Thursday, October 10, 2024
HomeBREAKING NEWSഅർജുന് ജന്മനാടിന്റെ യാത്രാമൊഴി
spot_img

അർജുന് ജന്മനാടിന്റെ യാത്രാമൊഴി

വൈകാരികമായ നിമിഷങ്ങൾക്കാണ് കോഴിക്കോട് കണ്ണാടിക്കൽ ഇന്ന് സാക്ഷ്യം വഹിക്കുന്നത്. 75 ദിവസത്തെ കാത്തിരിപ്പിന് ശേഷം ​ഗം​ഗാവലിപ്പുഴയിൽ കാണാതായ അർജുന്റെ മൃതദേഹാവശിഷ്ടങ്ങൾ ഇന്ന് കണ്ണാടിക്കലെ വീട്ടിൽ സംസ്കരിക്കും. സാധാരണക്കാരായ മനുഷ്യരും രാഷ്ട്രീയക്കാരുമടക്കം വൻ ജനാവലിയാണ് അർജുന്റെ അവസാന യാത്രയ്ക്ക് സാക്ഷികളാകാൻ എത്തിയിരിക്കുന്നത്. മൃതദേഹം കണ്ണാടിക്കലെ വീട്ടിലെത്തിച്ച് പൊതുദർശനം പുരോഗമിക്കുകയാണ്. കുടുംബാം​ഗങ്ങൾ കണ്ട ശേഷമാണ് മൃതദേഹം പൊതുദർശനത്തിന് വെച്ചത്. ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും. ഈശ്വർ മാൽപെ, കാർവാർ എംഎൽഎ സതീഷ് സെയിൽ തുടങ്ങിയവരും കണ്ണാടിക്കലിൽ എത്തിയിട്ടുണ്ട്.

തങ്ങളുടെ ജോലിയല്ല കടമയാണ് ചെയ്തതെന്ന് കാർവാർ എംഎല്‍എ പറഞ്ഞു. ‘ഡ്രഡ്ജർ കൊണ്ടുവന്നതിന് ശേഷം വിജയിച്ചുവെന്ന സന്തോഷമുണ്ട്. അവസാനം വാഹനമുൾപ്പെടെ കണ്ടെത്താനായി. അർജുന്റെ സഹോദരി ആദ്യ ഘട്ടത്തിൽ തിരച്ചിലിൽ അതൃപ്തിയറിയിച്ചിരുന്നു. പിന്നീട് അർജുന്റെ സഹോദരിയെ ഡ്രഡ്ജറിൽ കൊണ്ടുപോയി. നമ്മൾ ഈ ദൗത്യത്തിൽ വിജയിക്കുമെന്നും സഹോദരിക്ക് ഉറപ്പ് നൽകി. പിന്നീട് അർജുന്റെ സഹോദരിക്കും സമാധനമുണ്ടായി. ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്തുവെന്ന് സഹോദരി പറ‍ഞ്ഞു. ഇത് ഞങ്ങളുടെ ജോലിയല്ല സർ, കടമയാണ്’ – കാർവാർ എംഎൽഎ സതീഷ് സെയിൽ പ്രതികരിച്ചു.

‘കണ്ണൂർ നിന്നും മലപ്പുറത്തുനിന്നുമൊക്കെ നിരവധി പേരാണ് അർജുനെ അവസാനമായി കാണാൻ എത്തിയിരിക്കുന്നത്. അവരുടെ വീട്ടിലെ ഒരു അം​ഗം നഷ്ടപ്പെട്ടത് പോലെയാണ് അവർ എത്തിയത്. 75 ദിവസമായി നമ്മൾ എല്ലാവരും കാത്തിരിക്കുകയാണ്. ഈ ഒരു സംഭവം ഒരുപാട് സന്ദേശങ്ങൾ സമൂഹത്തിന് നൽകുന്നുണ്ട്. മനാഫിന്റെ വാക്കുകൾ മലയാളിയെ സംബന്ധിച്ച് നൽകിയ ഒരുപാട് ആത്മവിശ്വാസമുണ്ട്. പലവിധ വിദ്വേഷങ്ങൾ പ്രചരിക്കുന്ന സമയത്ത് അർജുനും മനാഫും ജ്യേഷ്ഠന്മാരെ പോലെ ജീവിക്കുന്നത് സമൂഹത്തിന് നൽകുന്നത് വലിയൊരു സന്ദേശമാണ്. മൃതദേഹം ലഭിക്കാൻ ഒരുപാട് പേർ പ്രവർത്തിച്ചിട്ടുണ്ട്. കർണാടക സർക്കാർ, കാർവാർ എംഎൽഎ സതീഷ് സെയിൽ, മഞ്ചേശ്വരം എംഎൽഎ, ഈശ്വർ മാൽപെ അങ്ങനെ നിരവധി പേർ. നമ്മുടെ കാത്തിരിപ്പിനുള്ള വിരാമം മാത്രമാണിത്’. – യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു.

ആർഎംപി നേതാവ് കെ കെ രമയുടെ പ്രതികരണം, ’72 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് മൃതദേഹം കിട്ടുന്നത്. ആ കുടുംബത്തിന് ചെറുതായെങ്കിലും ഒരു ആശ്വാസം എന്ന് മാത്രമേ ഇത് പറയാനാകൂ. ഓരോ വീട്ടിലെയും അം​ഗത്തെ പോലെയായി അർജുൻ മാറിയിട്ടുണ്ട്. ജീവനോടെ കിട്ടുമെന്നാണ് പ്രതീക്ഷിച്ചത്. അതുണ്ടായില്ലെന്ന ദുഖമുണ്ട്.’

ആയിരങ്ങളുടെ അനു​ഗ്രഹവും പ്രാർത്ഥനയും അർജുനൊപ്പമുണ്ടെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചു.

‘മരിച്ചു എന്ന് ഊഹിക്കാൻ പറ്റില്ലല്ലോ ഒരു അമ്മയ്ക്ക്. അത് അറിയണ്ടേ.. നമ്മൾ ഇത്രയൊക്കെ കഷ്ടപ്പെടുന്നത് എന്തിനാണെന്ന് എല്ലാവരും ചോദിച്ചേക്കാം. പെറ്റവയറിന്റെ പതപ്പുണ്ടല്ലോ.. അത് അവർക്ക് അറിയില്ലല്ലോ.. മകൻ മിസ്സിങ് ആണെന്ന് പറയുമ്പോൾ അതൊരു കാത്തിരിപ്പാണ്. ഇപ്പൊ ഒരു ഉറപ്പായല്ലോ. ആ മനസ് അറിയുമ്പോഴേ നമുക്ക് മനസിലാകൂ എന്തിനാ നമ്മൾ ഇത്ര കഷ്ടപ്പെട്ടതെന്ന്. മനാഫിന്റെ കാത്തിരിപ്പും കാണാതിരിക്കാൻ സാധിക്കില്ല. മനുഷ്യത്വത്തിന്റെയൊക്കെ മറ്റൊരു രൂപമാണത്. ലോകത്തിന് മനസിലായല്ലോ ഇങ്ങനെയും ചില ബന്ധങ്ങളുണ്ടെന്ന്’. – ബീന ഫിലിപ്പ് കോഴിക്കോട് മേയർ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments