ശിവശങ്കരൻ കരവിൽ
ഒരു സിനിമ ഇറങ്ങിക്കഴിഞ്ഞാൽ പുതിയ രീതികൾ എന്തെന്ത് എന്നൊക്കെ നോക്കിയാണ് ഞാനിപ്പോൾ തിയറ്ററിൽ പോകാറുള്ളത്.
ടർബോയും തലവനും ഗർർ…. ഉം ഒക്കെ കണ്ടിരിക്കുമ്പോഴാണ് കുറേ കാലശേഷം അമിതാഭ് ബച്ചനും പ്രഭാസും പേരിനെങ്കിലും രാജമൗലിയും നിറഞ്ഞാടുന്ന പുരാണവർത്തമാന ശാസ്ത്രബന്ധിയായി ചിത്രീകരിച്ച കൽക്കി എന്ന സിനിമ വരുന്നത്.അതു കൊണ്ടു തന്നെ ഒരു മിത്ത് എന്നോ പുരാണപരിപ്രേഷ്യമെന്നോ ചരിത്രനിർമ്മിതിയെന്നോ ആക്ഷൻ ത്രില്ലറെന്നോ കരുതി തയ്യാറെടുത്ത് പോയതാണ് കൽക്കി എന്ന ബ്രഹ്മാണ്ഡചിത്രം കാണാൻ.
എന്നാൽ ധാരണകൾ കീഴ്മേൽ മറിയുന്ന വിധത്തിലാണ് സിനിമ ആസ്വാദകരുടെ മുന്നിലേക്ക് വരുന്നത്.എപ്പോഴെല്ലാം ധർമ്മത്തിന് നാശം സംഭവിക്കുന്നുവോ അപ്പോഴെല്ലാം അത് പുന:സ്ഥാപിക്കുന്നതിന് ഭഗവാൻ അവതരിക്കുമെന്ന് ഭഗവദ് ഗീത പറയുന്നുണ്ട്.
അഥവാ ശ്രീകൃഷ്ണൻ അങ്ങനെ നമ്മെ ഉദ്ബോധിപ്പിക്കുന്നുണ്ട്.
കലിയുഗത്തിൽ അങ്ങനെ പറഞ്ഞപോലൊക്കെ വരികയും നാടാകെ ഇരുൾ നിറയുകയും ചെയ്തപ്പോൾ ഭഗവാൻ വരുന്നതും കാത്ത് ഏതാനും മനുഷ്യരും ലോകവും കണ്ണുനട്ടിരിക്കുന്ന ഒരു അവസ്ഥയാണ് കൽക്കി 2898 എ ഡി എന്ന സിനിമ.
മഹാഭാരതത്തിന്റെ പശ്ചാത്തലത്തില്‍ അശ്വത്ഥാമാവിന്റെ ശാപവുമായി ബന്ധപ്പെട്ട് സഹസ്രാബ്ദങ്ങള്‍ക്ക് ശേഷം 2898 ലാണ് കാശിയില്‍ ഈ കഥ നടക്കുന്നത്. ലോകത്ത് പാപം വര്‍ദ്ധിക്കുക മാത്രമല്ല ഹിമാലയത്തിലെ മഞ്ഞുരുകിത്തീര്‍ന്ന് ഗംഗാ നദി വറ്റിപ്പോയിട്ടുണ്ട് എന്നുകൂടി അറിയണം നമ്മൾ.
സംബാലയും അമ്മയും കോംപ്ലക്സും സുപ്രീമും എല്ലാം സൃഷ്ടിക്കുന്ന മാന്ത്രിക ലോകം.ശോഭനയുടെ അമ്മ അസ്സലായി എന്ന് ആദ്യമേ പറയട്ടെ.
ഇനിയും കഥയിലേക്ക് പോവാം.
എവിടേയും ഒരു തുള്ളി വെള്ളം കിട്ടാനില്ല. ഒരല്‍പ്പമെങ്കിലും എന്തെങ്കിലുമൊക്കെ ബാക്കിയുള്ളത് കാശിയില്‍ മാത്രമാണ്. അതുപോലും കടുത്ത അധര്‍മ്മമായാണ് ഇപ്പോഴുള്ളവര്‍ക്ക് തോന്നുക.
പല ജന്മങ്ങള്‍ക്കുള്ള മോക്ഷം കൂടിയായായാണ് കലിയുഗാന്ത്യത്തിലെ കല്‍ക്കിയുടെ ജന്മത്തെ കാണുന്നത്. മഹാവിഷ്ണുവിന്റെ പത്താമത്തേതും ഒടുക്കത്തേതുമായ അവതാരത്തിന് വേണ്ടി കാശിയില്‍ നിന്നും ദൂരെ ശംഭാല.
അവിടെ ഒരു കൂട്ടമാളുകൾ കാത്തിരിക്കുകയാണ്.

