മലയാളിക്ക് നല്ലവണ്ണം ഇഷ്ട്ടവും ആരാധനയും ഉള്ള നടി ആയിരുന്നു മോനിഷ. എം .ടി ചിത്രങ്ങളിലൂടെ നമ്മുടെ അടുത്ത വീട്ടിലെ കുട്ടി ആയി മോനിഷ മാറിയിരുന്നു .അകാലത്തിൽ പൊഴിഞ്ഞു പോയ വസന്തം ആയിരുന്നു അക്ഷരാർത്ഥത്തിൽ മലയാളസിനിമക്കു മോനിഷ എന്ന നായിക.ഗൃഹാതുരതയോടെ മോനിഷയെ ഓർമ്മിക്കുന്നു എം .ടി സനിത
#നൊസ്റ്റാൾജിയ 😍
മലയാളിത്തം മോനിഷയുടെ രൂപത്തിൽ ആയിരുന്നു ഒരുകാലത്തു മലയാളിക്ക്. മഞ്ഞൾ പ്രസാദം വരച്ച ശാലീന സുന്ദരി ആയിരുന്നു നമുക്കെന്നും മോനിഷ ഉണ്ണി എന്ന അഭിനേത്രി. പക്വത എത്താത്ത 15 വയസിൽ ആദ്യചിത്രമായ നഖക്ഷതങ്ങളിലൂടെ ദേശിയ അവാർഡിന്റെ പൊൻതിളക്കം ആണ് മോനിഷ മലയാള സിനിമയ്ക്കു സമ്മാനിച്ചത്. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഈ ബഹുമതി നേടിയത് മോനിഷയാണ്. മലയാളത്തിനു പുറമേ തമിഴിലും കന്നടയിലും അഭിനയിച്ചിട്ടുണ്ട്. 21 വയസിൽ ഒരു കാറപകടത്തിൽ പെട്ട് ഈ ലോകത്തിന്റെ വെള്ളി വെളിച്ചങ്ങളിൽ നിന്നു മറയുമ്പോഴും അവർ ബാക്കി വെച്ച് പോയ ഒരുപാടു കഥാപാത്രങ്ങൾ നമുക്ക് ചുറ്റും ഉണ്ടായിയിരുന്നു…
ഹിറ്റ് കൂട്ടുകെട്ടായ എം ടി ഹരിഹരൻ ടീമിന്റെ നഖക്ഷതങ്ങളിലൂടെയാണ് ഈ മുഖം ആദ്യമായി തിരശീലയിൽ എത്തുന്നത്. പുതുമുഖങ്ങളുടെ ചിത്രമായതിനാൽ ഇതൊരു ലോ ബഡ്ജറ്റ് ചിത്രം ആയിരുന്നു. വിനീതിനൊപ്പം തകർത്തു അഭിനയിച്ച മോനിഷയുടെ ഗൗരി ഇന്നും ഒരു അമ്പലവാസികുട്ടി ആയി നാട്ടിൻപുറത്തിന്റെ ചന്തമായി മലയാളി ഓർത്തുവെക്കുന്നു. ജീവിതത്തിൽ തികച്ചും നിസ്സഹായ ആയ അവളുടെ വിഷാദം കയ്യടക്കം വന്ന ഒരു നായികയെ പോലെ മോനിഷയിൽ ഭദ്രമായിരുന്നു .
അജയൻ എം ടി ടീമിന്റെ ക്ലാസിക് ചിത്രമായ പെരുന്തച്ചനിൽ മോനിഷയുടെ കുഞ്ഞിക്കാവ് തമ്പുരാട്ടി തെളിഞ്ഞു നില്കുന്നു. വശ്യമായ സൗന്ദര്യവും അഴകുള്ള രൂപവും തീക്ഷണമായ കണ്ണുകളും ആയിരുന്നു കുഞ്ഞിക്കാവിന്റെ ഹൈലൈറ്റ്. നെടുമുടി വേണു,തിലകൻ, തുടങ്ങിയവർക്കൊപ്പം മോനിഷയുടെ കഥാപാത്ര മിഴിവ് വേറിട്ട് നിന്നു.
എം ടി ചിത്രങ്ങളിലെ നിത്യ സാന്നിധ്യം ആയിരുന്നു അക്കാലത്തു മോനിഷ. ഓഫ് ബീറ്റ ചിത്രമായ കടവിൽ മോനിഷയുടെ ദേവി ഒരു നിസ്സംഗതയാണ് ആവശ്യപ്പെടുന്നത്. ക്ലൈമാക്സിൽ നായക കഥാപാത്രമായ രാജുവിനെ നോക്കി തനിക്കു രാജുവിനെ അറിയില്ല എന്ന് പറയുന്ന ദേവിയുടെ മുഖം മലയാളസിനിമ കണ്ട എക്കാലത്തെയും വേദനകളിൽ ഒന്നാണ്. ഈ കഥാപാത്രവും മോനിഷയുടെ കയ്യിൽ ഭദ്രമായിരുന്നു. നിരവധി അന്താരാഷ്ട്ര വേദികളിൽ നിറഞ്ഞ സദസിൽ പ്രദർശിപ്പിച്ച ഈ ചിത്രവും നമ്മുടെ മികച്ച സിനിമകളിൽ ഒന്നാണ് എന്ന് നിസംശയം പറയാം.
