Saturday, July 27, 2024
spot_img
HomeBlogശ്രീവിദ്യ എനിക്കെന്നും പ്രണയിനി :കമൽഹാസൻ
spot_img

ശ്രീവിദ്യ എനിക്കെന്നും പ്രണയിനി :കമൽഹാസൻ

സിനിമാ ലോകത്തെ അനശ്വര പ്രണയങ്ങളിൽ ഒന്നാണ് ശ്രീവിദ്യയുടെയും കമൽഹാസന്റേതും. മരണക്കിടക്കയിൽ പോലും കമലിനെ ഒന്ന് കാണണം എന്ന ആഗ്രഹം ശ്രീവിദ്യ അറിയിച്ചിരുന്നു. ഇപ്പോഴും ശ്രീവിദ്യയെ കുറിച്ച് പറയുമ്പോൾ ഏറ്റവും പ്രിയപ്പെട്ട ഒരാൾ എന്നല്ലാതെ കമൽഹാസൻ വിശേഷിപ്പിക്കാറില്ല. ഇപ്പോഴിതാ പ്രിയപ്പെട്ടവളെ കുറിച്ച് കമൽ പങ്കുവെച്ച ഓർമകളാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

ശ്രീവിദ്യയെക്കുറിച്ച് കമൽഹാസൻ

ആശുപത്രിക്കിടക്കയില്‍വെച്ച് അവസാനമായി കണ്ടപ്പോഴും ശ്രീവിദ്യ പുഞ്ചിരിച്ചു. എന്നും നിറഞ്ഞ പുഞ്ചിരിയോടെയാണ് വിദ്യയെ കണ്ടിരുന്നത്. പക്ഷേ, ഒടുവിലത്തെ കാഴ്ചയില്‍ അവര്‍ വല്ലാതെ മാറിപ്പോയിരുന്നു. രോഗം വിദ്യയെ ഒരുപാട് മാറ്റിമറിച്ചിരുന്നു. തീവ്രതയേറിയ മരുന്ന് കഠിനമായ വേദനയ്ക്ക് കുറച്ചാശ്വാസം നല്‍കിയിരിക്കാമെങ്കിലും വിദ്യയുടെ മനസ്സ് ഉറപ്പിച്ചിരുന്നു, ഏറെനാള്‍ ഈ ഭൂമിയില്‍ ഉണ്ടാവില്ലെന്ന്.

”കമലിനെ കാണണം”, അവസാനത്തെ ആഗ്രഹം അടുപ്പമുള്ള ഒന്നുരണ്ടുപേരോടുമാത്രം വിദ്യ പറഞ്ഞു. ആ ആഗ്രഹം ഞാനറിയുമ്പോഴും രോഗാവസ്ഥയുടെ മൂര്‍ധന്യത്തിലാണ് വിദ്യയെന്ന് വിശ്വസിക്കാന്‍തന്നെ പ്രയാസമായിരുന്നു.

എങ്കിലും കാണാതെ പറ്റില്ലായിരുന്നു. ചെന്നൈയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ വിദ്യയോടൊപ്പമുള്ള പല യാത്രകളും എന്റെ മനസ്സിനെ പൊതിഞ്ഞുനിന്നു. കുറെനാള്‍ എല്ലാറ്റില്‍നിന്നും മാറിയുള്ള ജീവിതമായിരുന്നു വിദ്യയുടെത്. കൂടിക്കാഴ്ചകള്‍ പോയിട്ട് ആ ശബ്ദംപോലും ഞാന്‍ കേട്ടിട്ട് വര്‍ഷങ്ങള്‍തന്നെ കടന്നുപോയിരുന്നു. എങ്കിലും എന്നും ഞങ്ങളുടെ മനസ്സില്‍ ഞങ്ങളുണ്ടായിരുന്നു.

അഭിനയത്തിന്റെയും സംഗീതത്തിന്റെയും നൃത്തത്തിന്റെയും വിശാലമായ ലോകം വിദ്യയ്ക്കുമുന്നില്‍ തുറന്നുകിടപ്പുണ്ടായിരുന്നു. അവരുടെ സര്‍ഗാത്മകതയ്ക്ക് ഭാഷയുടെ അതിരുകള്‍ ഒരിക്കലും തടസ്സമായിരുന്നില്ല. ഓരോ ഭാഷയും മാതൃഭാഷപോലെ വിദ്യയ്ക്ക് വശമായിരുന്നു. യഥാര്‍ഥത്തില്‍ സിനിമയ്ക്ക് മാത്രമല്ല, നൃത്തവേദിക്കും സംഗീത അരങ്ങിനും വിദ്യയെ ആവശ്യമായിരുന്നു. സിനിമയില്‍ വലിയ മോഹങ്ങളുമായി ഞാനും. സ്നേഹം മാത്രമായിരുന്നു ഞങ്ങളുടെ മനസ്സില്‍.

