സെറ്റിൽ മോശമായി പെരുമാറി എന്ന കോസ്റ്റ്യൂം ഡിസൈനറുടെ ആരോപണത്തിൽ വിവാദത്തിൽ അകപ്പെട്ടിരിക്കുന്ന സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ. വേലക്കാരിയോടെന്ന പോലെ പെരുമാറിയെന്നും പ്രതിഫലം നൽകിയില്ലെന്നുമാണ് ലിജി ആരോപിച്ചത്. ഇപ്പോൾ സംവിധായകനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് അസ്സോസിയേറ്റ് ആർട് ഡയറക്ടർ അനൂപ് ചാലിശ്ശേരി. “ന്നാ താൻ കേസ് കൊട്” എന്ന ചിത്രത്തിനു വേണ്ടി സെറ്റ് വർക്ക് ചെയ്ത് അജയ് മാങ്ങാടിന്റെ പേര് സിനിമയിൽ നിന്ന് ഒഴിവാക്കി എന്നാണ് അനൂപ് ആരോപിക്കുന്നത്. അതിനാൽ അദ്ദേഹത്തിന് അർഹിക്കപ്പെട്ട സംസ്ഥാന പുരസ്കാരം നിഷേധിക്കപ്പെട്ടെന്നും കുറിപ്പിൽ പറയുന്നു.
അനൂപ് ചാലിശ്ശേരിയുടെ കുറിപ്പ്
പ്രിയ ലിജീ…❤️💪
‘ന്നാ താൻ കേസ് കൊടു’ത്തത് നന്നായി…
നിങ്ങൾക്ക് നീതി ലഭിക്കട്ടെ…
സത്യം എന്നായാലും പുറത്തുവരും
അവഗണിയ്ക്കപ്പെടുന്നവരുടെ കരച്ചിലുകൾ
കാലഹരണപ്പെടുകയില്ല…
അത് നിരന്തരം മുഴങ്ങിക്കൊണ്ടേയിരിക്കും…
ഈ ഉയിർത്തെഴുന്നേൽപ്പിൽ
ഞാൻ താങ്കൾക്കൊപ്പമാണ്….
പ്രിയ സംവിധായകർ….ശ്രദ്ധിക്കുമല്ലോ..
ജെ. സി. ഡാനിയേൽ സാർ മുതൽ
വളരെ പ്രഗൽഭരും പ്രശസ്തരുമായ
നമ്മൾ ഹൃദയത്തോട് ചേർത്ത് നിർത്തിയ ഒരുപാട്
പേര് ഇരുന്നുവാണ ‘സംവിധായക കസേര’യിൽ ഒരു കടുകുമണിയോളം ചെറിയ ഭാഗമായാലും
ചീഞ്ഞു നാറുന്നുവെങ്കിൽ ഒരു സംവിധായകൻ നാറ്റിക്കുന്നുവെങ്കിൽ
ആ ഭാഗം അവിടെയങ്ങു കൊത്തിക്കളഞ്ഞു ശുദ്ധീകരിക്കണം.
അല്ലെങ്കിൽ സിനിമ കാണുന്ന മൊത്തം പ്രേക്ഷകർക്കും
ഞങ്ങൾ ടെക്‌നീഷ്യൻമാർക്കുമൊക്കെ ടി കസേരയോട് തോന്നുന്ന
വലിയ ആദരവും സ്നേഹവും കുറയും…
മലയാള സിനിമയെയും ടെക്‌നീഷ്യൻസിനെയുമൊക്കെ മുൻപില്ലാത്തവിധം ലോകം മുഴുവൻ വാഴ്ത്തുന്ന കാലമാണ്…
അപ്പൊ പിന്നെ ഇമ്മാതിരി പരിപാടികൾ കാണിച്ചാൽ…സോഷ്യൽ മീഡിയ മൊത്തം പരന്നാൽ…
മ്മ്‌ടെ സിനിമാക്കാരുടെ പേരിന് മൊത്തം ഇടിവല്ലേ സംവിധായകൻ സാർ…?
