Saturday, July 27, 2024
spot_img
HomeBlogവാനരൻ
spot_img

വാനരൻ

ഷാനു ജിതൻ

-ആനന്ദ് നീലകണ്ഠൻ

വാനരവംശം എന്നൊന്നില്ലായിരുന്നു.. ‘വന നരൻ ‘ എന്നാണവരുടെ വംശ നാമം. ദേവ ബ്രാഹ്മണർ കല്പ്പിച്ചു നൽകിയ പേരാണത്.. കാടാണവരുടെ വീട്. ഉന്നത കുലജാതർ അധിക്ഷേപ പൂർവ്വം ഉപയോഗിച്ചിരുന്ന വാക്കാണത്. കുരങ്ങന്മാർ എന്നാണതിനർത്ഥം.
ആനന്ദ് നീലകണ്ഠൻ എഴുതിയ ‘വാനരൻ’ എന്ന കൃതിയിലെ വരികളാണിത്.. വൈവിദ്ധ്യത്താൽ പ്രകീർത്തിക്കപ്പെട്ടിട്ടുള്ള ഇന്ത്യൻ പാരമ്പര്യത്തിന്റെ നാഴിക കല്ലുകൾ തന്നെയാണ് മഹാഭാരതവും രാമായണവും. ആ പ്രധാന കൃതികൾ തന്റെതായ ശൈലിയിൽ വ്യാഖ്യാനിച്ചും അവയുടെ അന്തസത്ത കൈവിടാതെ അതേ പടി പിന്തുടർന്നും പാടെ തകർത്തെറിയപ്പെട്ട പഴങ്കഥകൾ കാറ്റിൽ പറത്തി പുതിയ തലങ്ങളിലേക്ക് കഥാപാത്രങ്ങളെ പുനസൃഷ്ടിച്ചും ഒരുപാട് കൃതികൾ പിന്നീടും ഉണ്ടായിട്ടുണ്ട്.

കാലാനുഗതികമായ ആവർത്തനങ്ങൾക്കൊക്കെ അപ്പുറത്ത് തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ മാനസികവും വൈകാരികവുമായ തലങ്ങളെ ഇന്നുമായി കോർത്തു കെട്ടി വിശകലനം ചെയ്യുന്ന എഴുത്തുകാരനാണ് ആനന്ദ് നീലകണ്ഠൻ എന്ന് ഓരോ കൃതികളും വായിക്കുന്തോറും തെളിഞ്ഞു വരുന്നു.

വാനര കുല ജാതരായ ബാലിയുടെയും സഹോദരൻ സുഗ്രീവന്റെയും കഥയിലൂടെ അനവൃതമാവുന്ന വാനര സാമ്രാജ്യത്തിന്റെയും, സുര വംശത്തിന്റെയും അസുര വംശത്തിന്റെയും ക്രൂരതകൾക്കിടയിലും പൊരുതി നേടിയെടുത്ത കിഷ്കിന്തപുരിയെന്ന വാനര നഗരത്തിന്റെയും കഥ പറയുന്ന നോവൽ..

വാനര സഹോദരരുടെ വളർത്തമ്മയായ അഹല്യയും ദേവേന്ദ്രനും തമ്മിലുള്ള ബന്ധത്തെ ചൊല്ലി സഹോദരങ്ങൾ തമ്മിൽ തർക്കം ഉടലെടുക്കുമ്പോൾ ബാലി സുഗ്രീവനോട് ചോദിക്കുന്നുണ്ട്, ആര് ആരോടൊക്കെ കൂറ് പുലർത്തണമെന്ന് തീരുമാനിക്കാൻ ദേവനും മനുഷ്യനും എന്താണ് അധികാരം.. ആര് ആരെ ഭരിക്കണം..നീ കണ്ണ് തുറന്നു നോക്ക് കാട്ടിൽ ഏതെങ്കിലുമൊരു മൃഗം അത്തരം നിയമം അനുസരിക്കുന്നുണ്ടോ, നമുക്കായി നിയമങ്ങളില്ല.. സോമരസത്തിന്റെ ലഹരിയിൽ ഏതെങ്കിലും കിഴവൻ തവള എഴുതിയ ഏതോ പുസ്തകത്തിനനുസരിച്ചുള്ളതല്ല നമ്മുടെ നിയമങ്ങൾ

ഖഗശ്രേഷ്ഠരായ ഇരട്ട ഗരുഡന്മാർ ജഡായുവും സമ്പാതിയും നടത്തുന്ന ഭീകര ആക്രമണത്തിൽ നിന്നും രക്ഷപ്പെടുന്ന അവരെ രക്ഷിക്കാൻ വരുന്നത് ഋക്ഷരജസ്സ് എന്ന് പേരുള്ള നപുംസകമാണ്.. തുടർന്നവരുടെ ജീവിതത്തിൽ തന്നെ അദ്ദേഹം പിതൃ സ്ഥാനത്തു നിന്നു അവരെ നയിക്കുന്നു.. പലയിടങ്ങളിലും അദ്ദേഹത്തിന്റെ അഭിപ്രായത്തെ അവർ എതിർക്കുന്നുണ്ടെങ്കിലും പ്രായത്തിൽ മുതിർന്ന അയാളോട് അവർക്ക് ബഹുമാനവും കടപ്പാടും എക്കാലവും നിലകൊള്ളുന്നുണ്ട്..

സഹോദര സ്നേഹത്തിന്റെ ഏറ്റവും ഉദാത്തമായ ഊഷ്മളത പലയിടങ്ങളിലും നമുക്ക് മുന്നിൽ അനവൃതമാവുന്നെങ്കിലും താര യെന്ന സുന്ദരി രണ്ടുപേരുടെയും മനസ്സിളക്കുന്നതായും കാണാം.. താരയെ കണ്ട മാത്രയിൽ അനുരാഗമുദിക്കുന്നത് സുഗ്രീവനാണെങ്കിലും താരക്ക് അനുരാഗം തോന്നിയത് ബാലിയോട് മാത്രമായിരുന്നു. കലക്രമേണ ബാലിയും താരയിൽ അനുരക്തനാവുന്നുണ്ട്.

വളരെ ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ സുഗ്രീവനു ബാലിയോട് അസൂയ എന്ന വികാരം നിഴലിക്കുന്നത് കാണാൻ കഴിയും.. ഗൗതമന്റെയും അഹല്യയുടേം ആശ്രമത്തിൽ കഴിയവേ, സമ്പാതിയെന്ന പക്ഷി ശ്രേഷ്ഠനെ വക വരുത്തിയപ്പോൾ ഒക്കെയും സുഗ്രീവന്റെ കൊച്ചു കൊച്ചു വിജയങ്ങളുടെ പ്രഭ പലയിടത്തും ജേഷ്ഠന്റെ വിജയങ്ങൾക്ക് മുൻപിൽ ഒളി മങ്ങുന്നതായി അയാൾ കണക്കു കൂട്ടുന്നു.. മനസ്സിന്റെ അഗാധതയിൽ എവിടെയൊക്കെയോ ആ വികാരം അവനിൽ അടിയുറക്കുന്നുണ്ട്..

താരയെന്ന അവന്റെ അനുരാഗിണിയെ വിവാഹം കഴിക്കുന്നതോടെ അസൂയയിൽ നിന്നും പകയോളമെത്തുന്ന ഒന്നായി അതു പരിണമിക്കുന്നുമുണ്ട്..

താരയെന്ന വാനര സുന്ദരി സൗന്ദര്യത്തോളം തന്നെ ബുദ്ധിമതിയും ആയിരുന്നു.. പല കാര്യങ്ങളെക്കുറിച്ചും അവർക്കുള്ള ദീർഘ വീക്ഷണം കിഴവാന്മാരായ വാനര ശ്രേഷ്ഠരെ അത്ഭുതപ്പെടുത്തുകയും ഒപ്പം സ്ത്രീ ആയതു കൊണ്ടു മാത്രം അടിച്ചമർത്തപ്പെടുകയും ചെയ്യേണ്ടി വരുന്ന പല സന്ദർഭങ്ങളും താര നേരിടുന്നുണ്ട്..

ബാലി അഗ്നി കണ്ടെത്തുന്നത് തന്നെയായിരുന്നു വാനരർക്കിടയിൽ വലിയൊരു സ്വീകാര്യത നേടിയെടുക്കുന്നത്.. അക്കാലമത്രയും അഗ്നി പവിത്രമാണെന്നും അതു ബ്രഹ്മണർക്കോ ദേവന്മാർക്കോ മാത്രം അവകാശപ്പെട്ടതായിരുന്നു എന്നായിരുന്നു വാനരർക്കിടയിലെ അലിഖിത നിയമം… ബാലി അഗ്നി നേടിയെടുക്കുന്ന മാത്രയിൽ തന്നെ തന്റെ കൂട്ടരോട് പറയുന്നുണ്ട്, തീ.. വെള്ളവും വായുവും പോലെയാണ്.. അത് ഏവർക്കും അവകാശപ്പെട്ടതാണ്.. അതു വാനരന്മാർക്ക് കൂടിയുള്ളതാണ്..

അതൊരു കുറ്റമല്ലേ എന്ന വാനരുടെ ചോദ്യത്തിന് അയാൾ പറയുന്നുണ്ട്… അതൊരു കുറ്റമല്ല.. അജ്ഞത കുറ്റമാണ്, അടിമത്തം കുറ്റമാണ് അറിവ് അങ്ങനെയല്ല.. അഗ്നി അറിവാണ്.. വലിയൊരു തത്വം.. അതായിരുന്നു ബാലി അവർക്കു മുന്നിൽ തുറന്നു വച്ചതും..

