.
തൃശ്ശൂർ തലോര്‍ വടക്കുമുറിയിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിക്കൊന്നശേഷം ഭർത്താവ് തൂങ്ങി മരിച്ചു. തലോർ പൊറത്തൂക്കാരൻ വീട്ടിൽ ജോജു(50)വാണ് ഭാര്യ ലിഞ്ചു(36)വിനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. വീടിനകത്ത് വെച്ച് ലിഞ്ചുവിനെ വെട്ടി കൊലപ്പെടുത്തിയ ശേഷം ജോജു വീടിന്റെ ടെറസിന് മുകളിലെത്തി തൂങ്ങി മരിക്കുകയായിരുന്നു.വെട്ടുകത്തി കൊണ്ടായിരുന്നു ആക്രമണം. കഴുത്തിലും മുഖത്തും വെട്ടേറ്റ ലിഞ്ചുവിന്റെ ചെവി വേർപ്പെട്ട നിലയിലായിരുന്നു. മൂന്നുമണിയോടെ വെട്ടേറ്റ ലിഞ്ചുവിന്റെ നിലവിളി കേട്ടിരുന്നതായി സമീപവാസികൾ പറയുന്നു. പിന്നാലെ നാട്ടുകാർ പുതുക്കാട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
ഒന്നരവർഷം മുൻപാണ് ഇരുവരും വിവാഹിതരായത്. ജോജുവിന്റെ രണ്ടാം വിവാഹവും ഇടുക്കി സ്വദേശിനിയായ ലിഞ്ജുവിന്റെ മൂന്നാം വിവാഹവുമായിരുന്നു. ജോജു വർക്ക്ഷോപ്പിലാണ് ജോലി ചെയ്യുന്നത്. ലിഞ്ജു ബ്യൂട്ടീഷനും ആണ്. ലിഞ്ജുവിന് ആദ്യത്തെ വിവാഹത്തിൽ രണ്ട് കുട്ടികളുണ്ട്. ജോജുവിനും ആദ്യ വിവാഹത്തിൽ ഒരു മകനുണ്ട്.ഇവരോടൊപ്പം ആണ് കുട്ടികൾ താമസിക്കുന്നത്. കുട്ടികൾ സ്കൂളിൽ പോയ സമയത്ത് ആയിരുന്നു കൊലപാതകം.