ഒരു സിനിമയുടെ ഭാഗമായി നിന്ന് തന്റെ ചോരയും നീരും ചിന്തകളും നൽകിയ
ഒരു കോസ്റ്റ്യൂം ഡിസൈനറെ അങ്ങേയറ്റം മാനസികമായി പീഡിപ്പിക്കുക….വേലക്കാരിയെപ്പോലെ പെരുമാറുക…പേര് ക്രെഡിറ്റ് ലിസ്റ്റിൽ കൊടുക്കാതിരിക്കുക… അതേ സിനിമയുടെ നിർമ്മാതാക്കൾ….സംവിധായകൻ ഒട്ടും സൗഹാർദ്ദപരമായി പെരുമാറിയില്ലെന്നു സമ്മതിക്കുക… ഇതെല്ലാം കൂടി എവിടേക്കാണ് പോകുന്നത്…? ഇത്തരം സംവിധായകരെ ഒരു തരത്തിലും… ഒരു ഭാഷയിലും അനുവദിക്കരുത്…
ഇതേ സംവിധായകന്റെ കഴിഞ്ഞ സിനിമയിലെ കോടതിയടക്കമുള്ള വലിയ സെറ്റുകളടക്കം 95 ശതമാനവും സെറ്റ് വർക്ക് ചെയ്ത കലാസംവിധായകൻ അജയ് മാങ്ങാടിന്റെ പേര് ആ ചിത്രത്തിന്റെ ക്രെഡിറ്റ് കാർഡിൽ കൊടുത്തില്ല…ബാക്കിയുള്ള 5 ശതമാനം മാത്രം സെറ്റ് വർക്ക് ചെയ്‍ത വേറൊരു കലാസംവിധായകന് അതേ വർഷത്തെ മികച്ച കലാസംവിധായകനുള്ള സംസ്ഥാനഅവാർഡും കിട്ടി…
അങ്ങനെ അജയ് മാങ്ങാട് എന്ന കലാസംവിധായകൻ പരിഹസിയ്ക്കപ്പെട്ടു…
ആരോപണങ്ങളാൽ തളയ്ക്കപ്പെട്ടു…
അയാൾ പ്രതിഷേധിച്ചില്ല…കോടതിയിൽ പോയില്ല…സോഷ്യൽ മീഡിയയിൽ നിരന്തരം തള്ളി മറിച്ചില്ല…
പൊള്ളുന്ന അവഗണന ഇത്രയും കാലം നെഞ്ചിലേറ്റി.
കാലം മാറി…അവഗണന മാറിയില്ല ഇതാ മറ്റൊരാൾ കൂടി ഇരയായിരിക്കുന്നു…
ജനത്തിന് ഇത് വല്ലതുമറിയാവോ..?
സംവിധായകാ….നിങ്ങൾ ഒന്ന് ചുണ്ടനക്കിയിരുന്നെകിൽ… ഇത്തിരി മനുഷ്യത്വം കാണിച്ചിരുന്നെങ്കിൽ
ആ കലാകാരന്റെ അർഹതക്കുള്ള അംഗീകാരം നഷ്ടമാകുമായിരുന്നില്ല.
പേരോ പെരുമയോ വേണ്ട…
ഒരിത്തിരി മര്യാദ…
സഹജീവികളോട് കരുണ
അൽപ്പം സൗഹാർദ്ദം…അതല്ലേ വേണ്ടത്.
ഒരു സിനിമ എന്നത് കൂട്ടായ പ്രവർത്തനങ്ങളാണെന്ന്
ഞാൻ മനസ്സിലാക്കുന്നു…
ഒരാളും ആരുടേയും അടിമയല്ല…
പ്രിയ ലോഹിതദാസ് ❤️സാറിന്റെ …വാക്കുകളാണ്
ഓർമ്മവരുന്നത്….
“കലയും സഹൃദയത്വവുമുണ്ടെങ്കിലേ മനുഷ്യത്വംണ്ടാവൂ…
തീവ്രമായ മനുഷ്യത്വണ്ടെങ്കിലോ കലാകാരനായി…
ആ മനസ്സ് നഷ്ടമാവരുത്…”