കേന്ദ്രമന്ത്രിസ്ഥാനം നേതൃത്വം തീരുമാനിക്കുമെന്ന് താരം
തിരഞ്ഞെടുപ്പിൽ വിജയിച്ച കേരളത്തിലെ ആദ്യ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിക്ക് മണ്ഡലത്തിൽ സ്നേഹോഷ്‌മള വരവേൽപ്. വിജയിയായുള്ള സാക്ഷ്യപത്രം ഏറ്റുവാങ്ങാൻ കലക്ടറേറ്റിലെത്തിയ അദ്ദേഹത്തെ ഓറഞ്ച് നിറമുള്ള കിരീടം അണിയിച്ചു ജില്ലാ ബിജെപി നേതാക്കളും അണികളും സ്വീകരിച്ചു. തിരക്കിനിടയിൽ വളരെ പ്രയാസപ്പെട്ടാണു സുരേഷ് ഗോപി കലക്ടറേറ്റിനുള്ളിലേക്കും കലക്ടറുടെ ചേംബറിലേക്കും പ്രവേശിച്ചത്. ജില്ലാ വരണാധികാരി കൂടിയായ കലക്ടർ വി.ആർ.കൃഷ്ണതേജ സാക്ഷ്യപത്രം കൈമാറി.
സുരേഷ് ഗോപിയുടെ സഹോദരങ്ങളായ സുഭാഷ് ഗോപി, സുനിൽ ഗോപി എന്നിവരും ഒപ്പമുണ്ടായിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്കുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ്റ് ബി.ഗോപാലകൃഷ്ണൻ, ജനറൽ സെക്രട്ടറി എം.ടി.രമേശ്, സെക്രട്ടറി എ.നാഗേഷ്, പാലക്കാട് മേഖലാ അധ്യക്ഷൻ വി.ഉണ്ണിക്കൃഷ്ണൻ, ബിഡിജെഎസ് ജില്ലാ പ്രസിഡൻ്റ് അതുല്യഘോഷ് വെട്ടിയാട്ടിൽ തുടങ്ങിയവരും കലക്ടറേറ്റിലെത്തി.
തുടർന്ന്, തുറന്ന വാഹനത്തിൽ നഗരത്തിൽ ആഘോഷമായ റോഡ് ഷോ നടന്നു. പ്രചാരണത്തിൻ്റെ കലാശക്കൊട്ടിലേക്ക് എത്തിയതിനെ വെല്ലുന്ന ജനക്കൂട്ടമായിരുന്നു ഇന്നലെ സ്വരാജ് റൗണ്ടിൽ വൈകിട്ട് തടിച്ചുകൂടിയത്. പുലിക്കളിയും കാവടികളും ബാൻഡ് മേളവും കൊടികളുമൊക്കെയായി പ്രവർത്തകർ ഉത്സവപ്രതീതി സൃഷ്‌ടിച്ചു. സുരേഷ് ഗോപിയുടെ വരവ് അറിയിച്ചുകൊണ്ട് ഇരുചക്രവാഹന റാലി വന്നതോടെ ജനക്കൂട്ടം റോഡിലേക്കിറങ്ങി. ജയത്തിനു പിന്നിൽ വനിതകളുടെ വോട്ട് ആണ് എന്ന നിഗമനം ശരിവയ്ക്കുംപോലെ, കാണാനെത്തിയവരിലും ഇരുചക വാഹന റാലിയിലും സ്ത്രീകൾ നിറഞ്ഞു.

മണ്ഡലത്തെ ഹൃദയത്തിൽവച്ചു പ്രവർത്തിക്കുമെന്നു സുരേഷ് ഗോപി മാധ്യമങ്ങളോടു പറഞ്ഞു. പിന്നിലായ ഗുരുവായൂർ നിയമസഭാ മണ്ഡലത്തിലും മുന്നിലെത്താൻ പരിശ്രമിക്കും. തൃശൂർ പൂരം “സിസ്റ്റമാറ്റിക്കായി’ നടത്താൻ നേതൃത്വം നൽകും. ഈ വർഷമുണ്ടായ പ്രശ്‌നം ഒഴിവാക്കാൻ ഇടപെടും. കേന്ദ്രമന്ത്രിസ്ഥാനം നേതൃത്വം തീരുമാനിക്കുമെന്നും തൃശൂരിൽ സ്ഥിര താമസമുണ്ടാകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഒരാഴ്‌ച നീളുന്ന ആഘോഷ പ്രകടനങ്ങൾക്കാണു ജില്ലാ നേതൃത്വം ഒരുങ്ങുന്നത്.