ലോഹിതദാസ് സിബി മലയിൽ കൂട്ടുകെട്ടിലെ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ആയിരുന്ന കമലദളം മോനിഷയുടെ കരിയറിലെ ഏറ്റവും മികച്ച വേഷം ആയിരുന്നു. ഒരു തരത്തിൽ അവർ വെള്ളിത്തിരയിൽ അഭിനയിച്ചു പൂർത്തിയാക്കിയ അവസാന കഥാപാത്രവും കമലദളത്തിലെ മാളവിക നങ്ങ്യാർ ആയിരുന്നു. നർത്തകി ലക്ഷണം ഉള്ള മാളവിക മോനിഷ എന്ന നടിയിൽ ഭദ്രം ആയിരുന്നു. അഹങ്കാരത്തിന്റെ മുൾമുടിയിൽ നിൽക്കുന്ന മാളവികയും പ്രണയത്തിന്റെ ഉത്തുംഗതയിൽ നിൽക്കുന്ന മാളവികയും മോനിഷയുടെ ഭാവ വിന്യാസത്തിൽ എത്ര തീക്ഷണം ആയിരുന്നു എന്ന് ഇപ്പോഴും ഓർത്തു നോക്കൂ. ആനന്ദ നടനം ആടി നാനും പ്രേമോധാരനായി അണയൂ നാഥാ ഇപ്പഴും നമ്മുടെ എവർ ഗ്രീൻ ഹിറ്റുകളിൽ മുന്നിരയിൽ ആണ് .
ആര്യൻ എന്ന ചിത്രത്തിലെ പൊൻവീണയും ഞാൻ എന്നും കാത്തിരുന്ന് കാണുന്ന പ്രിയ പാട്ടുകളിൽ ഒന്നാണ്. മോഹൻലാൽ ചിത്രമായ അധിപനിലെ പെങ്ങളുട്ടി നമ്മളിൽ ഓരോരുത്തരിലും ഉണ്ടാകുന്ന വിഷാദത്തിന്റെ മഴകൾ ഇത് എഴുതുമ്പോഴും നെഞ്ചിനുള്ളിൽ തിമിർത്തു പെയ്യുന്നു. 1986-ൽ തന്റെ ആദ്യ ചലച്ചിത്രമായ നഖക്ഷതങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടുമ്പോൾ 16 വയസ്സ് മാത്രമേ മോനിഷക്ക് ഉണ്ടായിരുന്നുള്ളൂ.
ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഈ ബഹുമതി നേടിയത് മോനിഷയാണ്. എന്റെ സ്കൂൾ ദിവസങ്ങളിൽ ആയിരുന്നു മോനിഷയുടെ മരണം. ഇന്നും ഞാൻ കേൾക്കാൻ ആഗ്രഹിക്കാത്ത ഇപ്പോഴും ഞാൻ വിശ്വസിക്കാത്ത ഒരു ദുരന്ത വാർത്ത ആയി പ്രിയ മോനിഷ നീ ഇന്നും എന്റെ ഉള്ളിലുണ്ട്. ചേർത്തലക്ക് അടുത്തുള്ള കാർ അപകടവും അവിടെ പോസ്റ്റ് മോർട്ടം ടേബിളിൽ കിടത്തിയ നിന്റെ രൂപവും ഇന്നും എന്നെ രാത്രിസ്വപ്നങ്ങളിൽ ഞെട്ടി എഴുന്നേല്പിക്കാറുണ്ട് .
ആശുപത്രിയിലെ ഒരു ഡെസ്കിൽ നീ കണ്ണടച്ച് ഉറങ്ങുന്ന നിത്യ നിദ്രയിലും എന്ത് ഭംഗി ആയിരുന്നു ആ മുഖപ്രസാദം. ആ നീണ്ട മുടി അഴക് പിന്നീട് വന്ന ഒരു നായികയ്ക്കും സ്വന്തമാക്കാൻ പറ്റാത്ത ഒന്നായി മലയാളിയുടെ നൊസ്റ്റാൾജിയയിൽ നമ്മൾ ചേർത്ത് വെക്കുന്നു .ഇന്ന് ന്റെ ഇഷ്ട്ടനടികളിൽ ഒരാളാണ് ശ്രീദേവിഉണ്ണി എന്ന മോനിഷാമ്മ 😍.
-സനിത