വിവാഹ ശേഷം താരയുടെ സഹായത്തോട് കൂടിയാണ് ബാലിയുടെ സ്വപ്ന നഗരമായ കിഷ്കിന്ധ പടുത്തുയർത്തപ്പെടുന്നത്.. പലയിടത്തും സുഗ്രീവന്റെ അസൂയയും പകയും തലപൊക്കുന്ന വേളയിലും അയാൾ സ്വയം അയാളെ അടക്കി നിർത്തുന്നുണ്ട്.. ഒരേ സമയം സ്വന്തം സഹോദരനോടുള്ള അമിതമായ സ്നേഹവും അതേ നിമിഷം അടി മനസ്സിൽ താരയോടുള്ള അടങ്ങാത്ത അഭിനിവേശവും അയാളെ പിടിച്ചുലയ്ക്കുന്നുണ്ട്.. ഒടുവിലയാൾ മികച്ചൊരു അവസരത്തിന് തക്കം പാർത്തിരിക്കുന്നു.

സംസ്കൃതിയെ നിരാകരിച്ചു കൊണ്ടു സങ്കൽപ്പികമായ ഒരു ഭൂതകാലത്തിന്റെ കല്പിതമായ ഏതോ വംശശുദ്ധിയിലേക്ക് മടങ്ങിപ്പോകാനുള്ള ബാലിയുടെ തീരുമാനത്തെ കുറിച്ച് താര വേവലാതിപ്പെടുന്നുണ്ട്.. ഒരുപാട് ശ്രമങ്ങൾ അവൾ അതിനായി നടത്തുന്നുണ്ട്..

ഒടുവിൽ ആ സമയവും ആഗതമായിരിക്കുന്നു.. നിരന്തരമായ സുഗ്രീവന്റെ കണക്കു കൂട്ടലുകൾക്കൊടുവിൽ മനുഷ്യനെന്നോ ദേവനെന്നോ തിട്ടമില്ലാത്ത ക്ഷത്രിയനിൽ നിന്നും ഒളിയമ്പേറ്റു ബാലി മരണം വരിക്കുന്നു..പകരം തന്റെ വാനര സൈന്യത്തെ മുഴുവനായും യുദ്ധത്തിന് വിട്ടു നൽകാമെന്ന ഉടമ്പടിയിന്മേൽ സുഗ്രീവൻ അയാളുടെ ലക്ഷ്യം നേടുക തന്നെ ചെയ്യുന്നു.. പരിഷകൃത ജനത അന്യോന്യം കശാപ്പു ചെയ്യുന്ന സമ്പ്രദായമെന്ന യുദ്ധത്തിനൊടുവിൽ താര കൊട്ടാരം വിട്ടിറങ്ങുന്നു…

രാമായണത്തിൽ ഏറെയൊന്നും പ്രാധാന്യം കൊടുക്കാതെ പോയവളാണ് താര.. എന്നാൽ ഇവിടെ വാനരനിൽ കേന്ദ്ര കഥാപാത്രമായി വികസിക്കുന്നുണ്ട് അവൾ..സുഗ്രീവന്റെ പ്രണയ കാമ പ്രലോഭനങ്ങൾക്കൊന്നും വശം വദയാവാതെ ബാലി എന്ന ഒരേ ഒരു വിഗ്രഹത്തെ സ്നേഹിച്ചും മോഹിച്ചും ആരാധിച്ചവളായിരുന്നു താര..

മൂല്യങ്ങളെയും സ്വത്വത്തെയും മുറുകെ പിടിക്കുന്ന ബാലിയും സഹോദരനും താരയും പ്രൗഡഗംഭീര കഥാപാത്രങ്ങളായി നോവലിൽ ഉടനീളം നിലകൊള്ളുന്നു..ഇതിഹാസത്തിനു ഒരു പൊളിച്ചെഴുത്തു എന്ന് പറയാൻ ആവില്ലെങ്കിലും വായനക്കാരന്റെ ആസ്വാദനം മികവുറ്റ രീതിയിൽ ആവാനുള്ള എല്ലാ ചേരുവകളും നിറഞ്ഞ ദൃശ്യ ചാരുതയാർന്ന ഒരു എഴുത്ത് തന്നെയാണ് ഇവിടെ കഥാകാരന്റേത്.

എൻ. ശ്രീകുമാർ വളരെ അധികം നീതി പുലർത്തിയ ഒരു പരിഭാഷയായിരുന്നു വാനരന്റേത്.. പലയിടത്തും അനുവാചകന്റെ ബോധമണ്ഡലങ്ങളിൽ ചിത്രം വരയ്ക്കുന്ന പോലെയുള്ള എഴുത്തായിരുന്നു അദ്ദേഹത്തിന്റേത്.. കൂടുതൽ വായിക്കപ്പെടേണ്ട പുസ്തകമെന്നതിൽ തർക്കമില്ല..

Shanu jithan

#anandneelakandan

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments