Friday, October 18, 2024
HomeLITERATUREഓർമ്മകളിൽ അക്കിത്തം
spot_img

ഓർമ്മകളിൽ അക്കിത്തം

എം.ടി സനിത

ഓണപ്പതിപ്പിലേക്കു അക്കിത്തതിന്റെ ഒരു പുതിയ കവിത.നീ ഒന്ന് സംസാരിക്കോ…. ഫോൺ നമ്പർ ഞാൻ ഇട്ടിട്ടുണ്ട് നോക്കണേ… കേട്ട് തീരും മുന്നേ അവൾ ഫോൺ വെച്ചു.


കൂടെ പഠിച്ചവൾ
ആയിരുന്നു അന്ന്
സാക്ഷരത മിഷൻ ഇറക്കുന്ന മാഗസിന്റെ എഡിറ്റോറിയൽ ചാർജ്.
ഓണപ്പതിപ്പിൽ മഹാകവിയുടെ കവിത വാങ്ങി കൊടുക്കേണ്ട ചുമതല അങ്ങനെ എന്റെ മേൽ ആയി.
ലാൻഡ് ഫോൺ നമ്പറിൽ കുറെ വട്ടം വിളിച്ചപ്പോ നേരെ വീട്ടിൽ വരൂ പറഞ്ഞു. വഴിയും പറഞ്ഞു തന്നു.

കുമരനല്ലൂരിലെ ഇടവഴിയിലൂടെ വേലിപ്പൂക്കൾ അതിരിടുന്ന ആ ഗേറ്റ് കടന്നു ചെല്ലുമ്പോ ദൂരെ നിന്നേ കിട്ടി കർപ്പൂരഗന്ധം.
സന്ധ്യയുടെ കുങ്കുമരാശി ആകാശമെങ്ങും ചായം തേച്ചിരുന്നു അപ്പോഴേക്കും. കോളേജിലെ ക്ലാസ്സ്‌ കഴിഞ്ഞു ഓടിപ്പിടച്ചു രണ്ട് മൂന്ന് കുട്ട്യോൾക്ക് ഒപ്പമാണ് ഞാൻ അവിടേക്കു തിരിച്ചത്.
കൂടെയുള്ള കുട്ടികൾ കവിയുടെ അയല്പക്കത്തെ ആയിരുന്നു.
“ടീച്ചർ വരൂ ഞങ്ങൾക്ക് അറിയാലോ കവിയുടെ വീടൊക്കെ.”മഹാകവി എന്ന എന്റെ സംഭ്രമത്തെ അവർ ഒപ്പം നടന്ന് തൂത്തെടുത്തു. ഞാൻ അന്ന് പടിഞ്ഞാറങ്ങാടി മൈനൊരിറ്റി ആർട്സ് ആൻഡ് സയൻസ് കോളേജിലെ ജേർണലിസം അധ്യാപിക ആയിരുന്നു.

പഠിപ്പിക്കൽ ഒക്കെ നടക്കുന്നുണ്ടെങ്കിലും ഇടക്കൊക്കെ ചില എഴുത്തുകൾ ആ മാഗസിനിൽ ഞാനും കൊടുക്കാറുണ്ട്.
എന്റെ ആ ബൈലൈൻ മോഹം ആണ് ഇപ്പോൾ പണിയായി കൂടെ വന്നത്.
അദ്ദേഹത്തെയോ,അദേഹത്തിന്റെ വീട്ടിലേക്കുള്ള വഴികളോ എനിക്ക് പരിചയം ഇല്ലായിരുന്നു.
പഠിപ്പിക്കുന്ന ക്ലാസിലെ കുട്ടികൾക്കൊപ്പം പോയപ്പോ നേരിൽ കണ്ടു സംസാരിക്കാം എന്ന് ആഗ്രഹിച്ചു. പക്ഷേ ഞങ്ങൾ എത്തിയ നേരം വൈകി. വിളക്കു കൊളുത്തുമ്പോ ആരെയും കാണാറില്ല… നിങ്ങൾക്ക് തരാനുള്ള കവിത രാവിലെ ഏർപ്പാടാക്കാം അദേഹത്തിന്റെ മകൻ പറഞ്ഞു… മുന്നേ വിളിച്ചു പറഞ്ഞത് കൊണ്ടു കവി എഴുതി തയ്യാറാക്കിയിരുന്നു. പക്ഷേ സമയം വൈകി. രാവിലെ ആയിക്കോട്ടെ…
തൊട്ട് അടുത്ത് ചെന്നെങ്കിലും നേരിൽ കാണാൻ പറ്റിയില്ല. പിറ്റേന്ന് നേരത്തെ എത്താം എന്നുറപ്പിച്ച എന്നെ ഞെട്ടിച്ചു കൊണ്ടു രാവിലെ അദേഹത്തിന്റെ മകൻ വിളിച്ചു പറഞ്ഞു. കവിത റെഡി ആയിട്ടുണ്ട് ടീച്ചർ.. ആ കുട്യോൾടെ കൈവശം കൊടുത്തയക്കാം രാവിലെ അവരെ ഇവിടേയ്ക്ക് വിട്ടോളു…


പിറ്റേന്ന് കുട്ടികൾ ആ കവിത വാങ്ങി വന്നു…. മഹാകവിയുടെ സ്വന്തം കൈപ്പടയിൽ ആ കവിത എന്റെ കയ്യിൽ എത്തി… വെട്ടിയും തിരുത്തിയും മഷിപ്പേന കൊണ്ട് നോട്ടുബുക്കിന്റെ വരയുള്ള പേജിൽ കുറിച്ച ആ കവിത എന്റെ കയ്യിൽ ഇരുന്നു വിറച്ചു.
പിറ്റേന്ന് നേരെ കൊറിയർ അയച്ചു തിരുവനന്തപുരത്തേക്ക്.
അന്ന് അതൊരു കോപ്പി എടുത്തു വെക്കാനുള്ള ബുദ്ധി പോയില്ല. ഒരിക്കലും കവിയെ നേരിൽ കാണാനുള്ള ഭാഗ്യവും കിട്ടിയില്ല.ഇന്നും ഓർമ്മത്തിരയിൽ വന്നു പോകുന്നു കവിയും ആ കവിതയും♥️
“ഞാനില്ലാത്ത
ഒരു കാലം ഭൂമിയിലുണ്ടായിരുന്നു
ഇനിയും
അങ്ങനെ ഉണ്ടാവുകയും ചെയ്യും.”

       -അക്കിത്തം അച്യുതൻ നമ്പൂതിരി
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments