടണമെന്നും പ്രിൻസിപ്പാൾ ആവശ്യപ്പെട്ടത്.
കോളജിലേക്ക് ക്ഷണം ലഭിച്ചതിൻ്റെ അടിസ്‌ഥാനത്തിലാണ് മാഗസിൻ പ്രകാശനത്തിനായി ‘ഗുമസ്‌തൻ്റെ’ അണിയറ പ്രവർത്തകർ എത്തിയത്. മാഗസിൻ പ്രകാശനം കഴിഞ്ഞ് സംസാരിച്ചു തുടങ്ങിയപ്പോൾ പുസ്‌തകം പ്രകാശനം ചെയ്താൽ മാത്രം മതിയെന്നും എത്രയും പെട്ടെന്ന് വേദി വിടണമെന്നും പ്രിൻസിപ്പാൾ ആവശ്യപ്പെടുകയായിരുന്നു. കോളജ് അധികൃതരുടെ പെരുമാറ്റം വേദനയുണ്ടാക്കിയതായി ബിബിൻ ജോർജ് പറഞ്ഞു.
വേദിയിൽ സിനിമയുടെ അണിയറപ്രവർത്തകർ എല്ലാവരും ഉണ്ടായിരുന്നെന്നും വേദി വിട്ടു പോകണം എന്ന് പറഞ്ഞപ്പോൾ വിഷമം തോന്നിയെങ്കിലും അത് ഇനിയും പറഞ്ഞ് കോളജ് പ്രിൻസിപ്പാളിന് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ബിബിൻ ജോർജ് പറയുന്നു. ഈ വിഷയം കത്തിച്ച് ‘ഗുമസ്‌തൻ’ എന്ന സിനിമ മാർക്കറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നില്ല. കോളജിലെ കുട്ടികൾ തന്നെ പ്രിൻസിപ്പാളിനെ തിരുത്തി എന്നാണ് അറിയാൻ കഴിഞ്ഞതെന്നും ബിബിൻ പറയുന്നു.