വൈറൽ അണുബാധകളെ പ്രതിരോധിക്കാൻ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് നെബുലൈസേഷൻ ചെയ്താൽ മതിയെന്ന നടി സാമന്തയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. താരത്തിനെതിരെ രൂക്ഷ വിമർശനവുമായി ലിവർ ഡോക്ടർ എന്ന പേരിൽ പ്രശസ്തനായ ഡോ. സിറിയക് എബി ഫിലിപ്സും രംഗത്തെത്തിയിരുന്നു.
സാമന്ത പങ്കുവെച്ച അശാസ്ത്രീയമായ ചികിത്സാരീതിയെ വിമർശിച്ച് ട്വിറ്ററിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്. വൈറൽ അണുബാധയ്ക്ക് മരുന്നെടുക്കും മുൻപ് മറ്റൊരു രീതി പരീക്ഷിക്കൂ, ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് നെബുലൈസ് ചെയ്യൂ എന്നുമാണ് സാമന്ത ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചത്. ആരോഗ്യ – ശാസ്ത്ര വിഷയങ്ങളിൽ സാമന്ത നിരക്ഷരയാണ് എന്നു പറഞ്ഞാണ് ഡോ.സിറിയക് കുറിച്ചത്.
സയന്റിഫിക് സൊസൈറ്റിയും അമേരിക്കയിലെ ആസ്ത്മ അലർജി ഫൗണ്ടേഷനും ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് നെബുലൈസ് ചെയ്യുന്നതിന് മുന്നറിയിപ്പ് നൽകുന്നുണ്ടെന്നും ഇത് ആരോഗ്യത്തിന് ഹാനികരമാണെന്നും അദ്ദേഹം കുറിച്ചു. തുടർന്ന് സാമന്തയ്‌ക്ക് കർശനമായ ശിക്ഷ നൽകണമെന്നും താരത്തെ ജയിലിൽ അടയ്ക്കണമെന്നും ഡോക്ടർ ആവശ്യപ്പെട്ടു.
യുക്തിപരവും ശാസ്ത്രീയവുമായി പുരോഗമനം വരിച്ച സമൂഹത്തിൽ ഈ സ്ത്രീക്കെതിരെ പൊതുജനാരോഗ്യം അപകടപ്പെടുത്തുന്ന കുറ്റം ചുമത്തുകയോ, പിഴചുമത്തുകയോ, ജയിലിൽ അടയ്ക്കുകയോ ചെയ്യണമെന്നും അദ്ദേഹം കുറിച്ചു. എന്നാൽ ഇതിനുള്ള മറുപടിയുമായി സാമന്ത വീണ്ടും രംഗത്തെത്തി.
കഴിഞ്ഞ രണ്ട് വർഷമായി തനിക്ക് പലതരം മരുന്നുകൾ കഴിക്കേണ്ടി വന്നെന്നും താരം കുറിച്ചു. പ്രൊഫഷണൽ ഡോക്ടർമാരുടെ നിർദേശപ്രകാരമായിരുന്നു അത്. ഈ ചികിത്സകളിൽ പലതും വളരെ ചെലവേറിയതായിരുന്നു. എന്നെപ്പോലെയുള്ളരൊൾക്ക് ഇത് താങ്ങാനാകും, പക്ഷേ ഇങ്ങനെയൊരവസ്ഥയിൽ സാധാരണക്കാരെത്തിയാൽ എന്ത് ചെയ്യുമെന്ന് താനെപ്പോഴും ചിന്തിക്കാറുണ്ടെന്നും താരം പറയുന്നു.