കാശി ഭരിക്കുന്ന ‘സുപ്രീം’ പവറിനെ അധികമാര്‍ക്കും കാണാനാവില്ല. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും കാശി അന്വേഷിച്ചാണ് ആളുകള്‍ പല വാഹനങ്ങളില്‍ എത്തിച്ചേരുന്നത്. വിമാനം പോലെ പറക്കുന്ന ആധുനിക സാങ്കേതിക മികവുള്ള വാഹനങ്ങള്‍, ഭൂമിയിലും ആകാശത്തും സൗകര്യത്തിനനുസരിച്ചും സാഹചര്യം നോക്കിയും തരാതരം പോലെ ഇത്തരം വാഹനങ്ങളില്‍ സഞ്ചരിക്കാനാവും.ശബ്ദമിശ്രണവും പരിസരക്കാഴ്ച്ചകളും തകർത്തു എന്നു പറയാതെ വയ്യ.
ഇവിടെ കാശല്ല പോയിന്റാണ് എല്ലാറ്റിന്റേയും അടിസ്ഥാനം. പരമാവധി പോയിന്റുകള്‍ സമ്പാദിക്കുകയെന്നതാണ് എല്ലാവരുടേയും ലക്ഷ്യം. അതിനായി എന്ത് വഴിയും സ്വീകരിക്കുകയും ചെയ്യും. മരിക്കാന്‍ കിടക്കുന്ന ഒരാള്‍ക്ക് പോലും സൗജന്യമായി വെള്ളം കൊടുക്കില്ല ആരും. വെള്ളം അത്രയും അമൂല്യമാണെന്നത് മാത്രമല്ല എല്ലാറ്റിനും പോയിന്റുണ്ടെന്നതു കൂടിയാണ് അതിന്റെ കാര്യം.ബാറ്ററി ചാർജ് പോലും കൗതുകം ജനിപ്പിക്കുന്ന വിധം കൈകാര്യം ചെയ്യുന്നു.
ഇതിനെല്ലാമിടയില്‍ നേരിയ പ്രതീക്ഷാകിരണങ്ങൾ പോലെ നന്മ സൂക്ഷിക്കുന്ന മനുഷ്യരുമുണ്ടെന്നതാണ് കൗതുകകരമായ വസ്തുത.
വാഹനങ്ങളും ആയുധങ്ങളും വസ്ത്രങ്ങളും ഉപകരണങ്ങളും പട്ടണവുമെല്ലാം വളരെ വ്യത്യസ്തമാണ്. നവീന സങ്കേത നിർമ്മിതിയാണ്.
ഇപ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്തത്രയും വ്യത്യസ്തമായവ. പ്രത്യേക
പ്രകാശരശ്മികള്‍ പുറപ്പെടുവിച്ച് അന്തരീക്ഷത്തില്‍ അവര്‍ക്ക് പലതും ചെയ്യേണ്ടതുണ്ട്. അതിന് തയ്യാറെടുക്കേണ്ടതുണ്ട്.അവരെ അടക്കി ഭരിക്കുന്ന സുപ്രീം പവര്‍ അജയ്യനാണ്. അയാളാണ് ലോകം കീഴടക്കിയിരിക്കുന്നതും കാര്യങ്ങള്‍ തീരുമാനിക്കുന്നതും.വൈവിധ്യമാർന്ന പശ്ചാത്തലത്തിൽ ഇതിന്റെ ഒരുക്കം തന്നെ പ്രേക്ഷകരെ പിടിച്ചിരുത്തുന്നു.
കല്‍ക്കി 2898 എ ഡി എന്ന സിനിമ 600 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമാണ്. അത്രയും ചെലവഴിച്ചത് മുഴുവന്‍ സമയവും
വെള്ളിത്തിരയില്‍ പ്രേക്ഷകര്‍ക്ക് അനുഭവിക്കാനാവുന്നു എന്നത് എടുത്തു പറയണം.
ഹൈദരബാദിലെ റാമോജി ഫിലിം സിറ്റിയില്‍ ഫ്യൂച്ചറിസ്റ്റിക്ക് സെറ്റില്‍ പൂര്‍ണ്ണമായും സജ്ജീകരിച്ച കല്‍ക്കി പ്രേക്ഷകര്‍ക്ക് മികവുറ്റ കാഴ്ച്ചാനുഭവമാണ് പ്രദാനം ചെയ്യുന്നത്. മറ്റൊരു ലോകത്ത് എന്ന പ്രതീതിയിൽ ത്രിഡി അനുഭവം സമ്മാനിക്കുന്ന കല്‍ക്കിയുടെ യുദ്ധരംഗങ്ങളില്‍ ഉള്‍പ്പെടെ പ്രേക്ഷകരെ തേടിയെത്തുന്ന ഞെട്ടിക്കുന്നതോ ഭയപ്പെടുത്തുന്നതോ ആയ ത്രിഡി എഫക്ടുകളൊന്നും സമ്മാനിക്കുന്നില്ലെങ്കിലും ഡിജിറ്റൽ സംവിധാനം കൊണ്ടു രൂപപ്പെടുന്ന രംഗങ്ങള്‍ അതിന്റെ കോണളവിന്റെ വ്യാപ്തിയില്‍ കാണാന്‍ പ്രേക്ഷകരെ നല്ല രീതിയിൽ സഹായിക്കുന്നുണ്ട്.
ക്രിസ്തുവിന് മുമ്പ് 3101 മുതല്‍ ക്രിസ്തുവിന് ശേഷം 2898 വരെയുള്ള നീണ്ട ആറായിരം വര്‍ഷങ്ങളാണ് അഭ്രപാളിയിൽ നമ്മുടെ കണ്ണുകളിലൂടെ മിന്നി മറയുന്നത്. മഹാഭാരതയുദ്ധത്തില്‍ തുടങ്ങി ഏറ്റവും ആധുനികമായ സന്നാഹങ്ങള്‍ സന്നിവേശിച്ചുള്ള യുദ്ധത്തിലാണ് സിനിമ പര്യവസാനിക്കുന്നത്.ഇവിടെയാണ് ചിത്രം മനസ്സിൽ ചേക്കേറുന്നതും.
അമിതാഭ് ബച്ചന്റെ അശ്വത്ഥാമാവിനും പ്രഭാസിന്റെ ഭൈരവയ്ക്കും ഒന്നിച്ചുള്ള ഒത്തിരി രംഗങ്ങളുണ്ടെങ്കിലും കമലഹാസന്റെ കലി എന്ന സുപ്രിം പവറിനും ദുല്‍ഖര്‍ സല്‍മാന്റെ പൈലറ്റിനും ചലച്ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുമായുള്ള രംഗങ്ങളേയില്ല എന്നതും ഏറെ കൗതുകമുണർത്തുന്ന ഒന്നാണ്.

കല്‍ക്കി അവതാരത്തിന്റെ കഥ തുടരുമെന്നൊരു സൂചന രണ്ടാം ഭാഗമുണ്ടായേക്കാമെന്ന നേരിയ ഒരു പ്രതീക്ഷ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നുണ്ടെങ്കിലും കഥയുടെ അവസാനം പോലും അത്തരമൊരു
സാധ്യതകളിലേക്കൊന്നും വിരല്‍ ചൂണ്ടുന്നില്ല. അടുത്ത ഭാഗം വരുമെന്ന സൂചനയില്‍ സിനിമ തീരുമ്പോൾ പ്രേക്ഷകർ അതിന് കത്തിരുന്നേ മതിയാവൂ.അത് നിഗമനം മാത്രമായി മാറുകയും ആവാം.
വിദൂര ഭാവികാലത്തെയും മഹാഭാരത കഥയേയും തമ്മില്‍ കൂട്ടിയിണക്കാനാണ് ദാർശനിക പരിവേഷം നൽകി ഒന്നാം പാതി പ്രധാനമായും ഊന്നിയിരിക്കുന്നത്. എന്നാല്‍ രണ്ടാം പകുതിയിൽ പൂര്‍ണമായും കല്‍ക്കി യുഗത്തിലേക്ക് കാഴ്ചക്കാരെ കൊണ്ടുവന്നിട്ടുമുണ്ട്.കാലത്തിന്റെ ചേർത്തെഴുത്ത് ഒട്ടും തനിമ ചോരാതെ പറയുന്നുമുണ്ട് ഇതിൽ.
പ്രഭാസിന്റെ ഭൈരവന്‍ ഒരേ സമയം ഭാരമില്ലാത്ത കഥാപാത്രമെന്ന് തോന്നിക്കുകയും വലിയ ഭാരം ചുമക്കുകയും ചെയ്യുമ്പാൾ അമിതാബ് ബച്ചന്റെ അശ്വത്ഥാമാവ് സമാനതകളില്ലാത്ത പ്രകടനമാണ് കാഴ്ചവെക്കുന്നത്. അദ്ദേഹം അടുത്ത കാലത്ത് ചെയ്ത തിളക്കമാർന്ന റോളും ഒരുപക്ഷേ ഇതായിരിക്കും. രണ്ടാം പകുതിയുടെ ആദ്യഭാഗങ്ങളില്‍ കടന്നുവരുന്ന അന്നാബെന്നിന്റെ ഖൈറ എന്ന വേഷം പ്രേക്ഷകമനസ്സിൽ മായാതെ നിൽക്കും.ഒത്തിരി ഒതുക്കമുണ്ട് ഈ കഥാപാത്രത്തിന്.

അന്നയുടേതായി മലയാളസിനിമയിൽ ഇന്നേവരെ കാണാത്തതും ഇനി കാണാന്‍ സാധ്യതയില്ലാത്തതുമായ കഥാപാത്രമായിട്ടുണ്ട് ഖൈറ. കലിയുഗത്തില്‍ നന്മയുടെ വരവിനായി തയ്യാറെടുക്കുകയും പോരാടുകയും ചെയ്യുന്ന ഖൈറ ഒരു റിബലായാണ് നമ്മുടെ മുന്നിൽ വരുന്നത്. മികച്ച സംഘട്ടന രംഗം ഉള്‍പ്പെടെ അന്നയുടെ ഖൈറയ്ക്കായി ഒരു സംഘർഷ പരിസരം കൂടി ഒരുക്കിയിട്ടുമുണ്ട് എന്നും കാണുക.
മലയാളത്തില്‍ നിന്ന് അന്നബെന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ ഭൈരവന്റെ വളര്‍ത്തച്ഛനായി ദുല്‍ഖര്‍ സല്‍മാനും കല്‍ക്കിയുടെ പിറവിക്ക് പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറിയമായി ഗംഭീരഭാവത്തോടെ ശോഭനയും അതിഥി വേഷങ്ങളിലെത്തുന്നു.

ശോഭന ഭദ്രമായ വിധം തന്റെ ഭാഗത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചു.സിനിമയിലെ ബുജിയുടെ ശബ്ദമായി കീര്‍ത്തി സുരേഷിനേയും അറിയാനാവും.
കല്‍ക്കിക്കായി നിർമ്മിച്ച സെറ്റാണ് സിനിമയിലെ ഏറ്റവും എടുത്തു പറയേണ്ട വിശേഷം. ഭൂതവും ഭാവിയും കോര്‍ത്തിണക്കി പ്രത്യക്ഷപ്പെടുന്ന രംഗങ്ങള്‍ ക്യാമറയിലേക്ക് ഒന്നും നഷ്ടപ്പെടുത്താതെ പകര്‍ത്തിയ യോര്‍യെ സ്റ്റോയിലിയോവിക്കും ദൃശ്യങ്ങളെ അവയുടെ ജീവനില്‍ തന്നെ എഡിറ്റ് ചെയ്ത കോതഗിരി വെങ്കിടേശ്വര റാവുവുംസിനിമയുടെ ആത്മാവറിഞ്ഞ് സംഗീതം നല്‍കിയ സന്തോഷ് നാരായണനും അത്യന്തം ഉയർന്ന കീർത്തി അര്‍ഹിക്കുന്നുണ്ട്.

ദുല്‍ഖര്‍ സല്‍മാനേയും കീര്‍ത്തി സുരേഷിനേയും പ്രധാന കഥാപാത്രങ്ങളാക്കി അവതരിപ്പിച്ച് നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയ സംവിധായകന്‍ നാഗ് അശ്വിന്‍ കല്‍ക്കി മനോഹരമാക്കിയിരിക്കുന്നു.
ആൾ തന്നെയാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നുത്.
വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്തും പ്രിയങ്ക ദത്തും സ്വപ്‌ന ദത്തും ചേര്‍ന്നു നിർമ്മിച്ച കല്‍ക്കി 2898 എ ഡി അടുത്ത കാലത്ത് പ്രേക്ഷകരുടെ മുന്നിലേക്കെത്തിയ അതിമനോഹരമായ ദൃശ്യവിരുന്നാണ്.
ശബ്ദമിശ്രണം, മ്യൂസിക്, ചമയം, സംഭാഷണം, സാങ്കേതിക മികവ്, ശാസ്ത്രവും പുരാണവും വർത്തമാനകാല സാമൂഹ്യ പരിസരവും ഇത്രമാത്രം സമന്വയിപ്പിച്ച ഒരു ചിത്രാനുഭവം വിരളമായിരിക്കും. അത്രയും ഈടുറ്റ ഒരു ഫീൽ അഭ്രപാളിയിൽ നിന്നും പ്രേക്ഷകർക്ക് കിട്ടും.
അമിതാബ് ബച്ചൻ ചെയ്ത എക്കാലത്തെയും മികച്ച ഒരു കഥാപാത്രം അശ്വത്ഥാമാവ് പറയാൻ വാക്കുകളില്ല. ചെറിയ റോളിൽ ആണെങ്കിലും ചിത്രത്തിൽ രാജമൗലിയും ഒരു വേഷത്തിൽ വരുന്നുണ്ട്.
ഏതായാലും പ്രേക്ഷകർ നിശ്ചയമായും കാണേണ്ട നല്ലൊരു സിനിമ തന്നെയാണ് കൽക്കി എന്ന കാര്യത്തിൽ തർക്കമില്ല.
– ശിവശങ്കരൻ കരവിൽ