നടൻ ജയസൂര്യക്കെതിരായ പീഡനക്കേസിൽ നടൻ ഉടൻ കേരളത്തിലേക്കില്ല. അറസ്റ്റ് ചെയ്യപ്പെടുമെന്ന ഭയം പങ്കുവെച്ചുവെന്ന് സുഹൃത്തുക്കൾ അറിയിച്ചു. നിലവിൽ ജയസൂര്യ ന്യൂയോർക്കിൽ ആണ് ഉള്ളത്. അദ്ദേഹം ഉടൻ നാട്ടിലേക്ക് മടങ്ങില്ല. മുൻകൂർ ജാമ്യാപേക്ഷയ്ക്ക് ശ്രമം നടത്തും. ഹൈക്കോടതിയുടെ തീരുമാനം ഉണ്ടാകുന്നത് വരെ ജയസൂര്യ വിദേശത്ത് തുടരും.
നടന്റെ അടുത്ത സുഹൃത്തുക്കളാണ് വിവരം അറിയിച്ചത്. കഴിഞ്ഞ ദിവസം സുഹൃത്തുക്കൾ ബന്ധപ്പെട്ടിരുന്നു നാട്ടിലെത്തിയാൽ അറസ്റ്റ് ചെയ്യുമെന്നും ജയിലിൽ പോകേണ്ടിവരുമെന്നുമുള്ള പേടി ജയസൂര്യക്ക് ഉണ്ട്. ഇത് തന്നെയാണ് വിദേശത്ത് തുടരാൻ പ്രേരിപ്പിക്കുന്നത്. ദുബായിൽ എത്തിയാലും നാട്ടിലേക്കില്ലെന്നാണ് ജയസൂര്യ അറിയിച്ചതെന്ന് സുഹൃത്തുക്കൾ പറഞ്ഞു. പരാതിയിൽ ഹൈക്കോടതി തീരുമാനം അനുസരിച്ചായിരിക്കും ജയസൂര്യ നാട്ടിലെത്തുക.
അതേസമയം നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിൽ നടൻ ജയസൂര്യക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ജയസൂര്യക്ക് എതിരെ കേസെടുത്തത്. സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയതിന് ഐ പി സി 354, 354 A, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രിത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്.