ജിസ ജോസ്
ആദ്യത്തെ രാത്രിയിൽ
നിന്നെക്കുറിച്ചെല്ലാം പറയൂ
എന്നയാൾ
പുന്നാരിക്കുമ്പോൾ
അവളൊരൂട്ടം
കാട്ടിത്തരാമെന്നു
കുസൃതിച്ചിരിയോടെ
തൻ്റെയാദ്യത്തെ
കവിതാപുസ്തകം
പുറത്തെടുത്തു.
കൈനീട്ടി വാങ്ങി
അലസമായതു
മറിച്ചുനോക്കിയെങ്കിലും
അയാളുടെ മുഖത്തെ
വെളിച്ചം കെട്ടു .
നീ കവിതയെഴുതുമെന്നു
മുന്നേ പറഞ്ഞില്ലല്ലോ?
ചിരിമാഞ്ഞ് ,
ചോദ്യത്തിൻ്റെ മുന
കൂർക്കുന്നത്
അവളറിഞ്ഞില്ല.
വായിച്ചു നോക്കെന്നു
അവൾ നാണിച്ചു ..
ഞാനെഴുതിയതു
വായിക്കൂ..
ഇതിലെല്ലാമുണ്ട്.
എന്നെ
ഇതിലധികമെനിക്കു
തുറന്നു കാട്ടാനാവില്ല ..
പുസ്തകം നിവർത്തി
ലാവൻ്റർ നിറമുള്ള
സ്വപ്നങ്ങളെന്നു
പേരിട്ട കവിതയിൽ
വിരലൂന്നി
സ്വപ്നത്തിനു നിറമോ
എന്നയാൾ പരിഹസിച്ചു.
എഴുത്തുകാരിയെന്ന
റിഞ്ഞിരുന്നെങ്കിൽ
ഞാൻ നിന്നെ
കെട്ടില്ലായിരുന്നു.
അവരെ
വിശ്വസിക്കാൻ കൊള്ളില്ല
ഉള്ളിലേക്കു
ചുഴിഞ്ഞു നോക്കും
ഉള്ളിലില്ലാത്തതും
തുരന്നെടുക്കും..
അവർക്കു
മുന്നിലെത്തുമ്പോൾ
പൊതുനിരത്തിൽ വെച്ചു
ഉടുപ്പഴിഞ്ഞ പോലാവും.
അവളമ്പരന്നു.
എഴുത്ത്
കോടമഞ്ഞു മൂടുന്ന
മലഞ്ചെരുവുകളിൽ
ചിറകുകളില്ലാതെ
പറക്കുന്ന പോലാണ്
കുളിർന്നു വിറക്കലാണ്..
ഒന്നു വായിച്ചു നോക്കൂ
പറന്നും കുളിർന്നും
ഞാനെഴുതിയ
വരികൾ…
ഞാനീചവറൊന്നും
വായിക്കാറില്ല
അക്കൗണ്ടൻസീടെ
പുസ്തകത്തോളം
ഉപകാരമുള്ളതൊന്നും
ജീവിതത്തിലു
ഞാൻ കണ്ടിട്ടുമില്ല..
കവിതയില്ലേലും
ജീവിക്കാം
കവിതയെഴുതാതേം
ജീവിക്കാം.
പക്ഷേ …
അവളെന്തോ
പറയാനൊരുങ്ങുമ്പോഴേക്ക്
ക്ഷമ നശിച്ച നവവരൻ
ചുണ്ടുകൾ കൊണ്ടവളുടെ
ചുണ്ടുകൾ മൂടി..
ലാവൻ്റർനിറം പുരണ്ട
സ്വപ്നങ്ങളുള്ള
പുസ്തകം
കിടക്കയിൽ
ചുരുണ്ടും മടങ്ങിയും
ഉപേക്ഷിക്കപ്പെട്ടു.
പുലർച്ചേ
താനറിയാതെ
ജീവിതം വേറൊരു
താളത്തിലേക്കു
മാറിയതു കണ്ട്
എല്ലാവധുക്കളെയും പോലെ
അവളും
കുറച്ചൊന്നമ്പരന്നു
പിന്നെ
ആ പുതുതാളത്തിലാവട്ടെ
ഇനിയെല്ലാമെന്നു
എളുപ്പത്തിൽ
പ്രായോഗികമതിയായി..
കവിതയെഴുതാതേം
ജീവിക്കാമെന്നയാൾ
പറഞ്ഞത്
അവളോർത്തെങ്കിലും
എഴുതാതെ
ജീവിക്കുന്നില്ലെന്നു
നിശ്ചയിച്ചതുകൊണ്ട്
ഒഴിവുനേരങ്ങളിൽ
എഴുതുകയും
ചിലതൊക്കെ
പ്രസിദ്ധീകരിക്കുകയും
ചെയ്തു.
കവിതയുണ്ടെന്നു
മാസികയുമായടുത്തു
ചെന്നപ്പോൾ ചീറി..
എന്തൊക്കെയെഴുതി
വെച്ചിരിക്കുന്നെന്നു
പല്ലിറുമ്മി ..
എൻ്റെ രഹസ്യങ്ങൾ
ചോർത്തി നീ
പ്രശസ്തയാവുന്നുവെന്നു
പരിഭവിച്ചു..
ഇനിയെഴുതരുതെന്നു
യാചിച്ചു.
ഇതൊക്കെയോ
മനസ്സിലിരുപ്പെന്നു
പിണങ്ങി ..
എഴുത്തുകാരിയുടെ
ഭർത്താവായിരിക്കുന്നതെത്ര
ക്ലേശമെന്നു
സ്വയം ശപിച്ചു ..
എനിക്കു മാത്രമീ
ഗതികേടെന്നു
നെഞ്ചത്തടിച്ചു..
എഴുത്ത്
കോടമഞ്ഞിനിടയിലൂടെ
പറക്കലും
കുളിർന്നു
വിറയ്ക്കലുമല്ലെന്ന്
അങ്ങനങ്ങനെ
അവളറിഞ്ഞു.