നടപടികൾ വൈകുന്നതായി പരാതി
തൃശൂർ: വടക്കുന്നാഥക്ഷേത്രത്തിന്റെ ലോക പ്രശസ്‌തമായ തെക്കേ ഗോപുരം ചോരുന്നു. 3 നിലകളുള്ള ഗോപുരത്തിന്റെ താഴേത്തട്ടു വരെ കനത്ത മഴയിൽ വെള്ളമിറങ്ങുകയാണ്. മരത്തട്ട് ദ്രവിച്ച്, ഗോപുരത്തിനു ബലക്ഷയം സംഭവിക്കാനിടയുണ്ട്. കേന്ദ്ര പുരാവസ്തു വകുപ്പിനെ അറിയിച്ചിട്ടും നടപടിയില്ലെന്നാണ് ആക്ഷേപം. ഗോപുരത്തിനു ചോർച്ചയുണ്ടെന്നു ദേവസ്വം മാനേജർ കൊച്ചിൻ ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നു. ഇക്കാര്യങ്ങൾ ഫോണിലൂടെയും സൂപ്പർവൈസർ മുഖേനയും പുരാവസ്തു വകുപ്പിനെയും അറിയിച്ചിട്ടുണ്ട്.
ചോർച്ച കാരണം ഗോപുരത്തിന്റെ നടുവിലെ നില മാത്രമാണു പുതിയ ഓടുകൾ വിരിച്ചു വൃത്തിയാക്കിയത്. മുകളിലത്തെ നിലയിൽ ചോർച്ചയുണ്ടെന്ന് അറിയിച്ചപ്പോൾ പൂരത്തിന്റെ സമയത്തു സംഭവിച്ചകേടാകാമെന്നും ഫണ്ട് ലഭിക്കുമ്പോൾ ശരിയാക്കാമെന്നുമാണ് ഉദ്യോഗസ്ഥർ പറഞ്ഞതെന്നു ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ അറിയിച്ചു.
ചോർച്ചയുടെ ദൃശ്യങ്ങൾ പുറത്തുവരാതിരിക്കാൻ ഗോപുരനട അകത്തുനിന്നു പൂട്ടി ഉദ്യോഗസ്ഥർ ഒളിച്ചുകളിക്കുകയാണെന്നും ആരോപണമുണ്ട്.