വിവിധ എടിഎമ്മുകളില്‍ നിന്ന് പണം മോഷിടിച്ച് അതിവിദഗ്ധമായി കടന്ന സംഘം തമിഴ്‌നാട്ടിലെ നാമക്കലില്‍ വെച്ചാണ് പൊലീസിന്റെ പിടിയിലായത്. റോഡ് അപകടവുമായി ബന്ധപ്പെട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘത്തെ അതിസാഹസികമായി പൊലീസ് പിടികൂടുകയായിരുന്നു. ഏറ്റുമുട്ടലിനൊടുവിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ഇതിനിടെ വെടിയേറ്റ പ്രതികളിലൊരാള്‍ മരിക്കുകയും പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
കൃത്യമായ പ്ലാനിങ്ങോടെയായിരുന്നു പ്രതികളുടെ കവര്‍ച്ച. കവര്‍ച്ചയ്ക്ക് ശേഷം രക്ഷപ്പെട്ട പ്രതികള്‍ ഷൊര്‍ണൂര്‍ ഒറ്റപ്പാലം വഴി പാലക്കാടേക്കും അതിര്‍ത്തി കടന്ന് തമിഴ്‌നാട്ടിലേക്കും സഞ്ചരിച്ചു. ഇതിനിടെ കൃത്യത്തിന് ഉപയോഗിച്ച വാഹനം കണ്ടെയ്‌നറിലേക്ക് മാറ്റുകയും ചെയ്തു.
നാമക്കല്‍ ഭാഗത്തുവെച്ചാണ് ലോറി മറ്റ് വാഹനങ്ങളില്‍ ഇടിച്ച് അപകടമുണ്ടാകുന്നത്. അതിവേഗത്തില്‍ സഞ്ചരിച്ച കണ്ടെയ്‌നര്‍ ലോറി അപകടമുണ്ടാക്കുകയായിരുന്നു. തുടര്‍ന്ന് നിര്‍ത്താതെ പോയ ലോറി വീണ്ടും വാഹനങ്ങളില്‍ ഇടിച്ചു. ഇതോടെ ലോറി പൊലീസിന്റെ നിരീക്ഷണത്തിലായി. സിനിമയെ വെല്ലുന്ന ചേസിങും ഏറ്റുമുട്ടലുമാണ് പിന്നീട് നടന്നത്. പൊലീസ് ജീപ്പിലും ഇരുചക്രവാഹനങ്ങളിലുമായി ലോറിയെ പിന്തുടരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നാമക്കലില്‍ വെച്ച് പൊലീസും പ്രതികളുമായി ഏറ്റുമുട്ടലുണ്ടായി. ഇതിനിടെയാണ് പ്രതികളിലൊരാള്‍ പൊലീസിന് നേരെ കത്തി വീശുന്നതും ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേല്‍പ്പിക്കുന്നതും. പിന്നാലെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു.
പ്രതികളെ പിടികൂടി ചോദ്യം ചെയ്തതിലൂടെയാണ് തൃശൂരിലെ എടിഎം കവര്‍ച്ച നടത്തിയ സംഘമാണിതെന്ന് വ്യക്തമായത്. ലോറി പരിശോധിച്ചപ്പോള്‍ കവര്‍ച്ചയ്ക്ക് ഉപയോഗിച്ച കാറും ഉള്ളില്‍ നിന്ന് കണ്ടെത്തി. കണ്ടെയ്‌നറില്‍ കെട്ടുകെട്ടുകളായാണ് പണം കണ്ടെത്തിയതെന്നാണ് വിവരം. സംഘത്തിന്റെ കയ്യില്‍ തോക്കുള്‍പ്പടെയുള്ള ആയുധങ്ങളുമുണ്ടായിരുന്നു. തൃശൂരില്‍ നിന്ന് കവര്‍ന്ന 65 ലക്ഷത്തോളം രൂപയും കണ്ടെത്തിയിട്ടുണ്ട്.
ഹരിയാന സ്വദേശികളാണ് പിടിയിലായ പ്രതികള്‍. പ്രതികള്‍ മുമ്പും സമാന കുറ്റകൃത്യം നടത്തിയിട്ടുണ്ടെന്നാണ് വിവരം. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ സംസ്ഥാനത്തിനകത്തും പുറത്തുമായുള്ള നിരവധി കേസുകളുടെ തുമ്പ് ലഭിച്ചേക്കുമെന്നാണ് കണക്കുകൂട്ടല്‍. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം മെഷീന്‍ തകര്‍ത്ത് പണം കൊള്ളയടിക്കുന്നതാണ് ഇവരുടെ പതിവ്. കണ്ടെയ്‌നറില്‍ തന്നെയാണ് പ്രതികള്‍ രക്ഷപ്പെടാറുള്ളതെന്നും പൊലീസ് പറയുന്നു.
കൃത്യമായ പ്ലാനിങ്ങോടെ തൃശൂരിലെ കവര്‍ച്ച
പുലര്‍ച്ചെ 2.10നാണ് സംഘം തൃശൂരില്‍ ആദ്യകവര്‍ച്ച നടത്തുന്നത്. പിന്നീട് 3.10ന് രണ്ടാം കവര്‍ച്ചയും നടത്തി. മൂന്നാമത് കോലാഴിയിലും കവര്‍ച്ച നടത്തിയ സംഘം ടോളുകളിലോ സിസിടിവികളിലോ പെടാതെയാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. കോലാഴിയില്‍ എടിഎം കൗണ്ടറില്‍ കവര്‍ച്ച നടത്തിയ പ്രതികള്‍ തിരിച്ച് മൂന്ന് കിലോമീറ്ററോളം യാത്ര ചെയ്ത് പൊലീസ് അക്കാദമിക്ക് മുന്‍പിലൂടെയാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. മണ്ണുത്തി ഹൈവേയിലേക്ക് കടന്ന ശേഷം കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് കയറ്റുകയുമായിരുന്നു.
മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എടിഎം തകര്‍ത്തത്. 65 ലക്ഷം രൂപയോളമാണ് മൂന്ന് എടിഎമ്മുകളില്‍നിന്നായി നഷ്ടപ്പെട്ടത്. 20 കിലോമീറ്ററിന് ഉള്ളിലുള്ള മൂന്ന് എസ്ബിഐ എടിഎമ്മുകളിലാണ് കവര്‍ച്ച നടന്നത്. മാപ്രാണത്തുനിന്നും മുപ്പത് ലക്ഷം, ഷോര്‍ണൂര്‍ റോഡിലെ എടിഎമ്മില്‍ നിന്ന് ഒമ്പതര ലക്ഷം, കോലൊഴി എടിഎമ്മില്‍ നിന്ന് 25 ലക്ഷം എന്നിങ്ങനെയാണ് നഷ്ടപ്പെട്ടത്.