വരന്തരപ്പിള്ളി: ആമ്പല്ലൂർ ചിമ്മിനി ഡാം റോഡിലെ പള്ളിക്കുന്ന് മുതൽ പുലിക്കണ്ണി വരെയുള്ള ഭാഗത്ത് പലയിടത്തും റോഡുകൾ തകർന്നു. പള്ളിക്കുന്ന് മുതൽ വരന്തരപ്പിള്ളി വരെയുള്ള റോഡിലാണ് തകർച്ച കൂടുതലും. പലയിടത്തും വാഹനങ്ങൾക്കു സഞ്ചരിക്കാൻ വലിയ ബുദ്ധിമുട്ടാണ്. സ്‌കൂളുകൾ, പെട്രോൾ പമ്പ്, വ്യാപാര കേന്ദ്രങ്ങൾ എന്നിവയ്ക്കു സമീപമുള്ള റോഡിനാണ് ഈ ദുരവസ്‌ഥ കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് പുനർനിർമാണം അനിശ്ചിതത്വത്തിലായ ഭാഗമാണിത്. റോഡ് വീതികൂട്ടലും സ്‌ഥലം ഏറ്റെടുക്കലും സമയബന്ധിതമായി പൂർത്തിയാക്കാത്തതാണ് റോഡ് നിർമാണം അനിശ്ചിതത്വത്തിലാകാൻ കാരണം പലതവണ പണം അനുവദിച്ചെങ്കിലും ഈ ഭാഗത്തെ നിർമാണം നടത്താനായില്ല.
ആമ്പല്ലൂർ മുതൽ പള്ളിക്കുന്ന് വരെയും പാലപ്പിള്ളി മുതൽ ചിമ്മിനി വരെയും റോഡ് നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്. വരന്തരപ്പിള്ളി അങ്ങാടി ഉൾപ്പെടുന്ന പ്രധാന ഭാഗമാണു നിർമാണം പൂർത്തിയാക്കാനുള്ളത്. പുതിയ റോഡ് വരുമെന്നതിനാൽ പഴയ റോഡിൽ കാര്യമായ അറ്റകുറ്റപ്പണികളും നടത്തുന്നില്ല. ഇതാണു യാത്രക്കാരുടെ നട്ടെല്ല് ഒടിക്കുന്ന റോഡാക്കി ഇവിടെ മാറ്റിയത്. തടസ്സങ്ങൾ നീക്കി റോഡ് യാത്ര സുഗമമാക്കാൻ നടപടി വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.