നമ്മുടെ ഭക്ഷണ വസ്തുക്കള്‍ പലതും മരുന്നു കൂടിയാണ്. പലപ്പോഴും നാം വളപ്പിലും വേലിയിറമ്പിലും കാണുന്ന പല സസ്യങ്ങളും നാം അവഗണിയ്ക്കുന്നതാണ് പതിവ്. എന്നാല്‍, പോഷക ഗുണവും ഒപ്പം മരുന്നു ഗുണവും ഒത്തിണങ്ങിയവയാകും ഇവയില്‍ പലതും. ഇതില്‍ ചീര വര്‍ഗത്തില്‍ പെട്ടവ പ്രധാനമാണ്. പലയിനം ചീരകള്‍ നാം നട്ടു പിടിപ്പിയ്ക്കാതെ തന്നെ നമ്മുടെ വളപ്പില്‍ കാണാറുണ്ട്. ഇവ പലതും നാം ഗുണറിയാതെ കളയുടെ കൂട്ടത്തില്‍ പെടുത്തി പറിച്ചു കളയുന്നതാണ് പതിവ്. ഇത്തരത്തില്‍ ഒന്നാണ് ഷുഗര്‍ ചീര അഥവാ ‘ചായാമന്‍സ’ എന്ന ചീര. മായന്‍ ചീ എന്നും മെക്‌സിക്കന്‍ ചീര എന്നുമെല്ലാം ഇത് അറിയപ്പെടുന്നു. മെക്‌സിക്കയിലാണ് ഇത് ധാരാളം കണ്ടു വരുന്നത്.
പേരു സൂചിപ്പിയ്ക്കുന്നതു പോലെ തന്നെ ഷുഗറിനുള്ള നല്ലൊന്നാന്തരം മരുന്നാണ് ഇതിന്റെ ഇലകള്‍. സാധാരണ ചീര തോരന്‍ വയ്ക്കുന്നതു പോലെ ഇത് വച്ചു കഴിച്ചാല്‍ മതിയാകും. ഇതല്ലാതെ ഇതിന്റെ ഇലകള്‍ കൊണ്ട് ചായ വച്ചു കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. ഇതിന്റെ നാലഞ്ച് ഇലകള്‍ ചെറുതായി അരിഞ്ഞ് ഒരു ലിറ്റര്‍ വെള്ളത്തില്‍ ചെറുചൂടില്‍ 20 മിനിറ്റ് തിളപ്പിച്ച് ഇത് പിന്നീട് ഊറ്റിയെടുത്ത് നാരങ്ങാനീര്, തേന്‍ എന്നിവ ചേര്‍ത്തു കുടിയ്ക്കാം. പ്രമേഹത്തിനും കരള്‍ ശുദ്ധീകരിയ്ക്കാനും ഇതേറെ നല്ലതാണ്.
ഇത് കപ്പയുടെ ഇലകള്‍ പോലെ അല്‍പം കട്ടുള്ളതാണ്. അതായത് ഇതിലെ ഹൈഡ്രോസയാനിക് ആസിഡ് ഇതിന് കയ്പു രസം നല്‍കുന്നു. ഇത് അല്‍പനേരം ഉപ്പു വെളളത്തില്‍ ഇട്ടു വയ്ക്കാം. ശേഷം ഇത് നല്ലതുപോലെ വേവിയ്ക്കാം. ചുരുങ്ങിയത് പത്തു പതിനഞ്ചു മിനിറ്റെങ്കിലും വേവിയ്ക്കണം.പച്ചയ്ക്ക് കഴിയ്ക്കാതിരിയ്ക്കുന്നതാണ് നല്ലത്. ഇതു പോലെ തന്നെ ഇത് അലുമിനിയം പാത്രത്തിലും ഈ ആസിഡ് ഉള്ളതിനാല്‍ പാചകം ചെയ്യാതിരിയ്ക്കുക. മണ്‍പാത്രത്തിലോ ഇരുമ്പിലോ പാചകം ചെയ്യാം.
ഇതുപോലെ എല്ലിനും, പല്ലിനുമെല്ലാം ഗുണം നല്‍കാന്‍ കഴിയുന്നത്ര കാല്‍സ്യം സമ്പുഷ്ടമാണ് ഈ ഇലകള്‍. വാത സംബന്ധമായ രോഗങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. എല്ലുകള്‍ക്കുള്ളിലെ മജ്ജ അഥവാ ബോണ്‍ മാരോ വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്ന്. ഇത് എല്ലിന്റെ ആരോഗ്യത്തിന് ഏറെ അത്യാവശ്യമാണ്. വെരിക്കോസ് വെയിനും ഇത് ഗുണകരമാണ്. തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ഈ പ്രത്യേക ചെടി. കാഴ്ച ശക്തി വര്‍ദ്ധിപ്പിയ്ക്കാനും ചുമയ്ക്കുമെല്ലാം ഉത്തമ പ്രതിവിധിയാണിത്. ധാരാളം നാരുകള്‍ അടങ്ങിയ ഇത് തടി കുറയ്ക്കാനും അത്യുത്തമം തന്നെ.
വയറിന്റെ ആരോഗ്യത്തിന് ഗുണകരമാണ് ഈ മായന്‍ ചീര. ദഹനശേഷി വര്‍ദ്ധിപ്പിയ്ക്കുന്നു. നല്ല ശോധന നല്‍കുന്നു. ഫൈബര്‍ സമ്പുഷ്ടമാണ് ഇത്. ഇത് ഗര്‍ഭിണികള്‍ക്കും ഏറെ നല്ലതാണ്. കുഞ്ഞുങ്ങള്‍ക്ക് എല്ലിന്റെ വളര്‍ച്ചയ്ക്ക്് ഇത് നല്ലതാണ്. പൊക്കം വര്‍ദ്ധിപ്പിയ്ക്കാനും ഇതേറെ നല്ലതാണ്. ഇതു പോലെ ഓറഞ്ചിനേക്കാള്‍ പത്തു മടങ്ങ് വൈറ്റമിന്‍ സി ഇതിലുണ്ട്. ബീറ്റാ കരോട്ടിന്‍, പ്രോട്ടീന്‍, കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ്, റൈബ്ലോഫ്‌ളേവിന്‍ എന്നിവ ഇതിലുണ്ട്. തടി കുറയ്ക്കാനും ഇതു നല്ലതാണ്.