ജീവിതത്തില്‍ ഒന്നിക്കാന്‍ കൊതിച്ചിട്ടും അത് നടന്നില്ല. അതിന്റെ കാരണങ്ങളിലേക്ക് ഞാനിപ്പോള്‍ കടന്നുചെല്ലുന്നില്ല. സിനിമയുമായി ബന്ധപ്പെട്ട അക്കാലത്തെ ഏറെപേര്‍ക്കും അറിയാവുന്ന കാര്യമാണത്. വിവാഹം, കുടുംബം തുടങ്ങി ഞങ്ങളുടെ വ്യക്തിപരമായ സ്വപ്നങ്ങളും ഇഷ്ടങ്ങളും ഞങ്ങള്‍ ബോധപൂര്‍വം മറക്കാന്‍ ശ്രമിച്ചു. അപ്പോഴും രണ്ടുപേരും സിനിമയുടെ വഴിയിലൂടെതന്നെ സഞ്ചരിച്ചു. വിദ്യയുടെയും എന്റെയും ജീവിതത്തില്‍ കാലം ഒരുപാട് മാറ്റങ്ങള്‍ വരുത്തി. എന്നിട്ടും ഞങ്ങളില്‍ ബാക്കിയായത് സ്നേഹം മാത്രമായിരുന്നു.

സിനിമയിലെ എന്റെ വളര്‍ച്ചയില്‍ ഒരുപക്ഷേ, നിശ്ശബ്ദമാണെങ്കില്‍പോലും ഏറ്റവുമധികം സന്തോഷിച്ചത് ശ്രീവിദ്യയാകും. ആരോടും പകയോ വിദ്വേഷമോ ഉള്ള മനസ്സായിരുന്നില്ല വിദ്യയുടെത്. ഒരിക്കലും അങ്ങനെയാവാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. സിനിമയില്‍ എന്റെ കാമുകിയും ഭാര്യയും അമ്മയുമായി അവര്‍ അഭിനയിച്ചു. എന്നാല്‍ ജീവിതത്തില്‍ എഴുതിഫലിപ്പിക്കാനാവാത്ത സ്നേഹമായിരുന്നു വിദ്യ. അതിനപ്പുറം മറ്റെന്തൊക്കെയോ. ഒരുപാട് വേദനിച്ചിരുന്നു അവര്‍. ജീവിതത്തില്‍ നേരിടേണ്ടിവന്ന ദുരിതങ്ങളെയോര്‍ത്ത് പലപ്പോഴും ആ മനസ്സ് വെന്തുരുകിയിട്ടുണ്ടാവും. പക്ഷേ, അതിന്റെ നിഴല്‍പോലും തന്റെ കലാജീവിതത്തില്‍ പ്രതിഫലിക്കാതിരിക്കാന്‍ വിദ്യ എപ്പോഴും ശ്രമിച്ചു. താന്‍ രോഗബാധിതയാണെന്ന കാര്യം ആരുമറിയരുതെന്നും വിദ്യ ആഗ്രഹിച്ചു. എല്ലാവരില്‍നിന്നുമുള്ള ഒരു ഒളിച്ചോട്ടംപോലെയായി പിന്നീടുള്ള വിദ്യയുടെ ജീവിതം.

ആശുപത്രിക്കിടക്കയില്‍വെച്ച് സംസാരിച്ചതിനപ്പുറമെന്തൊക്കെയോ വിദ്യയ്ക്ക് എന്നോട് പറയാനുണ്ടായിരുന്നു. പക്ഷേ, ഒരുപാട് സംസാരിക്കാനാവുമായിരുന്നില്ല. പറയാന്‍ ബാക്കിവെച്ചതെല്ലാം പാടി മുഴുമിപ്പിക്കാത്ത ഒരു ശോകഗാനംപോലെ വിദ്യയോടൊപ്പം അവസാനിച്ചു. രോഗം ഭേദമാകുമെങ്കില്‍ എവിടെ കൊണ്ടുപോകേണ്ടിവന്നാലും എന്ത് ചെലവുവന്നാലും വിദ്യയെ നോക്കുമായിരുന്നു. പക്ഷേ, എത്ര വലിയ ചികിത്സ നല്‍കിയാലും വൈദ്യശാസ്ത്രത്തിന് വിദ്യയെ രക്ഷപ്പെടുത്താനാവുമായിരുന്നില്ല. ആ സത്യം വിദ്യയും തിരിച്ചറിഞ്ഞിരുന്നു.

പറയാനേറെയുണ്ടെങ്കിലും ചിലരെക്കുറിച്ച് പറയുമ്പോള്‍ വല്ലാത്തൊരു ശൂന്യത അനുഭവപ്പെടും. വാക്കുകള്‍ മുറിഞ്ഞുപോകും. വിദ്യയെക്കുറിച്ച് എത്ര പറഞ്ഞാലും അവസാനിക്കില്ല എന്നതാണ് സത്യം. ഒരിക്കലും അവസാനിക്കാത്ത സ്നേഹഗീതമായി ശ്രീവിദ്യ എന്നും എന്റെ ഓര്‍മകളിലുണ്ടാവും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments